അവാര്‍ഡ് കിട്ടിയപ്പോൾ ബാലന്‍സ് പോയി! രേഖ അന്ന് 22 ടേക്ക് പോയപ്പോൾ ശ്രീനിവാസൻ പറഞ്ഞത്: ലാൽ ജോസ്
ശ്രീനിവാസന്റെ അഭിനയവും എഴുത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അടുത്ത സിനിമയുടെ പണിപ്പുരയിലാണ് എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. അദ്ദേഹം ഇത്ര നേരത്തെ പോവുമെന്ന് കരുതിയില്ലെന്നായിരുന്നു വിയോഗം അറിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത്. ശ്രീനിവാസന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളും ഡയലോഗുകളും ഇപ്പോഴും പ്രേക്ഷക മനസിലുണ്ട്. ശ്രീനിവാസനുമായുള്ള അടുപ്പത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് ലാല്‍ ജോസ്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ശ്രീനിവാസനെക്കുറിച്ച് സംസാരിച്ചത്. എന്റെ സിനിമാജീവിതത്തില്‍ എനിക്ക് ഏറ്റവും കടപ്പാടുള്ളത് കമല്‍ സാറിനോടാണ്. എന്നെ ആദ്യമായി സംവിധായകനാക്കിയത് ശ്രീനിയേട്ടനായിരുന്നു. ലാലുവാണ് സംവിധായകനെങ്കില്‍ കഥ എഴുതാമെന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞത്. പാവം പാവം രാജകുമാരന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി ശ്രീനിയേട്ടനെ കാണുന്നത്. എന്റെ രണ്ടാമത്തെ സിനിമയായിരുന്നു അത്. ശ്രീനിയേട്ടനെ അടുത്ത് കാണുകയും പരിചയപ്പെടുകയും ചെയ്യാം എന്നതായിരുന്നു എന്നെ സന്തോഷിപ്പിച്ച കാര്യം. ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫറിനെയൊക്കെ വിളിക്കും.

ശ്രീനിയേട്ടന്റെ പൊസിഷനിലേക്ക് എന്നെയാണ് നിര്‍ത്തിയിരുന്നത്. എനിക്കത് വലിയ അംഗീകാരമായാണ് ഞാന്‍ കാണുന്നത്. ശ്രീനിയേട്ടന്റെ മൂവ്‌മെന്‍സും, അദ്ദേഹം നടക്കുന്ന ഏരിയയുമൊക്കെ ഞാനും നടന്ന് കാണിക്കും. അദ്ദേഹം നടക്കുന്നത് പോലെ ഞാന്‍ നടന്നുകാണിക്കും. അദ്ദേഹവും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ശ്രീനിയേട്ടന്റെ പെര്‍ഫോമന്‍സ് കണ്ട് നിയന്ത്രണമില്ലാതെ ചിരിച്ചിരുന്നു. നീ ചിരിക്കുന്നതൊക്കെ നല്ലതാണ്. തിയേറ്ററിലും ഇതുപോലെ ചിരി വന്നില്ലെങ്കിലാണ് പ്രശ്‌നം എന്നായിരുന്നു എന്നോട് പറഞ്ഞത്.
പാട്ടും കുറച്ച് ഭാഗങ്ങളും തിരുവനന്തപുരത്തായിരുന്നു ഷൂട്ട് ചെയ്തത്. പാലസിന്റെ ചുറ്റിലുമായിരുന്നു കണ്ണാടി കൈയ്യില്‍ എന്ന പാട്ട് ഷൂട്ട് ചെയ്തത്. അന്നായിരുന്നു രേഖയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച വിവരം വന്നത്. പിന്നെ ഷോട്ടെടുത്തപ്പോള്‍ 22 ടേക്കായി. അവര്‍ക്ക് ലിപ് മൂവ്‌മെന്റ് ശരിയായില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ ബാലന്‍സ് പോയതാണെന്നായിരുന്നു ശ്രീനിയേട്ടന്റെ കമന്റ്. ട്രെയിനിലെ രംഗം വളരെ സാഹസികമായാണ് ചിത്രീകരിച്ചത്. സിനിമാഷൂട്ടിന് വേണ്ടി ആദ്യം ഊട്ടിയിലേക്ക് പോയത് അന്നായിരുന്നു. ഈ സിനിമയ്ക്ക് ശേഷമായി പിന്നെ ശ്രീനിയേട്ടനെ കണ്ടത് ഗസല്‍ എന്ന സിനിമയിലായിരുന്നു. ചമ്പക്കുളം തച്ചനിലായിരുന്നു പിന്നീട് കമല്‍ സാറും, ശ്രീനിയേട്ടനും ഒന്നിച്ചത്. സിനിമയുടെ തുടക്കം മുതലേ ഞാനുമുണ്ടായിരുന്നു. കഥ ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ഇടയ്ക്ക് കമല്‍ സാര്‍ ഞങ്ങളേയും കൂട്ടും.
അഭിനയം മാത്രമല്ല കഥയിലും ശ്രീനിയേട്ടന്റെ കൈ പതിയണമെന്ന് കരുതുന്ന സിനിമാക്കാരുണ്ട്. അങ്ങനെ വെട്ടിതിരുത്തി പിന്നീട് കഥ മുഴുവനും എഴുതേണ്ടി വന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ചമ്പക്കുളം തച്ചന്റെ കഥയൊക്കെ നേരത്തെ പറഞ്ഞിരുന്നതാണെങ്കിലും വേറൊരു സിനിമയിലായതിനാല്‍ ശ്രീനിയേട്ടന്‍ എല്ലാം മറന്നുപോയിരുന്നു. പിന്നെ അവര്‍ ഒരുമിച്ചിരുന്ന് കഥയൊക്കെ പറഞ്ഞ്, തിരക്കഥയും, സംഭാഷണവുമൊക്കെ റെഡിയാക്കുകയായിരുന്നു.ശ്രീനിയേട്ടന്റെ കഥയുണ്ടെങ്കില്‍ ഞാന്‍ സംവിധാനം ചെയ്യാമെന്നായിരുന്നു ഇടയ്ക്ക് എന്നെ സമീപിച്ച നിര്‍മാതാക്കളോട് പറഞ്ഞത്. ആ ലാല്‍ ജോസാണോ, അവന് പറ്റും എന്നായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞത്. എന്ത് രസമാണ് ഇങ്ങനെ പറയുന്നത് കേള്‍ക്കാന്‍. നിങ്ങള്‍ സിനിമ ചെയ്തില്ലെങ്കിലും വേണ്ട, ഇങ്ങനെ കഥ പറഞ്ഞാല്‍ മതിയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ശ്രീനിയേട്ടന്‍ എന്ന വിളിയിലുണ്ട് നിങ്ങള്‍ തമ്മിലുള്ള അടുപ്പം തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications











