ദിലീപിനെ തെറ്റിദ്ധരിച്ചതാണ്, ആ പ്രശ്‌നത്തില്‍ ദിലീപിനോട് രാജീവ് രവി പിണങ്ങിയെന്ന് ലാൽ ജോസ്!!
ദിലീപിന്റെ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടൊരു ചിത്രമായിരുന്നു രസികന്‍. നടി സംവൃത സുനിലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നിത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമ പൂര്‍ണ പരാജയമായി മാറിയിരുന്നു. തിയേറ്റര്‍ പ്രിന്റ് ഇരുണ്ട് പോയത് ക്യാമറയുടെ പ്രശ്‌നം കൊണ്ടാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രാജീവ് രവിയായിരുന്നു ഛായഗ്രഹണം നിര്‍വഹിച്ചിരുന്നത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ചില തെറ്റിദ്ധാരണകള്‍ രാജീവ് രവിയില്‍ ജനിക്കാന്‍ കാരണമായെന്ന് ലാല്‍ ജോസ് പറയുകയാണ്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്.
ലാബില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയേറ്റര്‍ പ്രിന്റ് ഇരുണ്ട് പോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്‌നം കാരണമാണെന്ന് ചിലര്‍ പറഞ്ഞ് പരത്തി. അതിന് തൊട്ട് മുന്‍പ് ഇറങ്ങിയ മീശ മാധവന്റെ കളര്‍ഫുള്‍ ഫ്രെയിമുകളുമായിട്ടാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തത്.

ഇന്നാണ് രസികന്‍ പുറത്തിറങ്ങിയതെങ്കില്‍ അതൊരു ന്യൂജനറേഷന്‍ ചിത്രമായേനെ എന്നും ലാല്‍ ജോസ് പറയുന്നു. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങനെ അടുത്ത ചിത്രമായ ചാന്ത്‌പൊട്ട് ആര് ചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മാതാവില്‍ നിന്ന് ശക്തമായ എതിരഭിപ്രായമുണ്ടായി. അങ്ങനെ രാജീവിനെ മാറ്റി അഴകപ്പനെ വച്ചു.
അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമായി. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയതെന്ന് രാജീവ് രവി വിചാരിച്ചു. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. സത്യങ്ങള്‍ ഞാന്‍ പോലും അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രാജീവിനെ ഛായാഗ്രഹകനാക്കി ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് അന്നേ ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ക്ലാസ്‌മേറ്റ്‌സ് ചെയ്യുന്നതെന്നും ലാല്‍ ജോസ് പറയുന്നു.


Click it and Unblock the Notifications











