എന്തുകൊണ്ട് എന്നെ പരിഗണിച്ചില്ല; ഫഹദിന്റെ സിനിമ കണ്ട് പൃഥിരാജ് ചോദിച്ചത്; തുറന്ന് പറഞ്ഞ് ലാൽ ജോസ്
മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. മറക്കാനാകാത്ത ഒരുപിടി സിനിമകളും കഥാപാത്രങ്ങളും ലാൽ ജോസ് പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ഒട്ടനവധി പുതുമുഖങ്ങളെയും ലാൽ ജോസ് സിനിമാ രംഗത്തേക്ക് കടന്ന് വന്നു. ആൻ അഗസ്റ്റിൻ, കാവ്യ മാധവൻ, മീര നന്ദൻ, അർച്ചന കവി, അനുശ്രീ, തുടങ്ങിയ നടിമാരെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത് ലാൽ ജോസാണ്. ലാൽ ജോസ് ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകരെയും ചെറുപ്പക്കാർക്കും ഒരുപോലെ ഇഷ്‌ടപ്പെട്ട സിനിമയാണ് ഡയമണ്ട് നെക്ലേസ്.
2012 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായക വേഷം ചെയ്തത്. അനുശ്രീ, ഗൗതമി, സംവൃത സുനിൽ എന്നിവർ നായികമാരായും എത്തി. ഫഹദ് ഫാസിൽ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്താണ് ഡയമണ്ട് നെക്ലേസും റിലീസ് ചെയ്യുന്നത്. ഡയമണ്ട് നെക്ലേസിനെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലെ നായക വേഷം ചെയ്യാൻ പൃഥിരാജ് ആഗ്രഹിച്ചിരുന്നെന്ന് ലാൽ ജോസ് തുറന്ന് പറഞ്ഞു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്കായി പൃഥിരാജിനെ സമീപിച്ചപ്പോൾ ഡയമണ്ട് നെക്ലേസിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രത്തിനായി എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാഞ്ഞത് എന്തുകൊണ്ടെന്ന് ചോദിച്ചു. ഫഹദ് അസ്സലായി ചെയ്തിട്ടുണ്ട്, പക്ഷെ എന്തുകൊണ്ട് എന്റെ മുഖം ലാലുവേട്ടന്റെ മനസിൽ വന്നില്ലെന്നും ചോദിച്ചു.
ഇപ്പോൾ ആലോചിക്കുമ്പോൾ രാജുവിന് പറ്റിയ റോൾ ആണെങ്കിലും കഥ ഇഖ്ബാൽ എന്നോട് പറയുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ഫഹദിന്റെ മുഖമാണെന്ന് മറുപടി നൽകി. എന്നെപ്പോലൊരു ആക്ടറിന് കൊതി തോന്നുന്ന കഥാപാത്രമായിരുന്നെന്ന് പൃഥിരാജ് പറഞ്ഞെന്നും ലാൽ ജോസ് ഓർത്തു. ലാൽ ജോസിന്റെ ഒന്നിലേറെ സിനിമകളിൽ പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്. ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. രണ്ട് സിനിമകളും മികച്ച വിജയം നേടി.

ഡയമണ്ട് നെക്ലേസിലേക്ക് നായികമാരെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ലാൽ ജോസ് സംസാരിക്കുന്നുണ്ട്. ചാന്ദ്നി, അനുശ്രീ എന്നിവരെ ഒരു തമിഴ് സിനിമയിലേക്കാണ് താൻ പരിഗണിച്ചത്. താൻ ജഡ്ജ് ചെയ്ത ഷോയിൽ നിന്നുമാണ് രണ്ട് പേരെയും സെലക്ട് ചെയ്തത്. എന്നാൽ ഈ സിനിമ നടന്നില്ല. ഇതിനിടെ ചാന്ദ്നി അഭിനയരംഗം വിട്ട് അമേരിക്കയിലേക്ക് പോയി. അനുശ്രീയെ ഡയമണ്ട് നെക്ലേസിൽ നായികയാക്കിയെന്നും ലാൽ ജോസ് വ്യക്തമാക്കി.
അനുശ്രീയെക്കുറിച്ചുള്ള രസകരമായ ഓർമ്മയും ലാൽ ജോസ് പങ്കുവെച്ചു. റിയാലിറ്റി ഷോയിലേക്ക് സാധാരണ ചുരിദാറും വീട്ടിലിടുന്ന ചെരുപ്പുമാെക്കയിട്ടാണ് അനുശ്രീ വന്നത്. പ്രോഗ്രാമിലേക്ക് സെലക്ട് ചെയ്തില്ലെങ്കിൽ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചോദിച്ചു. ഞാൻ സിനിമയിൽ വരണമെന്ന് വിധിയുണ്ടെങ്കിൽ മറ്റേതെങ്കിലും ഡയറക്ടർ എന്നെ കാണുകയും ഇഷ്ടപ്പെടുകയും സിനിമയിലേക്ക് എടുക്കുകയും ചെയ്യും.
വിധിയുണ്ടെങ്കിൽ ഞാനവിടെ എന്തായാലും എത്തുമെന്ന് അനുശ്രീ കൂളായി മറുപടി നൽകി. അങ്ങനെയാണ് അനുശ്രീ ഷോയിലേക്ക് വരുന്നതെന്നും ലാൽ ജോസ് ഓർത്തു. ഷോയിലെ നടി സ്വാസികയും പങ്കെടുത്തിരുന്നു. കഴിവുള്ള കുട്ടിയാണ് സ്വാസിക. എന്തെങ്കിലും അവസരമുണ്ടെങ്കിൽ കാെടുക്കാമെന്ന് പറഞ്ഞിരുന്നെന്നും ലാൽ ജോസ് വ്യക്തമാക്കി.


Click it and Unblock the Notifications