മോഹന്‍ലാലിന് ആ ഒരു തെറ്റിദ്ധാരണ തന്നോട് വളരെക്കാലം ഉണ്ടായിരുന്നു! തുറന്നുപറഞ്ഞ് ലാല്‍ജോസ്
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായി മാറിയ ആളാണ് ലാല്‍ജോസ്. കമലിന്റെ അസിസ്റ്റന്റായി തുടങ്ങിയ ലാല്‍ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി മാറിയിരുന്നത്. ലാല്‍ജോസിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്‍മാരാക്കി ലാല്‍ ജോസ് മലയാളത്തില്‍ സിനിമകള്‍ ചെയ്തിരുന്നു.
വേറിട്ട മേക്കിങ് ശൈലിയിലൂടെയായിരുന്നു മലയാളത്തില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നത്. മോഹന്‍ലാലിനൊപ്പം എന്തുക്കൊണ്ട് ഒരു സിനിമ ചെയ്തില്ല എന്ന ചോദ്യം കുറെക്കാലം മുന്പ് ലാല്‍ജോസ് നേരിട്ടൊരു കാര്യമായിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ലാലേട്ടനൊപ്പം ചെയ്താണ് ലാല്‍ജോസ് ഇതിനുളള മറുപടി നല്‍കിയിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ചിത്രമിറങ്ങുന്നതിനു മുന്‍പേ മോഹന്‍ലാലിന് തന്നോട് ഒരു തെറ്റിദ്ധാരണ വളരെക്കാലം ഉണ്ടായതായുളള കാര്യം ലാല്‍ജോസ് പറഞ്ഞിരുന്നു. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു ലാല്‍ജോല് ഇക്കാര്യം പറഞ്ഞത്.

വെളിപാടിന്റെ പുസ്തകം
മോഹന്‍ലാലിനെ നായകനാക്കി 2017ലായിരുന്നു വെളിപാടിന്റെ പുസ്തകം ലാല്‍ജോസ് ഒരുക്കിയിരുന്നത്. മലയാളത്തിലെ മറ്റു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഒന്നിച്ച ശേഷമാണ് ലാല്‍ജോസ് ലാലേട്ടനൊപ്പവും എത്തിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രം സംവിധായകന്‍ ഒരുക്കിയിരുന്നത്. ജിമ്മിക്കി കമല്‍ എന്ന ഗാനം ഹിറ്റായതുകൊണ്ടും ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ നായികയായി അന്നാരാജന്‍ എത്തിയ ചിത്രത്തില്‍ അനൂപ് മേനോന്‍,പ്രിയങ്ക നായര്‍, സലീംകുമാര്‍,ചെമ്പന്‍ വിനോദ് ജോസ്, അപ്പാനി ശരത്ത് തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.

ലാല്‍ജോസ് പറഞ്ഞത്
ലാലേട്ടനും സംവിധായകന്‍ ഫാസിലിനും തന്നോടുണ്ടായിരുന്ന ഒരു തെറ്റിദ്ധാരണയെക്കുറിച്ചായിരുന്നു ലാല്‍ജോസ് പറഞ്ഞിരുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായ ഒരു സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു ലാല്‍ജോസ് ഇക്കാര്യം പറഞ്ഞത്. ആദ്യ ചിത്രമായ മറവത്തൂര്‍ കനവ് വിജയം നേടി നില്‍ക്കുന്ന സമയമായിരുന്നു അത്. രണ്ടാമത്തെ സിനിമ ദിലീപിനെ നായകനാക്കിയുളള ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായ അവസരം. ആ ഒരു സമയത്ത് ഫാസില്‍ സര്‍ പറഞ്ഞിട്ട് ആലപ്പി അഷറഫ് തന്നെ കാണാന്‍ വന്നിരുന്നു

ഫാസില്‍ സാറിന്റെ തിരക്കഥ
ഫാസില്‍ സാറിന്റെ തിരക്കഥയില്‍ ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആവശ്യവുമായിട്ടായിരുന്നു അദ്ദേഹം വന്നത്. വലിയൊരു ഓഫറായിരുന്നു അന്ന് എനിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ദിലീപിനോട് വാക്കുപറഞ്ഞു പോയതിനാല്‍ ചിത്രം പിന്നെ ചെയ്യാമെന്ന് ആലപ്പി അഷറഫിനോട് പറഞ്ഞു. എന്നാല്‍ മറവത്തൂര്‍ കനവിനു ശേഷമുളള സിനിമ തങ്ങളോടൊപ്പം ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ അത് ബുദ്ധിമുട്ടാണെന്ന് തന്നെ അന്ന് തുറന്നു പറയേണ്ടി വന്നു, ലാല്‍ജോസ് പറയുന്നു.

മോഹന്‍ലാല്‍ നായകന്‍
പിന്നീട് ലാലേട്ടനെയാണ് ചിത്രത്തില്‍ നായകനായി തീരുമാനിച്ചതെന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് താനറിഞ്ഞതെന്നും ലാല്‍ജോസ് പറഞ്ഞിരുന്നു. അന്ന് ആലപ്പി അഷ്‌റഫിനോട് താന്‍ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് ലാലേട്ടനും ഫാസില്‍ സാറിനും മുന്നിലെത്തിയതെന്ന് എനിക്കറിയില്ലായിരുന്നു. പാച്ചിക്കയും ലാലേട്ടനും അത് മനസിലാക്കിയത് പുതിയൊരു പയ്യന്‍ തങ്ങളെ പോലെ ഇത്രയും സീനിയര്‍ ആയിട്ടുളള ആളുകളുടെ സിനിമ വേണ്ടെന്നു വെച്ചു എന്ന തരത്തിലായിരുന്നു. ഇക്കാര്യം താന്‍ പീന്നീടായിരുന്നു അറഞ്ഞത്. ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications