ലാല്‍ ജോസിന്റെ 25-ാമത് സിനിമ! മലയാളത്തിലെ സീനിയര്‍ ക്യാമറമാന്‍ എസ് കുമാറിനെ പരിചയപ്പെടുത്തി വീഡിയോ
മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തുന്ന 25-ാമത് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് നാല്‍പ്പത്തിയൊന്ന് എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ചൊരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം കണ്ണൂരില്‍ നിന്നും തെക്കന്‍ ജില്ലയിലേക്കുള്ള ഒരു യാത്രയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് നായിക. സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എസ്.കുമാറാണ്. മലയാളത്തിലെ ഏറ്റവും സീനിയറായ ക്യാമറമാന്‍ ആണ് എസ് കുമാര്‍. അദ്ദേഹമറിയാതെ എടുത്ത വീഡിയോയിലൂടെ എസ് കുമാറിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ലാല്‍ ജോസ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് വീഡിയോയിലാണ് ലാല്‍ ജോസ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്..
എന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമ നാല്‍പ്പത്തിയൊന്നിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ്ങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയര്‍ ക്യാമറാമാന്‍ എസ്.കുമാറാണ് ഇക്കുറിയും ക്യാമറ. നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിങ്ങിനിടെ ഞങ്ങള്‍ ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തി. കുമാര്‍ജിയെ കുറിച്ചുള്ള ആ വീഡിയോ ഇതാ.. നാല്‍പ്പത്തിയൊന്ന്
പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമ കണ്ട് കണ്ട് കണ്ണിലുടക്കിയ ഒരു പേരാണ് ക്യാമറ എസ് കുമാര്‍. പിന്നീട് ചിത്രം സിനിമ കണ്ടിറങ്ങുമ്പോള്‍ ആരാണ് ക്യമാറമാനെന്ന് നോക്കിയപ്പോള്‍ അതും ഈ എസ് കുമാര്‍ തന്നെ. വന്ദനം, കിലുക്കം, കിരീടം, മിഥുനം ആര്യന്‍, പരിണയം, ജോണി വാക്കര്‍ എന്നീ സിനിമകള്‍ക്കെല്ലാം ക്യമാറ ചലിപ്പിച്ചത് എസ് കുമാറായിരുന്നു. മഴയ്ത്തും മുന്‍പ് സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. ചന്ദ്രനുദിക്കുന്നി ദിക്ക്, മീശമാധവന്‍, രണ്ടാംഭാവം, പട്ടാളം, പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, എന്നീ സിനിമകളിലും. ഇപ്പോഴിതാ എന്റെ കരിയറിലെ 25-ാമത്തെ സിനിമയില്‍ എത്തി നില്‍ക്കുന്നു. 1978 ല്‍ മോഹന്‍ലാലിന്റെ ആദ്യ സിനിമ തിരനോട്ടം സിനിമയിലൂടെയാണ് എസ് കുമാര്‍ കരിയര്‍ ആരംഭിക്കുന്നത്. അന്നത്തെ അതേ കൗതുകത്തോടെയാണ് അദ്ദേഹം ഇന്നും ക്യാമറ കൈകാര്യം ചെയ്യുന്നത്. യെസ് കുമാര്‍ നിങ്ങളൊരു സംഭവമാണ്.. കുമാര സംഭവം.


Click it and Unblock the Notifications