'ഒന്നും ചെയ്യാനില്ല... ഇനി ദൈവത്തിന് വിട്ടുകൊടുക്കാമെന്ന് ഡോക്ടർ ഇക്കയോട് പറഞ്ഞു, മദ്യപിക്കാത്ത വ്യക്തിയാണ്'
വില്ലന്മാരുടെ ശിങ്കിടിയായി സിനിമയിലേക്ക് കടന്ന് വന്ന് പിന്നീട് വില്ലനായും സഹനടനായും കൊമേഡിയനായും സംവിധായകനായും തിളങ്ങി മൺമറഞ്ഞ് പോയ ഇതിഹാസ താരമാണ് കൊച്ചിൻ ഹനീഫ. സിനിമയിൽ എന്തൊക്കെ വേഷങ്ങൾ ചെയ്യാമോ അതെല്ലാം അദ്ദേഹം മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന കലാജീവിതത്തിനുള്ളിൽ ചെയ്തു. മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഹനീഫ തന്റെ പ്രതിഭ കൊണ്ട് തിളങ്ങിയിട്ടുണ്ട്. ഇദ്ദേഹം ചെയ്തതിൽ ഏറ്റവും മികച്ച റോൾ ഏതെന്ന് കണ്ട് പിടിക്കാൻ പ്രയാസമാണ്.
ഒരു വേഷം കിട്ടിയാൽ അത് എത്രത്തോളം ഗംഭീരമാക്കാമോ അത്രത്തോളം ഗംഭീരമാക്കുമായിരുന്നു അദ്ദേഹം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിന്‍ ഹനീഫയ്ക്ക് മലയാള സിനിമാ ലോകം നിറകണ്ണുകളോടെ യാത്രാമൊഴി നൽകിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിൻ ഹനീഫ മലയാള സിനിമാലോകത്ത് ബാക്കിവെച്ചു പോയ വിടവ് നികത്താനായിട്ടില്ല.

കൊച്ചിന്‍ ഹനീഫ മരിച്ച ദിവസം നടന്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രംഗങ്ങള്‍ ഇന്നും വൈറലാണ്. മലയാള സിനിമയ്ക്ക് ഹനീഫ ആരായിരുന്നുവെന്നത് ആ കരച്ചിലിൽ നിന്ന് തന്നെ വ്യക്തമാണ്. ഇപ്പോഴിതാ പ്രിയ താരത്തെ കുറിച്ച് അമൃത ടിവിയിലെ ഓർമയിലെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സഹോദരൻ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
നടൻ അവസാനമായി അഭിനയിച്ച സിനിമയുടെ ഷൂട്ടിങിന് ഹനീഫിനൊപ്പം കൂട്ടുപോയത് സഹോദരനായിരുന്നു. ഞാനും ഹനീഫ്ക്കയും കൂടിയാണ് ഡോക്ടറെ കാണാൻ പോയത്. ഫയൽ നോക്കിയശേഷം ഡോക്ടർ പറഞ്ഞു... ഒന്നും ചെയ്യാനില്ല... ഇനി ദൈവത്തിന് വിട്ടുകൊടുക്കാമെന്ന്. ഹനീഫ്ക്കയോട് നേരിട്ടാണ് ഈ കാര്യങ്ങളെല്ലാം ഡോക്ടർ പറഞ്ഞത്. അത് കഴിഞ്ഞ് ഒരു മാസം കൂടി മാത്രമെ ഇക്ക ഉണ്ടായിരുന്നുള്ളു. ഏറ്റവും അവസാനം അദ്ദേഹം അഭിനയിച്ചത് തെലുങ്ക് പടത്തിലാണ്.
ആശുപത്രിയിൽ നിന്നും നിർബന്ധം പിടിച്ച് ഡിസ്ചാർജ് വാങ്ങിയാണ് ലൊക്കേഷനിലേക്ക് പോയത്. പോകരുതെന്ന് ഡോക്ടർ ഒരുപാട് വിലക്കി. കാശ് മേടിച്ചതാണ് ചെയ്ത് കൊടുക്കാതിരിക്കാൻ പറ്റില്ലെന്നായിരുന്നു ഇക്കയുടെ മറുപടി. ദുബായിലായിരുന്നു ഷൂട്ട്. ഫ്ലൈറ്റിൽ എന്റെ മടിയിൽ തലവെച്ച് കിടന്നാണ് ഇക്ക യാത്ര ചെയ്തത്. എയർ പോട്ടിൽ നിന്നും ലൊക്കേഷനിലേക്ക് വീൽ ചെയറിൽ കൊണ്ടുപോയി. എസ്.ജെ സൂര്യയായിരുന്നു സംവിധായകൻ.
മനോജ് വാജ്പെയും കല്യാണുമൊക്കെ ഇക്കയുടെ അവസ്ഥ കണ്ട് ഷോക്കായി. ഫ്ലൈറ്റിന്റെ ചിറകിന് മുകളിൽ നിന്നുകൊണ്ടുള്ള ഷോട്ടിലായിരുന്നു ഇക്കയ്ക്ക് അഭിനയിക്കേണ്ടിയിരുന്നത്. നാല് ഡയലോഗുമുണ്ട്. നാല് ക്യാമറവെച്ച് ഒറ്റയടിക്ക് എടുക്കാമെന്ന് എസ്.ജെ സൂര്യ പറഞ്ഞു. പക്ഷെ മേക്കപ്പിട്ട് കഴിഞ്ഞപ്പോൾ ഇക്കയ്ക്ക് ഉഷാർ വന്നു. അങ്ങനെ ഷൂട്ട് പൂർത്തിയാക്കി ഹോട്ടലിൽ തിരികെ വന്നു.

പക്ഷെ അപ്പോഴേക്കും മെമ്മറി പോയി. പിറ്റേദിവസം തന്നെ തിരിച്ച് വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനുശേഷം തിരികെ വന്നിട്ടില്ല. മദ്യപാനം കൊണ്ട് വന്ന കരൾ രോഗമല്ല. ഹനീഫ്ക്ക മദ്യപിക്കില്ലായിരുന്നു. പിതാവിന് കൊടുത്ത ശബതമാണത്. കുടുംബം ഓർത്ത്ഡോക്സായിരുന്നു. അതുകൊണ്ട് സിനിമയിലേക്ക് വിടണമെങ്കിൽ മദ്യപിക്കില്ലെന്ന് വാക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു.
പിതാവിന്റെ മുമ്പിൽ ഇരിക്കുക പോലുമില്ലായിരുന്നു. അത്ര ബഹുമാനമായിരുന്നുവെന്നും താരത്തിന്റെ സഹോദരൻ പറയുന്നു. മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ സിനിമകളായിരുന്നു കൊച്ചിൻ ഹനീഫ അഭിനയിച്ച് അവസാനം റിലീസിനെത്തിയ തമിഴ് സിനിമകൾ.


Click it and Unblock the Notifications











