വായിച്ചു കഴിഞ്ഞപ്പോഴാണ് എനിക്കതിലെ അപകടം മനസിലായത്,മമ്മൂട്ടി-ലോഹിതദാസ് ചിത്രത്തെക്കുറിച്ച് ലാല്‍ജോസ്
മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകനാവും മുന്‍പേ പ്രശസ്ത സംവിധായകരുടെ കൂടെയെല്ലാം സഹസംവിധായകനായി ലാല്‍ജോസ് പ്രവര്‍ത്തിച്ചിരുന്നു. ലോഹിതദാസ്, കമല്‍ പോലുളള സംവിധായകരുടെ ചിത്രങ്ങളിലായിരുന്നു ലാല്‍ജോസ് പ്രവര്‍ത്തിച്ചത്. മമ്മൂട്ടിയെ നായകനാക്കിയുളള ഒരു മറവത്തൂര്‍ കനവാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രം.

തിരക്കഥാകൃത്തായി ശ്രദ്ധേയനായ ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലും ലാല്‍ ജോസ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ ഭൂതക്കണ്ണാടി സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അപൂര്‍വ്വ അനുഭവം ലാല്‍ജോസ് വെളിപ്പെടുത്തിയിരുന്നു. തന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് ലോഹിതദാസ് ഭൂതക്കണ്ണാടി തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയതിനെക്കുറിച്ചാണ് ലാല്‍ ജോസ് പറഞ്ഞത്.
ഉദ്യാനപാലകന് ശേഷം ഞാന്‍ വര്‍ക്ക് ചെയ്ത ലോഹിയേട്ടന്റെ സിനിമയായിരുന്നു ഭൂതക്കണ്ണാടിയെന്ന് ലാല്‍ ജോസ് പറയുന്നു. ആ സിനിമയുടെ രചനാ വേളയില്‍ ഞാനും ചര്‍ച്ചയ്ക്കായി ആ സിനിമയുടെ ഒപ്പമുണ്ടായിരുന്നു, അതിലെ പത്തോളം സീനുകള്‍ എഴുതിയിട്ട് ലോഹിയേട്ടന്‍ എനിക്ക് വായിക്കാന്‍ തന്നു. അത് വായിച്ച് കഴിഞ്ഞപ്പോഴാണ് എനിക്കതിലെ അപകടം മനസിലായത്.
അദ്ദേഹം അതിന് മുന്‍പെഴുതിയ ഉദ്യാനപാലകന്‍ എന്ന സിനിമയിലെ രമേശന്‍ നായരുടെ കഥാപാത്ര എഴുത്തിന്റെ ഹാങ്ങ് ഓവര്‍ ഭൂതക്കണ്ണാടിയിലെ വിദ്യാധരനെയും പിടികൂടിയിരുന്നു. അത് ഞാന്‍ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. അത് കേട്ട ശേഷം അദ്ദേഹം എന്നോട് പറഞ്ഞു. ഒകെ ശരി ഇനി നാളെ വൈകുന്നേരം നമുക്ക് കാണാമെന്ന്.
അങ്ങനെ അടുത്ത ദിവസം വൈകുന്നേരമായപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അതില്‍ നിന്നൊക്കെ വിഭിന്നമായ പത്ത് സീനുകള്‍ എനിക്ക് വായിക്കാന്‍ തന്നു. ഞാന്‍ പറഞ്ഞത് അദ്ദേഹം പരിഗണിക്കുകയും അതില്‍ നിന്ന് മാറ്റമുളള സീനുകള്‍ എഴുതുകയും ഞാന്‍ പോരായ്മ പറഞ്ഞ സീനുകള്‍ അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തപ്പോള്‍ എനിക്ക് എന്തോ അഭിമാനം തോന്നിയിരുന്നു. ലോഹിതദാസ് എന്ന മഹാനായ പ്രതിഭയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ലാല്‍ ജോസ് പറഞ്ഞു.


Click it and Unblock the Notifications