'അച്ഛൻ ജീവനോടെ ഇല്ലെന്ന് കുഞ്ഞിന് അറിയില്ലല്ലോ'; കളി ചിരികളുമായി ചിരുവിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി മകൻ!
കന്നഡ നടൻ ചിരഞ്ജീവി സർജയുടെ വേർപാട് സിനിമാ ലോകത്തിന് തന്നെ വലിയ ആഘാതമായിരുന്നു. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം അന്തരിച്ചത്. മരിക്കുമ്പോൾ മുപ്പത്തിയാറ് വയസായിരുന്നു ചിരുവിന്റെ പ്രായം. ആ സമയത്ത് നടിയും താരത്തിന്റെ ഭാര്യയുമായ മേഘ്ന രാജ് അഞ്ച് മാസം ഗർഭിണിയായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നാല് മാസം കഴിഞ്ഞാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പെട്ടെന്നുള്ള മരണമായിരുന്നു ചിരുവിന്റേത് എന്നതുകൊണ്ട് തന്നെ പ്രിയപ്പെട്ടവന്റെ വേർപാട് ഉൾക്കൊള്ളാൻ മേഘ്നയ്ക്ക് സമയമെടുത്തു.
ചിരുവിന്റെ സംസ്കാരം പൂർത്തിയാകും വരെ അദ്ദേഹത്തിന്റെ ഷർട്ടും കെട്ടിപിടിച്ച് മൃതദേഹത്തിന് അരികിൽ ഇരുന്ന് കരഞ്ഞ മേഘ്ന ഒരു നൊമ്പര കാഴ്ചയായിരുന്നു. ചിരുവിന്റെ മരണ വാർത്ത അറിഞ്ഞയുടൻ താൻ ആദ്യം വിളിച്ചത് തന്റെ ഗൈനക്കോളജിസ്റ്റിനെയായിരുന്നുവെന്ന് മേഘ്ന തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. വലിയൊരു ആഘാതത്തിലൂടെ താൻ കടന്നുപോകുമ്പോൾ കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്ന ചിന്തയുണ്ടായിരുന്നുവെന്നും നടി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിരുവിന്റെ മൂന്നാം ചരമവാർഷികത്തിൽ ഏക മകൻ രായൻ രാജ് സർജ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അച്ഛന്റെ ചിത്രത്തിലേക്ക് കളി ചിരികളോടെ റോസാപ്പൂക്കൾ വാരി വിതറുകയാണ് മകൻ. ജൂനിയർ ചിരുവിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
'അച്ഛൻ ജീവനോടെ ഇല്ലെന്ന് കുഞ്ഞിന് അറിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നുവെന്നാണ്', ഭൂരിഭാഗം പേരും കുറിച്ചത്. ജൂനിയർ ചിരുവിന്റെ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറയുകയാണെന്നും ആരാധകർ കുറിച്ചു.
കാഴ്ചയിൽ രായൻ രാജ് സർജ ചിരുവിനെപ്പോലെയാണെന്നും കമന്റുകളുണ്ട്. മകനിലൂടെ ഭർത്താവ് പുനർജനിച്ചുവെന്ന് വിശ്വസിക്കാനാണ് മേഘ്ന എന്നും ഇഷ്ടപ്പെടുന്നത്. നടന്റെ മരണശേഷം മേഘ്ന ആഗ്രഹിച്ചതും ഒരു മകൻ തനിക്ക് പിറക്കണമെന്നായിരുന്നു. 'എന്റെ ഇന്നലെ... ഇന്ന്... എന്നന്നേക്കും' എന്ന കുറിപ്പോടെയാണ് ചരമവാർഷിക ദിനത്തിൽ ചിരുവിനൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ച് മേഘ്‌ന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
വർഷങ്ങളോളം പ്രണയിച്ച ശേഷം 2018ലാണ് ചിരുവും മേഘ്നയും വിവാഹിതരായത്. പക്ഷെ ഇവരുടെ ദാമ്പത്യത്തിന് രണ്ട് വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. നാല് വയസുകാരനായ മകന്റെ എല്ലാ വിശേഷങ്ങളും മേഘ്ന സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

അടുത്തിടെ മകന്റെ സ്കൂൾ ജീവിതം ആരംഭിച്ചതിന്റെ വിശേഷവും നടി സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. മേഘ്ന ഇപ്പോൾ അഭിനയത്തിലും മോഡലിങിലും പഴയതുപോല സജീവമാണ്. റിയാലിറ്റി ഷോയുടെ ജഡ്ജായും സില്‍വര്‍ സ്‌ക്രീനിലെത്താറുണ്ട് നടി. ഈ വര്‍ഷം മേഘ്‌ന അഭിനയിച്ച രണ്ട് സിനിമകൾ റിലീസിനെത്തും.
ബ്യൂട്ടിഫുൾ, മെമ്മറീസ് അടക്കം ഒരുപിടി നല്ല മലയാള സിനിമകളുടെ ഭാഗമായ നടി കൂടിയാണ് മേഘ്ന. ജൂനിയർ ചിരു പിറന്നപ്പോൾ നസ്രിയയും ഫഹദും അടക്കം നിരവധി താരങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. ഇപ്പോഴും സമയം കിട്ടുമ്പോൾ മേഘ്നയേയും കുഞ്ഞിനേയും കാണാൻ നടി അഹാന അടക്കമുള്ളവർ ബെംഗളൂരുവിലെ വീട്ടിൽ എത്താറുണ്ട്.
ഭർത്താവിന്റെ മരണശേഷം അഭിനയത്തിൽ വീണ്ടും സജീവമായതിനും മോഡലിങ് ചെയ്യുന്നതിനും നിരവധി പേർ നടിയെ വിമർശിച്ചിരുന്നു. 'ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്യുമ്പോൾ പോലും വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് 'ഓ... നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ' എന്നെല്ലാം ചോദിച്ച് കമന്റുകൾ വന്നിരുന്നു.'
'എനിക്ക് അത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചിരുവിനോട് എനിക്ക് എത്രത്തോളം സ്ഹേനമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ലല്ലോ', എന്നാണ് അനുഭവം വെളിപ്പെടുത്തി മേഘ്ന പറഞ്ഞത്.


Click it and Unblock the Notifications











