മീര ജാസ്മിൻ അന്ന് ദിലീപിനോട് പറഞ്ഞത്; അങ്ങനെയെങ്കിൽ നായികയായി വേണ്ടെന്ന് തീരുമാനിച്ചു; ലാൽ ജോസ്
മലയാളികൾക്ക് മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മീര ജാസ്മിൻ. ശ്രദ്ധേയമായ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ മീര ജാസ്മിൻ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായിരുന്നു. കരിയറിന്റെ തുടക്കം മുതൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളേ മീര ചെയ്തിട്ടുള്ളൂ. സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന മീരയ്ക്ക് ഗോഡ്ഫാദറായത് സംവിധായകൻ ലോഹിതദാസ് ആണ്.
ലോഹിതദാസ് കരിയറിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് മീര നേരത്തെ പലയിടങ്ങളിൽ സംസാരിച്ചിട്ടുണ്ട്. അച്ചുവിന്റെ അമ്മ, പെരുമഴക്കാലം, സ്വപനക്കൂട്, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മീര ജാസ്മിൻ ചെയ്ത കഥാപാത്രങ്ങൾ വൻ ജനപ്രീതി നേടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മീര സജീവ സാന്നിധ്യമായി.

കരിയറിൽ മീര വേണ്ടെന്ന് വെച്ച സിനിമകളും മീരയെ വേണ്ടെന്ന് വെച്ച സിനിമകളും ഏറെയാണ്. ഇതിലൊന്നാണ് ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല. ദിലീപ് നായകനായ മുല്ല 2008 ലാണ് റിലീസ് ചെയ്യുന്നത്. മീര നന്ദനാണ് സിനിമയിൽ നായികയായത്. മീര ജാസ്മിന് പകരം മീര നന്ദനെ നായികയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്.
മീര നന്ദന്റെ ആദ്യത്തെ സിനിമയാണ് മുല്ല. പാട്ട് പാടാൻ അവസരം ചോദിച്ച് വന്നതാണ് മീര നന്ദൻ. മുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിനായിരുന്നു. മീര ജാസ്മിനോട് കഥ പറയാൻ കൽക്കട്ട ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് മീര ദിലീപിനോട് പറഞ്ഞു.

മനസിലാകാത്ത ആളെ കാസ്റ്റ് ചെയ്യേണ്ടെന്ന് കരുതി പുതിയ ആളെ നോക്കി. അങ്ങനെയാണ് മീര നന്ദനിലേക്ക് എത്തുന്നതെന്നും ലാൽ ജോസ് വ്യക്തമാക്കി. സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
മീര ജാസ്മിൻ കരിയറിൽ വിവാദങ്ങളിൽ അകപ്പെട്ട് തുടങ്ങിയ കാലഘട്ടത്തിലാണ് കൽക്കട്ട ന്യൂസ്, മുല്ല ഉൾപ്പെടെയുള്ള സിനിമകൾ റിലീസ് ചെയ്യുന്നത്. മീരയെക്കുറിച്ച് തുടരെ ഗോസിപ്പുകൾ വന്ന കാലഘട്ടം ആയിരുന്നു അത്. നടിക്ക് മറുഭാഷകളിൽ തിരക്കേറിയതും ഈ സമയത്താണ്.
2008 ൽ റിലീസ് ചെയ്ത ട്വന്റി ട്വന്റി എന്ന സിനിമയിൽ നിന്നും മീര ജാസ്മിൻ മാറി നിന്നതിന്റെ പേരിൽ നടിക്കെതിരെ വിലക്ക് വന്നെന്നും അക്കാലത്ത് റിപ്പോർട്ടുകൾ വന്നു. മറ്റൊരു സിനിമയുടെ തിരക്കിലായതിനാലാണ് മീരയ്ക്ക് ട്വന്റി ട്വന്റി ചെയ്യാൻ പറ്റാതെ പോയത്.
2008 ന് ശേഷം മീരയെ സജീവമായി മലയാള സിനിമാ രംഗത്ത് കണ്ടില്ല. ഒരു ഘട്ടത്തിൽ നടി പൂർണമായും മാറി നിന്നു.
തന്നെക്കുറിച്ച് സിനിമാ ലോകത്ത് വന്ന ആരോപണത്തിൽ മുമ്പൊരിക്കൽ മീര സംസാരിച്ചിട്ടുണ്ട്. തന്നോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നവരോട് പ്രതികരിച്ചതിന്റെ പേരിലാണ് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അന്ന് മീര തുറന്നടിച്ചു.
ഏറെക്കാലത്തിന് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. എലിസബത്ത് ക്യൂൻ, ടെസ്റ്റ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മീര ജാസ്മിൻ ചിത്രങ്ങൾ. പഴയത് പോലെ ഹിറ്റ് സിനിമകൾ മീരയ്ക്ക് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് മീരയിപ്പോൾ.


Click it and Unblock the Notifications