'കല്യാണിക്കൊപ്പം അഭിനയിച്ച ശേഷം പ്രിയദർശൻ വിളിച്ച് പരാതി പറയുകയായിരുന്നു'; ലാലു അലക്സ് പറയുന്നു!
തുടക്കകാലത്ത് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനാണ് ലാലു അലക്‌സ്. മലയാളിയുടെ വില്ലൻ സങ്കൽപ്പങ്ങളിൽ പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു അച്ഛൻ കഥാപാത്രത്തിലൂടെ ലാലു അലക്‌സ് വീണ്ടും ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ തിരികെ മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. കുറച്ച് കാലങ്ങളായി എവിടെയായിരുന്നു എന്ന് ചോദിക്കുന്നവരോട് താൻ വെറുതേ ഇരുന്നത് തന്നെയാണെന്നാണ് പറഞ്ഞ താരം സിനിമയിലേക്ക് വീണ്ടും അഭിനയിക്കാൻ എത്തിയതിന്റെ സന്തോഷത്തിലാണ്.
1978ൽ ഈ ഗാനം മറക്കുമോ എന്ന ചിത്രത്തിലൂടെയായിരുന്നു ലാലു അലക്സിന്റെ അരങ്ങേറ്റം. പിന്നെ ഐ.വി ശശി, ജോഷി തുടങ്ങിയ മികച്ച സംവിധായകരുടെ കൂടെ നിരവധി സിനിമകൾ ചെയ്തു. മൂന്നാം മുറയിലെ വില്ലനിൽ നിന്നും ബ്രോ ഡാഡിയിലെ അച്ഛൻ റോൾ വരെ മനോഹരമാക്കി കഴിഞ്ഞു ലാലു അലക്സ്. ബ്രോ ഡാഡി സിനിമ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ലാലു അലക്സിന്റെ കഥാപാത്രമാണ്. അന്നും ഇന്നും അതേ ഊർജസ്വലതയോടെ ലാലു അലക്സ് കഥാപത്രങ്ങൾ ചെയ്യുന്നുവെന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

ബ്രോ ഡാഡി റിലീസ് ചെയ്തപ്പോൾ മുതൽ എല്ലായിടത്തും ലാലു അലക്സാണ് ചർച്ച ചെയ്യപ്പെടുന്നത്. സൂപ്പർ ഹിറ്റ് സിനിമയായ ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ സിനിമയായിരുന്നു ബ്രോ ഡാഡി. ജനുവരി 26ന് ഹോട്ട്സ്റ്റാറിൽ ആണ് സിനിമ റിലീസ് ചെയ്തത്. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, സൗബിൻ, ജഗദീഷ്, ലാലു അലക്സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നത്. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹൈദരാബാദ് ആയിരുന്നു. ലോക്ഡൗൺ സമയത്ത് ചിത്രീകരിച്ച സിനിമ കൂടിയാണ് ബ്രോ ഡാഡി. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയത്. ആശീർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചത്.

ഇപ്പോൾ കല്യാണി പ്രിയദർശനൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാലു അലക്സ്. 'ഞാൻ ആദ്യം കല്യാണി പ്രിയദർശനൊപ്പം അഭിനയിച്ച സിനിമ വരനെ ആവശ്യമുണ്ട് ആയിരുന്നു. ശോഭനയുടെ മകളായിട്ടാണ് കല്യാണി അഭിനയിച്ചത്. പ്രിയദർശനെ ഞാൻ പ്രിയൻ എന്നാണ് വിളിക്കുന്നത്. പരിചയപ്പെട്ടപ്പോൾ മുതൽ അങ്ങനൊരു ബന്ധമാണ് പ്രിയനുമായിള്ളത്. കല്യാണി വളരെ ക്യൂട്ട് കാറ്റാണ്. എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്ന കുട്ടിയാണ്. വരനെ ആവശ്യമുണ്ട് ഷൂട്ടിങ് കഴിഞ്ഞ ശേഷം ഒരു ദിവസം പ്രിയൻ എന്നെ വിളിച്ചു. എന്നിട്ട് എന്നോട് പരാതി പറയുകയായിരുന്നു. എന്റെ മകൾക്കൊപ്പം അഭിനയിച്ചിട്ട് നീ എന്തുകൊണ്ടാണ് അവളുടെ അഭിനയത്തെ കുറിച്ച് എന്നോട് വിളിച്ച് അഭിപ്രായം ഒന്നും പറയാതിരുന്നത് എന്നാണ് അവൻ ചോദിച്ചത്. ഞാൻ വിളിക്കണമെന്ന് കരുതിയിരുന്നതാണ് പിന്നീട് വിട്ടുപോയി. ഞാൻ അവനോട് ഉടൻ തന്നെ സോറി പറഞ്ഞു' ലാലു അലക്സ് പറയുന്നു.

'സിനിമ ചിത്രീകരിക്കാനുള്ള സാങ്കേതിക വിദ്യകളുടെ മാറ്റമാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത്. സ്പോട്ട് എഡിറ്റിങ് എന്ന സംവിധാനം വന്നതിന്റെ അമ്പരപ്പ് എനിക്ക് ഇനിയും മാറിയിട്ടില്ല. പണ്ടൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമായിരുന്നു അത്. ഒടിടി വരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ.സിനിമ മാറുമ്പോൾ ഞാൻ അപ്ഡേറ്റ് ചെയ്യുന്നത് ഇത്തരം സിനിമകൾ കണ്ട് തന്നെയാണ്. മലയാളം തന്നെയല്ല കഴിയാവുന്നത്ര ഭാഷകളിലെ സിനിമകൾ കുത്തിയിരുന്നു കാണും. ഇപ്പോഴും എന്നെ പുതിയ ചിത്രങ്ങൾക്കായി വിളിക്കുമ്പോഴും ആദ്യ ചിത്രത്തിന് വേണ്ടി വിളിച്ചപ്പോൾ അനുഭവിച്ച അതേ ത്രില്ലും സന്തോഷവും തന്നെയാണ് മനസിൽ തോന്നുന്നത്. പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഞാൻ എന്നും തയാറാണ് അതിനായി നന്നായി കഷ്ടപ്പെടുന്നുമുണ്ട്' ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ലാലു അലക്സ് വിശേഷങ്ങൾ പങ്കുവെച്ചത്.


Click it and Unblock the Notifications











