For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയ്യേറ്ററുകളില്‍ കൂവലാണെന്ന് പറഞ്ഞ സിനിമ പിന്നീട് ചരിത്രമായി! മീശമാധവനെക്കുറിച്ചുളള അറിയാകഥ

  |

  ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ വലിയ വിജയമായി മാറിയ സിനിമകളില്‍ ഒന്നാണ് മീശമാധവന്‍. 2002ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ്. ഇരുനൂറിലധികം ദിവസങ്ങളാണ് മീശമാധവന്‍ കേരളത്തിലെ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയിരുന്നത്. ദിലീപിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു മീശമാധവന്‍. മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളായ ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലീംകുമാര്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

  റിലീസ് ചെയ്ത് വര്‍ഷങ്ങളായെങ്കിലും മീശമാധവനിലെ സീനുകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിലായിരുന്നു ലാല്‍ജോസ് മീശമാധവന്‍ അണിയിച്ചൊരുക്കിയിരുന്നത്. കളളന്‍ മാധവനായി ചിത്രത്തില്‍ എത്തിയ ദീലിപിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനെ ജനപ്രിയ താരമാക്കി ഉയര്‍ത്തിയതിലും മീശമാധവന്‍ എന്ന ചിത്രം വഹിച്ച പങ്ക് വലുതാണ്.

  ഇന്നും സിനിമയിലെ കഥാപാത്രങ്ങളെല്ലാം ട്രോളന്മാരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യല്‍ മീഡിയയില്‍ വരാറുളള മിക്ക ട്രോളുകളിലും മീശമാധവനിലെ കഥാപാത്രങ്ങളും വരാറുണ്ട്. മീശമാധവന്‍ റിലീസ് ചെയ്ത് ഇന്നേക്ക് 18 വര്‍ഷമാവുകയാണ്. ദിലീപിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്ന് പുറത്തിറങ്ങിയ ദിനം ആഘോഷിക്കുകയാണ് ആരാധകര്‍. ഏറെ കടമ്പകള്‍ കടന്നായിരുന്നു അന്ന് മീശമാധവന്‍ തിയ്യേറ്ററുകളിലേക്ക് എത്തിയതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ദിലീപുമായി ലാല്‍ജോസ് തര്‍ക്കത്തിലേര്‍പ്പെട്ട സംഭവം വരെയുണ്ടായിരുന്നു. മീശമാധവന്‍ തിയ്യേറ്ററുകളില്‍ റിലീസാവുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നുവെന്നും മുന്‍പ് ഒരഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞിരുന്നു. അന്ന് മീശമാധവന്റെ ഷൂട്ടിംഗ് മുടങ്ങും എന്ന അവസ്ഥയൊക്കെ ഉണ്ടായിരുന്നു. കുറച്ച് ക്‌ളാഷും കാര്യങ്ങളും നടന്നു. മീശമാധവന്റെ ഷൂട്ടിംഗിനിടെയിലാണ് ദിലീപ് ഒരു നിര്‍മ്മാതാവിന്റെ ചെക്ക് മടങ്ങിയതിന് കേസ് കൊടുത്തിട്ട് ആ നിര്‍മ്മാതാവ് അറസ്റ്റിലായത്.

  അങ്ങനെ ദിലീപിനെ നിര്‍മ്മാതാക്കളുടെ സംഘടന രണ്ട് വര്ഷത്തേക്ക് ബാന്‍ ചെയ്യാന്‍ തീരുമാനിച്ചു. ചിങ്ങമാസം എന്ന പാട്ട് എടുക്കുമ്പോഴാണ് ദിലീപിനെ ബാന്‍ ചെയ്തുകൊണ്ടുളള വാര്‍ത്ത വരുന്നത്. ദിലീപ് നിരാശനായിരുന്നു, ലൈഫില്‍ ഒരുപാട് അഗ്നിപരീക്ഷകള്‍ മറികടക്കേണ്ടി വരും,. എന്നാല്‍ ഷൂട്ടിംഗ് തുടരാമെന്ന് ഞാന്‍ പറഞ്ഞു. നിര്‍മ്മാതാക്കളായ സുധീഷും സുബൈറും നാട്ടില്‍ എവിടുന്നൊക്കെ കടം വാങ്ങിച്ചിട്ടുണ്ടെന്ന് ദൈവത്തിന് മാത്രമേ അറിയൂ.

  സ്വര്ഗചിത്ര അപ്പച്ചനോടാണ് ഈ സിനിമയുടെ വണ്‍ലൈന്‍ ആദ്യം പറഞ്ഞതെന്ന് ലാല്‍ജോസ് പറയുന്നു. അന്ന് കഥ കേട്ട അദ്ദേഹം സംവിധായകന്‍ സിദ്ധിഖുമായി ചര്‍ച്ച ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. സിദ്ധിഖ് സാറും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നീട് സ്വര്‍ഗചിത്ര അപ്പച്ചന്‍ പിന്മാറി. അങ്ങനെയാണ് ഈ ചിത്രം സുധീഷിലേക്കും സുബൈറിലേക്കും എത്തുന്നത്.

  സിനിമ തിയ്യേറ്ററിലെത്തിക്കാന്‍ കാശില്ലാതായപ്പോള്‍ മീശമാധവന്റെ റൈറ്റ്‌സ് വില്‍ക്കാനായി അന്യഭാഷക്കാരെ ചിത്രം കാണിക്കാന്‍ തീരുമാനിച്ച കാര്യവും ലാല്‍ജോസ് പറയുന്നു. ആ സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍ ഡബ്ബിംഗിനായി തെലുങ്കിലേക്ക് വാങ്ങിക്കാറുണ്ട്. എവിഎം സ്റ്റുഡിയോയിലെ പ്രിവ്യൂ തിയ്യേറ്ററിലാണ് മീശമാധവന്‍ ഇവര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ വന്നിരുന്നെങ്കിലും ആരുംതന്നെ ഒന്നും പറയാതെ പോയി.

  എന്നാല്‍ അപ്രതീക്ഷിതമായി ശ്രീനിവാസ റാവു എന്ന നിര്‍മ്മാതാവ് ഈ ചിത്രം തനിക്ക് വേണമെന്ന് പറഞ്ഞു. ആ കാലത്ത് ദിലീപിന്റെയൊക്കെ പടം 5-6 ലക്ഷത്തിനൊക്കെയാണ് പരമാവധി റൈറ്റ്‌സ് പോയിരുന്നത്. പത്ത് ലക്ഷം രൂപ തന്നാല്‍ തരാമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. സംഗീത സംവിധായകന് കൊടുക്കാന്‍ 50000 രൂപ പോലുമില്ലാത്ത സമയമായിരുന്നു അത്.

  ആ കാശ് വെച്ചിട്ടാണ് സിനിമ റിലീസ് ചെയ്തതും. ആദ്യദിനം പടം കാണാന്‍ ധൈര്യമില്ലായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ നല്ല റിസള്‍ട്ട് വന്നു. ഇതിനിടെയില്‍ ദിലീപിനെ ഒന്നുവിളിക്കാമെന്ന് വിചാരിച്ചാണ് ഒരു ബൂത്തില്‍ ചെന്നത്. അവിടെയൊരു സംവിധായകന്‍ മറ്റൊരു ഫോണിലാണ്. അയാള്‍ വിളിക്കുന്നതും ദിലീപിനെ ആയിരുന്നു. മീശമാധവനെക്കുറിച്ച് വളരെ മോശമായാണ് അദ്ദേഹം ദിലീപിനോട് സംസാരിച്ചത്. സിനിമ ലാഗ് ഉണ്ടെന്നും ആക്ഷന്‍ രംഗങ്ങള്‍ നന്നായില്ലെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു.

  ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം ബൂത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ കാണുന്നത് എന്നെ. എന്നെ കണ്ടതും ചെറുതായൊന്നെ ചമ്മി പുളളി. പിന്നീട് ഞാന്‍ ദിലീപിനെ വിളിച്ചപ്പോള്‍ തിയ്യേറ്ററില്‍ കൂവലുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ സമ്മതിച്ചില്ല. അങ്ങനെ ഞങ്ങള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കവും ഉണ്ടായി. അന്ന് ശ്രീകുമാര് തിയ്യേറ്ററിലെ ഓപ്പറേറ്റര്‍ എന്നോട് പറഞ്ഞു.

  എന്തിനാണ് സര്‍ ഈ സീന്‍ കട്ട് ചെയ്യുന്നത്. ഇത് നൂറുദിവസം ഓടാന്‍ പോകുന്ന സിനിമയാണ്. ആളുകള്‍ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നത്. തുടര്‍ന്ന്‌ ഇനി ആരുപറഞ്ഞാലും ആ സീന്‍ കട്ട് ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു. ദിലീപ് പിന്നീട് സൂപ്പര്‍സ്റ്റാറായി. അതുവരെ നടനായിരുന്ന ദിലീപ് താരമായി വളര്‍ന്നത് മീശമാധവനിലൂടെയാണ്. ലാല്‍ജോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

  Read more about: dileep lal jose
  English summary
  dileep- lal jose movie meesha madhavan unknown story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X