'എനിക്ക് എന്തിന് ദേഷ്യം?, കൊള്ളാവുന്ന വേറൊരാൾ അഭിനയിച്ച് സിനിമ ഓടുകയും ചെയ്തു'; ചാക്കോച്ചനെപ്പറ്റി ലാൽ ജോസ്
മീശമാധവൻ, അയാളും ഞാനും തമ്മിൽ, ക്ലാസ്മേറ്റ്സ്, രണ്ടാം ഭാവം, അറബിക്കഥ പോലെ ഏതാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് കൂടി ആലോചിക്കേണ്ടി വരുന്ന ഫിലിമോഗ്രഫിയുള്ള സംവിധായകനാണ് ലാൽ ജോസ്. അതിൽ ഒട്ടനവധി ആരാധകരുള്ള സിനിമ ക്ലാസ്മേറ്റ്സാണ്. മലയാളത്തിൽ ഇറങ്ങിയ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്മേറ്റ്സ്.
പതിനെട്ട് വർഷം പിന്നിട്ടിട്ടും സുകുവിനേയും താരയേയും പയസിനേയും റസിയയേയും മുരളിയേയും ഒന്നും മലയാളികൾ മറന്നിട്ടില്ല. ക്ലാസിമേറ്റ്സിന്റെ കഥയും കഥാപാത്രങ്ങളും പാട്ടും സംഭാഷണങ്ങളും എല്ലാം വൻ ഹിറ്റായിരുന്നു. ചിത്രമിറങ്ങിയ ശേഷമാണ് കേരളത്തിൽ കോളേജ് റീയൂണിനുകൾ കൂടുതൽ സംഭവിച്ച് തുടങ്ങിയത്.

ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, നരേൻ തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്തത്. ക്ലാസ്മേറ്റ്സ് സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നടന്മാരിൽ ഒരാൾ കുഞ്ചാക്കോ ബോബനായിരുന്നു. എന്നാൽ ലാസ്റ്റ് മിനുട്ടിൽ താരം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിൽ നിന്നും പിന്മാറിയതുകൊണ്ട് താനും കുഞ്ചാക്കോ ബോബനും തമ്മിൽ പിണങ്ങിയെന്ന് വരെ ഒരു കാലത്ത് പലരും വിശ്വസിച്ചിരുന്നുവെന്നും ലാൽ ജോസ് പറയുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് സിനിപ്ലസ് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ പിന്നാമ്പുറ കഥകൾ ലാൽ ജോസ് വെളിപ്പെടുത്തിയത്.
ലാൽ ജോസിന് തന്നോട് പിണക്കമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പോലും വിശ്വസിച്ചിരുന്നുവെന്നും ലാൽ ജോസ് പറയുന്നു. ക്ലാസ്മേറ്റ്സിൽ അഭിനയിക്കാമെന്ന് പറഞ്ഞിട്ട് ചാക്കോച്ചൻ ലാസ്റ്റ് മിനുട്ടിൽ മാറി. ഇതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ പിണക്കമുണ്ടെന്ന് ഇന്റസ്ട്രി മുഴുവൻ വിശ്വസിച്ചിരുന്നു. മാത്രമല്ല ചാക്കോച്ചനും പ്രിയയും വിശ്വസിച്ചിരുന്നു. എനിക്ക് അവരോട് എന്തോ ദേഷ്യമുണ്ടെന്ന്. എനിക്ക് വാസ്തവത്തിൽ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല.
ഞാൻ ചോദിച്ചു അവർ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾ വേറെയാളെ വെച്ച് പടം ചെയ്തു. സിനിമ വിജയിക്കുകയും ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നെ ബെന്നി പി നായരമ്പലം വിളിച്ചു. ഒരു വേളാങ്കണ്ണി യാത്രയുണ്ടെന്ന് പറഞ്ഞു. ബെന്നിയുടെ ഫാമിലി പിന്നെ കുഞ്ചാക്കോ ബോബനും ഭാര്യയുമുണ്ട്. നിനക്കും ഭാര്യയ്ക്കും വരാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു.

സമ്മതം അറിയിച്ച് ഞങ്ങൾ ട്രിപ്പിന് പോയി. പ്രിയ എല്ലാം വെട്ടിത്തുറന്ന് ചോദിക്കുന്നയാളാണ്. അങ്ങനെ പ്രിയ എന്നോട് ചോദിച്ചു... ക്ലാസ്മേറ്റ്സിൽ അഭിനയിക്കാത്തതുകൊണ്ട് ചാക്കോച്ചനോട് ലാലു ചേട്ടന് ദേഷ്യമാണോയെന്ന്. എനിക്ക് ദേഷ്യമൊന്നുമില്ല. എനിക്ക് എന്തിനാണ് ദേഷ്യം. കൊള്ളവുന്ന വേറൊരാൾ അഭിനയിച്ചല്ലോ. സിനിമ ഓടുകയും ചെയ്തു.
പിന്നെ എന്തിനാണ് ദേഷ്യമെന്ന് ഞാനും ചോദിച്ചു. ആ സംഭാഷണം ഒരു സൗഹൃദത്തിന്റെ തുടക്കമായി എന്നാണ് ലാൽ ജോസ് പറഞ്ഞത്. വളരെ സെലക്ടീവായി മാത്രമാണ് ലാൽ ജോസ് ഇപ്പോൾ സിനിമകൾ സംവിധാനം ചെയ്യുന്നത്. അവസാനം തിയേറ്ററുകളിലെത്തിയ മ്യാവു, സോളമന്റെ തേനീച്ചകൾ എന്നിവ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്. സംവിധായകൻ റോളിൽ നിന്നും ഇടവേളയെടുത്ത് അഭിനയത്തിലാണ് ലാൽ ജോസ് ഇപ്പോൾ സജീവം.
ഒരു സർക്കാർ ഉൽപന്നം, ഇമ്പം, മന്ദാകിനി എന്നിവയാണ് അവസാനമായി ലാൽ ജോസ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. അതേസമയം കുഞ്ചാക്കോ ബോബൻ നടൻ എന്നതിലുപരി നിർമാതാവും തിളങ്ങുകയാണ്. ബോഗെയ്ൻവില്ലയാണ് അവസാനമായി റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ സിനിമ. നെഗറ്റീവ് ഷേഡുള്ള റോളിൽ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു നടന്റേത്.


Click it and Unblock the Notifications