ചാക്കോച്ചന്റെ വാശിയുടെ കാരണമറിഞ്ഞപ്പോൾ വിഷമമായി; ഇന്ദ്രജിത്തിന്റെ പരാതിയും; തുറന്ന് പറഞ്ഞ് ലാൽ ജോസ്
മലയാള സിനിമാ രംഗത്ത് ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച ലാൽ ജോസ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകനാണ്. കമലിന്റെ സഹസംവിധായകനിൽ നിന്നും സ്വതന്ത്ര സംവിധായകനായുള്ള ലാൽ ജോസിന്റെ വളർച്ച ഏവരും കണ്ടതാണ്. മീശമാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി ലാൽ ജോസ് മാറുന്നത്. ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ തുടങ്ങി ശ്രദ്ധേയമായ സിനിമകളുടെ ഒരു നിര തന്നെ ലാൽ ജോസിനുണ്ട്.

സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ക്യാമറമാൻ കള്ളം പറഞ്ഞ് സിനിമയിൽ നിന്ന് പിൻമാറിയതിന് പുറമെ കുഞ്ചാക്കോ ബോബന്റെ ആവശ്യവും ഇന്ദ്രജിത്തിന്റെ പരാതിയും തന്നെ ബാധിച്ചിരുന്നെന്ന് ലാൽ ജോസ് തുറന്ന് പറഞ്ഞു. എൽസമ്മയിൽ അഭിനയിക്കാൻ ചാക്കോച്ചൻ വന്ന സമയത്ത് മറ്റൊരു സിനിമ വന്നു, ഈ സിനിമയുള്ളതിനാൽ ചെയ്യുന്നില്ലെന്ന് പറഞ്ഞ് ചാക്കോച്ചൻ ഒഴിവാകാൻ നോക്കി. ഞാൻ നിർബന്ധിച്ചിട്ടാണ് ആ സിനിമ നടൻ കമ്മിറ്റ് ചെയ്യുന്നത്.
പക്ഷെ എൽസ്സമ്മയുടെ ക്ലെെമാക്സ് എടുക്കേണ്ട സമയത്ത് ആ സിനിമയ്ക്കായി വിദേശത്ത് പോകണമെന്ന് ചാക്കോച്ചൻ പറഞ്ഞു. അദ്ദേഹം വാശിപിടിച്ചു. പക്ഷെ തന്റെ സിനിമയുടെ റിലീസ് അടക്കം പ്ലാൻ ചെയ്തതാണ്. അവിടത്തെ എക്സിക്യൂട്ടീവ് വഴി അന്വേഷിച്ചപ്പോൾ ചാക്കോച്ചന് ആദ്യത്തെ ദിവസങ്ങളിലൊന്നും ഷൂട്ടിംഗ് ഇല്ല. എല്ലാവരും ഒരുമിച്ചുള്ള യാത്ര എൻജോയ് ചെയ്യാൻ വേണ്ടിയാണെന്ന് അറിഞ്ഞതോടെ എനിക്ക് വിഷമമായി.

ഞാൻ സംവിധായകന്റെ അധികാരം എടുത്തു. കഴിയാതെ പോകാൻ പറ്റില്ല, ഒരു ദിവസം കൂടിയേ ഉള്ളൂ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് പറഞ്ഞു. കടുപ്പിച്ച് പറയേണ്ടി വന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് വിട്ടതെന്നും ലാൽ ജോസ് ഓർത്തു. എൽസമ്മയിൽ അഭിനയിച്ച നടൻ ഇന്ദ്രജിത്തിന്റെ പരാതിയെക്കുറിച്ചും ലാൽ ജോസ് തുറന്ന് പറഞ്ഞു.
ഇന്ദ്രജിത്തും ചാക്കോച്ചനുമാണ് അതിലെ പ്രധാന പുരുഷ വേഷങ്ങൾ. ഇന്ദ്രനും ചാക്കോച്ചനും ഒരേപോലെയാണ് പോസ്റ്ററുകളിൽ പ്രാധാന്യം കൊടുത്തത്. സിനിമ സക്സസായി എല്ലാവരും ഹാപ്പിയായിരിക്കുമ്പോൾ ഇന്ദ്രജിത്ത് വിളിച്ച് പറഞ്ഞു, ചേട്ടാ ഈ സിനിമ കൊണ്ട് എനിക്ക് യാതൊരു ഗുണവും ഇല്ലെന്ന്. നിനക്ക് ഗുണമുണ്ടാകുക എന്ന് വിചാരിച്ചല്ല സിനിമ ചെയ്തത്. സിനിമ വിജയിക്കണം, നിർമാതാവിന് ഗുണം ഉണ്ടാകണം എന്ന് വിചാരിച്ചാണ് ചെയ്തത്. അതിന്റെ ലക്ഷ്യം കണ്ടു.
നിനക്ക് മാത്രമായിട്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് തോന്നുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഞാൻ പറഞ്ഞു. വിജയിച്ചിട്ടും സന്തോഷം അനുഭവിക്കാൻ പറ്റാതെ പോയ സിനിമയായിരുന്നു എൽസമ്മ എന്ന ആൺകുട്ടിയെന്ന് ലാൽ ജോസ് ഓർത്തു. ആൻ അഗസ്റ്റിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു എൽസമ്മ എന്ന ആൺകുട്ടി. പിന്നീട് ലാൽ ജോസിന്റെ നീന എന്ന സിനിമയിലും ആൻ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications