തന്റെ കഴിഞ്ഞ കാലം അറിഞ്ഞതിന്റെ ജാള്യത, പറയേണ്ടിയിരുന്നില്ലെന്ന് തോന്നി; ഫിലോമിന ചേച്ചിയുടെ ജീവിതം: ലാൽ ജോസ്
മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും നടി ഫിലോമിനയെ പ്രേക്ഷകർ മറന്നിട്ടില്ല. ഗോഡ്ഫാദർ എന്ന സിനിമയിലെ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം. ഇന്നും ജനങ്ങളുടെ മനസിലുണ്ട്. കോമഡി രംഗങ്ങൾ അനായാസം ചെയ്തിരുന്ന നടിയാണ് ഫിലോമിന. നാടക രംഗത്ത് നിന്നുമാണ് ഫിലോമിന സിനിമയിലേക്ക് കടന്ന് വരുന്നത്. ഫിലോമിനയെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഫിലോമിന ചേച്ചിയെക്കുറിച്ച് എന്റെ അപ്പച്ചൻ പറഞ്ഞ ഒരു കാര്യം ഓർമ വരുന്നു. ഫിലോമിന ചേച്ചിയുടെ നാട് വലപ്പാടാണ്. എന്റെ അപ്പന്റെ ചെറുപ്പകാലത്ത് ഹാർമോണിയം വായിച്ച് കുർബാനയ്ക്ക് പാട്ടുകൾ പാടുന്ന ഔസേപ്പേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം പാടിയിരുന്ന ആളായിരുന്നു ഫിലോമിന ചേച്ചി. അതിസുന്ദരിയായിരുന്നു ഫിലോമിന ചേച്ചി ചെറുപ്പത്തിൽ എന്ന് അപ്പച്ചൻ പറയുമായിരുന്നു. പിന്നീട് ഏതോ നാടകക്കാർ വലപ്പാട് വന്നപ്പോൾ അവർ നാടകത്തിൽ അഭിനയിക്കാൻ ഫിലോമിന ചേച്ചിയെ കൂട്ടിക്കൊണ്ട് പോയി.

എന്റെ അപ്പന്റെ അമ്മയെ ഫിലോമിന ചേച്ചിക്ക് നല്ല പരിചയം ഉണ്ടായിരുന്നു. അപ്പന്റെ അപ്പൻ എന്നെ പോലെ നാടോടിയായിരുന്നു. അദ്ദേഹം യാത്രകൾക്ക് പോകുമ്പോൾ വീട്ടിൽ കുട്ടികളും അമ്മാമ്മയും തനിച്ചായിരിക്കും. അപ്പോൾ കൂട്ട് കിടക്കാൻ ഫിലോമിന ചേച്ചി വരാറുണ്ടായിരുന്നു എന്ന് അപ്പച്ചൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഫിലോമിന ചേച്ചിയെ ഞാൻ പരിചയപ്പെടുന്നത് പ്രാദേശിക വാർത്തകളുടെ ലൊക്കേഷനിൽ വെച്ചാണ്.
അന്ന് വളരെ വർഷങ്ങൾക്ക് മുമ്പ് മിസ്സായ ബന്ധുവിനെ കണ്ട സന്തോഷമായിരുന്നു എനിക്ക്. ഞാൻ വലപ്പാട്ടുകാരനാണെന്ന് പറഞ്ഞപ്പോൾ അതെയോ ഞാനും വലപ്പാട്ടുകാരിയാണെന്ന് അവർ പറഞ്ഞു. മറിയം ടീച്ചറുട മകന്റെ മകനാണ് ഞാനെന്നും പറഞ്ഞു. അപ്പോൾ ഒരു സെക്കന്റ് അവരൊന്ന് സ്റ്റക്കായി. സിനിമയിൽ അപ്പോൾ അവർ പ്രശസ്തയായി, അത്യവശ്യം പെെസ സമ്പാദിക്കുന്ന ആളായിട്ടുണ്ട്.

പെട്ടെന്ന് തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് അറിയുന്ന ഒരാൾ മുമ്പിൽ വന്ന് പെട്ടതിന്റെ ജാള്യത ഉണ്ടായോ എന്നെനിക്ക് സംശയമുണ്ട്. പക്ഷെ അതങ്ങനെ ലജ്ജിക്കേണ്ട പാസ്റ്റ് ഒന്നുമല്ലല്ലോ. അമ്മൂമ്മയുടെ പേര് പറയേണ്ടിരുന്നില്ല എന്നെനിക്ക് തോന്നി. പക്ഷെ എന്നോട് സ്നേഹക്കുറവൊന്നും കാണിച്ചിട്ടില്ല.
34-35 വർഷം നീണ്ട് നിൽക്കുന്ന എന്റെ കരിയറിൽ ചെറിയ റോളുകൾ ചെയ്തിരുന്ന ആളുകൾ പെട്ടെന്ന് ഒരു സിനിമ ക്ലിക്കായി ഭയങ്കര തിരക്കിലാകുന്നതിനും ജീവിതം മാറുന്നതിനുമൊക്കെ ഞാൻ സാക്ഷിയായിട്ടുണ്ട്. അങ്ങനെ ഒരു പൊസിഷനിൽ എത്തിയ ശേഷം അവരുടെ ഡിമാന്റ് കുറയുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഫിലോമിന ചേച്ചിയുടെ കാര്യത്തിൽ വല്ലാതെ സിനിമ കുറഞ്ഞില്ല. പക്ഷെ ആദ്യത്തെ ആ സ്പീഡ് കുറഞ്ഞു. പിന്നെ അവർ ഡയബറ്റിക്കായിരുന്നു. ഒരു വിരൽ കളയേണ്ടി വന്നു. ഡയബറ്റിസുമായി ബന്ധപ്പെട്ടാണെന്ന് തോന്നുന്നു. ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം ഫിലോമിന ചേച്ചി മരിച്ച് പോയെന്നും ലാൽ ജോസ് ഓർത്തു.


Click it and Unblock the Notifications











