നീ ഒരു നടനായാലേ മനസിലാകൂ, മമ്മൂക്ക ദേഷ്യപ്പെട്ടു; പിന്നീട് താന്‍ അതാവര്‍ത്തിച്ചിട്ടില്ല: ലാല്‍ ജോസ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതുമുഖ സംവിധായകര്‍ക്കും അവസരം നല്‍കുന്ന നടനാണ്. അടുത്തകാലത്തായി അദ്ദേഹം തെരഞ്ഞെടുക്കുന്ന സിനിമകളും അദ്ദേഹം ചെയ്യുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തതകളും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.
ഇപ്പോഴിതാ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ട് എടുത്തു കഴിഞ്ഞാല്‍ ഓകെ ആണെന്ന് പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലെന്ന് പറയുകയാണ് സംവിധായകരായ ലാല്‍ ജോസും അജയ് വാസുദേവും. മന്ദാകിനി എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് അജയ് വാസുദേവും ലാല്‍ ജോസും ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അജയ് വാസുദേവും ലാല്‍ ജോസും ജൂഡ് ആന്തണി ജോസഫും ജിയോ ബേബിയും സുപ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അല്‍ത്താഫ് സലിമും അനാര്‍ക്കലി മരിക്കാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡി ത്രില്ലര്‍ ആണ് ചിത്രം.
സിനിമയുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ഏറ്റവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന നടനായി തോന്നിയിട്ടുള്ളത് മമ്മൂക്കയെയാണ്. ഇത്രയും കാലത്തെ പരിചയം കൊണ്ട് അദ്ദേഹത്തെ ഏതാണ്ട് ഊഹിക്കാന്‍ പറ്റുന്നതേ ഉള്ളു. സീന്‍ എക്‌സ്‌പ്ലൈന്‍ ചെയ്യുമ്പോള്‍ പുള്ളി സംശയങ്ങള്‍ ചോദിക്കും.
അപ്പോള്‍ കൃത്യമായി മറുപടി പറയണം. അല്ലാതെ ബ്ബ ബ്ബ ബ്ബ അടിക്കുകയോ ഉത്തരവാദിത്തം സ്‌ക്രിപ്റ്റ് എഴുതിയ ആളുടെ തലയില്‍ ഇടുകയോ ചെയ്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ വിധം മാറും. തനിക്കും അതേ സ്വഭാവം ആയതുകൊണ്ട് അദ്ദേഹത്തെ പെട്ടെന്ന് മനസിലാകുമെന്നും ലാല്‍ ജോസ് പറയുന്നു.
ഡയരക്ട് ചെയ്യുന്ന സമയത്ത് എനിക്ക് ചീത്ത കേട്ടിട്ടുള്ളത് ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ ഓക്കെ ആണെങ്കില്‍ അടുത്ത പരിപാടിക്ക് പോകും. അത് ഓകെ ആണെന്ന് പറയാന്‍ വിട്ടു പോകും. അതിന് ചീത്ത കേട്ടിട്ടുണ്ട്. ഇത് ഓകെ ആണെങ്കില്‍ പറഞ്ഞുകൂടെ എന്ന് മമ്മൂക്ക ചോദിക്കും.
ഒരു ദിവസം ഇങ്ങനെ പോകുന്ന സമയത്ത് അദ്ദേഹം വിളിച്ച് ചീത്ത പറഞ്ഞു, ഓകെ ആണെങ്കില്‍ പറഞ്ഞൂടെ, നീ ആക്ടേഴ്‌സിനെ മതിക്കാത്ത സംവിധായകനാണ് എന്നൊക്കെ പറഞ്ഞു.
ഇതേ പ്രശ്‌നം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ അജയ് വാസുദേവും പറഞ്ഞു. അസോസിയേറ്റ് ഡയറക്ടര്‍മാരായി സംവിധാന രംഗത്തേക്ക് വന്ന എല്ലാവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണിത്. നമുക്ക് സമയത്തിന്റെ കുറച്ച് കൂടുതല്‍ ശ്രദ്ധയാണ്. അത് വേസ്റ്റ് ചെയ്യാന്‍ കഴിയില്ല.
ഒരു ദിവസം തന്നെ മമ്മൂക്ക വിളിച്ച് പറഞ്ഞു തന്നു, നീ ഒരു നടനായാലേ അത് നിനക്ക് മനസിലാകൂ. ചെറിയ ആളായിക്കോട്ടെ, വലിയ ആളായിക്കോട്ടെ, നമ്മള്‍ ഷോട്ട് നന്നായി എന്നൊക്കെ കേള്‍ക്കാനാണ് ആക്ടര്‍മാര്‍ ആഗ്രഹിക്കുക. അത് അവര്‍ക്ക് കിട്ടുന്ന ആദ്യത്തെ അവാര്‍ഡ് ആണ്. അതാണ് നീ നിഷേധിക്കുന്നത്. അത് വലിയ ക്രൂരതയാണെന്നും മമ്മൂട്ടി പറഞ്ഞതായി ലാല്‍ജോസ് പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ ഏത് ആക്ടര്‍ ആയാലും ജൂനിയര്‍ ആര്‍ടിസ്റ്റ് ആയാല്‍ പോലും ഷോട്ട് കഴിഞ്ഞാല്‍ നന്നായിരുന്നു കേട്ടോ എന്ന് പറയാറുണ്ട്. പിന്നെ ഞാന്‍ ക്യാമറയുടെ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ എനിക്ക് അത് മനസിലാകാന്‍ തുടങ്ങിയെന്നും ലാല്‍ ജോസ് പറഞ്ഞു.
അജയ് വാസുദേവും സമാനമായ അനുഭവമാണ് പറഞ്ഞത്. ഷോട്ട് ഓക്കെ ആണെങ്കില്‍ അത് പറഞ്ഞൂടെ, ഒന്നുകൂടെ എടുക്കാനാണെങ്കില്‍ വണ്‍സ്‌മോര്‍ പറയാന്‍ മറക്കാറില്ലല്ലോ എന്നാണ് തന്നോട് മമ്മൂക്ക പറഞ്ഞതെന്നാണ് അജയ് വാസുദേവ് പറഞ്ഞത്.


Click it and Unblock the Notifications