ഗുരുവുമായിട്ടാണ് മത്സരം; പരിഹാസങ്ങളെ പൃഥിരാജ് തകർത്തു; ആ സിനിമകൾക്ക് പിന്നിലെ കഥ പറഞ്ഞ് ലാൽ ജോസ്
മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ലാൽ ജോസ്. ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ ലാൽ ജോസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മീശമാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് ലാൽ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി മാറുന്നത്. ദിലീപ്, പൃഥിരാജ് എന്നീ നടൻമാർക്ക് കരിയറിൽ എന്നും എടുത്ത് പറയാൻ പറ്റിയ ഒരുപിടി സിനിമകൾ ലാൽ ജോസ് സംവിധാനം ചെയ്തിട്ടുണ്ട്. ക്ലാസ്മേറ്റ്, അയാളും ഞാനും തമ്മിൽ എന്നീ ലാൽ ജോസ് ചിത്രങ്ങളിൽ നായകനായത് പൃഥിരാജാണ്.
രണ്ട് സിനിമകളും മികച്ച വിജയം നേടി. പൃഥിരാജിന്റെ ജനപ്രീതിയിൽ ഈ സിനിമകൾക്കും വലിയ പങ്കുണ്ട്. 2012 ലാണ് അയാളും ഞാനും തമ്മിൽ റിലീസ് ചെയ്യുന്നത്. പൃഥിരാജ്, നരേൻ, പ്രതാപ് പോത്തൻ, സംവൃത സുനിൽ, കലാഭവൻ മണി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം ഈ സിനിമയിലൂടെ ലാൽ ജോസിന് ലഭിച്ചു. പുരസ്കാരം ലഭിച്ചതിനെക്കുറിച്ചും പൃഥിരാജിനെക്കുറിച്ചും ലാൽ ജോസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. കലാപരമായും സാമ്പത്തികമായും വിജയിച്ച സിനിമയാണ് അയാളും ഞാനും തമ്മിൽ. അർഹിച്ച പോലെ സിനിമ പോയില്ലെന്ന സങ്കടം എനിക്കുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് കുറേ നാളുകൾക്ക് ശേഷവും തന്നെ ഭയങ്കരമായി സ്വാധീനിച്ച സിനിമയാണ് അയാളും ഞാനും തമ്മിലെന്ന് യുവ ഡോക്ടർമാർ പറയും. ആ സിനിമയുടെ കടുത്ത ആരാധകരുണ്ട്. സിനിമയ്ക്ക് കിട്ടിയ അവാർഡിലും കയ്പ്പും മധുരവും ഉണ്ട്. എല്ലാ വർഷത്തെയും പോലെ ഈ സിനിമയും താൻ അവാർഡിന് അയച്ചിരുന്നു.
ഒരു ദിവസം എന്നെ കമൽ സാർ വിളിച്ചു. ലാലൂ, നാളെ അവാർഡ് പ്രഖ്യാപിക്കുകയാണ്, നമ്മൾ രണ്ട് പേരുമാണ് ഇത്തവണ മത്സരിക്കുന്നതെന്ന് പറഞ്ഞു. അതെങ്ങനെയെന്ന് ഞാൻ. സാറിന്റെ സെല്ലുലോയ്ഡ് എന്ന സിനിമ റിലീസ് ചെയ്തിട്ടില്ല. പക്ഷെ ഡിസംബറിന് മുമ്പ് സെൻസർ ചെയ്തിരുന്നു. അതും അവാർഡിന് ഉണ്ടെന്ന് കമൽ സാർ. അതിലും പൃഥിരാജ് തന്നെയാണ് നായകൻ.

പിറ്റേ ദിവസം ഞെട്ടിക്കുന്ന വാർത്ത വന്നു. മികച്ച ചിത്രം സെല്ലുലോയ്ഡ്. ഒപ്പം മികച്ച തിരക്കഥ ഉൾപ്പെടെ കുറേ അവാർഡുകൾ. മികച്ച സംവിധായകൻ ലാൽ ജോസും. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് കിട്ടുകയെന്നത് എന്റെ സ്വപനത്തിലേ ഇല്ലായിരുന്നു. ഇന്റർവ്യൂ ചെയ്യാൻ വന്ന മീഡിയ മുഴുവൻ ചോദിച്ചത് ഗുരുവുമായിട്ടായിരുന്നല്ലോ മത്സരം എന്നാണ്. അതൊരു വല്ലാത്ത സാഹചര്യമാണ്. ഒരേ കുടുംബത്തിലേക്കാണ് അവാർഡ് പോകുന്നതെന്നാണ് അന്ന് താൻ പറഞ്ഞതെന്നും ലാൽ ജോസ് ഓർത്തു.
അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ് എന്നീ സിനിമകൾ ഇടക്കാലത്ത് പൃഥിരാജ് നേരിട്ട വെല്ലുവിളികളെയും പരിഹാസങ്ങളെയും തകർത്തു. വീണ്ടും അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടങ്ങുന്നത് ഈ രണ്ട് സിനിമകളിലൂടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയൊരു ഇമേജ് പ്രേക്ഷകർക്കിടയിലുണ്ടായെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications