'ഞങ്ങൾ കുടുംബക്കാർ ഇത് അറിഞ്ഞിട്ടുകൂടിയില്ല, സത്യാവസ്ഥ പുറത്തുകൊണ്ടുവരും'; രേവതിനെതിരെ മണിയുടെ അനുജൻ!
മണി ചേട്ടൻ്റെ വിയോഗശേഷം നിരവധി തെറ്റായ വാർത്തകൾ പ്രചരിച്ച് കണ്ടിട്ടുണ്ട്. അതിലൊക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ടെന്നാണ് സഹോദരൻ രാമകൃഷ്ണൻ പറഞ്ഞത്
നാടന്‍പാട്ടുകളും നര്‍മവും ചാലിച്ച് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഏഴ് വര്‍ഷം പിന്നിടുന്നു. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ്.
ചാലക്കുടിയിലെ മണിയുടെ വീട് തേടിയുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരേയും മണി ഹൃദയത്തോട് ചേര്‍ത്തുവെച്ചിരുന്നു.
ദാരിദ്ര്യത്തിന്റെ ദിനങ്ങളില്‍ നിന്ന് ആരാധക മനസിന്റെ സ്‌നേഹ സമ്പന്നതയിലേക്കാണ് മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്. തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമകള്‍ ചെയ്തിരുന്നു.
കലാഭവൻ മണിയുടെ സഹായം കൊണ്ട് ജീവിതം കെട്ടി പടുത്ത ഒട്ടനവധി പേർ ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലുമായുണ്ട്. അത്തരത്തിൽ മണി നൽകിയ കൈത്താങ്ങ് കൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്ന യുവാവാണ് രേവത്. കുട്ടിക്കാലം മുതൽ രേവതിനും കുടുംബത്തിനും സാമ്പത്തീകമായി അല്ലാതെയും സഹായം നൽകിയിരുന്നത് കലാഭവൻ മണിയാണ്.
അതിന്റെ നന്ദി കൊണ്ട് ഇപ്പോഴും കലാഭവൻ മണിക്ക് വേണ്ടി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ നിരവധി സഹായങ്ങൾ രേവതും നിർധനർക്ക് ചെയ്ത് കൊടുക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കലാഭവൻ മണിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും രേവത് പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. 'കലാഭവൻ മണി ചേട്ടൻ ചെയ്യാതെ പോയ കുറെ കാര്യങ്ങളുണ്ട് ഇവിടെ. അത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ഓരോ ആളുകളും അവരുടെ കഥ വന്ന് എന്നോട് പറയുമ്പോൾ അവരെ സഹായിക്കാൻ ഉള്ള പ്രചോദനം ആകുന്നതും ഇത് തന്നെയാണ്.'
'മണിചേട്ടന് ചെയ്യാൻ ബാക്കി വെച്ച കാര്യങ്ങളുണ്ടെന്നും അറിയുന്നതും അങ്ങനെയാണ്. എനിക്ക് ഒരു ഓട്ടോറിക്ഷ എടുത്തു തന്നു മണിചേട്ടൻ. എന്നാൽ അത് മണിച്ചേട്ടന്റെ വീട്ടുകാർ തിരികെ വാങ്ങി എന്നും' രേവത് ബാബു ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാൽ രേവതിന്റെ ആ പ്രസ്താവന തെറ്റാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ. 'മണിച്ചേട്ടന്റെ വീട്ടുകാർ തന്റെ ഓട്ടോ തിരികെ വാങ്ങിയെന്ന് രേവത് പറയുന്ന ഈ വാർത്ത പച്ച കള്ളമാണ്. ഞങ്ങൾ കുടുംബാംഗങ്ങൾ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല.'
'മണി ചേട്ടൻ്റെ വിയോഗശേഷം നിരവധി തെറ്റായ വാർത്തകൾ പ്രചരിച്ച് കണ്ടിട്ടുണ്ട്. അതിലൊക്കെ ഒരുപാട് വേദന തോന്നിയിട്ടുണ്ട്. ഇന്ന് മണി ചേട്ടൻ്റെ ഓർമ ദിവസമാണല്ലോ ഇത് കഴിഞ്ഞ് ഇതിൻ്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. നിയമ നടപടികളുമായി മുന്നോട്ട് പോകും' എന്നാണ് രാമകൃഷ്ണൻ പറഞ്ഞത്.
ഇതോടെ രേവതും വിശദീകരണവുമായി എത്തി. അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ തെല്ലൊന്ന് തെറ്റിപ്പോയി എന്നാണ് രേവത് ഇപ്പോൾ പങ്കിട്ട ഒരു പോസ്റ്റിൽ പറയുന്നത്. 'എനിക്ക് എട്ട് വർഷം മുമ്പ് സിഡി കച്ചവടം തുടങ്ങി തന്നത് കലാഭവൻ മണിച്ചേട്ടനായിരുന്നു. അന്ന് ഞാൻ സിഡി വിൽക്കാൻ ബാഗ് തൂക്കിയൊക്കെ നടക്കുന്നത് കണ്ട് മണിച്ചേട്ടൻ തന്നെ ഒരു സെക്കൻഡ് ഹാൻഡ് ഓട്ടോ എനിക്ക് വാങ്ങി തന്നു.'
'അങ്ങനെ ഉത്സവപറമ്പുകളിൽ അന്ന് കൊണ്ട് നടന്നു. അങ്ങനെ അദ്ദേഹത്തിന്റെ സുഹൃത്തുകളിൽ ഒരാൾ എന്നെ ഭീഷണിപെടുത്തി പറഞ്ഞു നിനക്ക് ലൈസൻസ് ഒന്നുമില്ലാണ്ട് നീ കൊണ്ട് നടക്കണ്ടായെന്ന്.'
'അങ്ങനെ ഓട്ടോ അവർ തിരിച്ചു വാങ്ങി. അത് അന്ന് തന്നെ അവർ തിരിച്ചു വാങ്ങി ഞാൻ അന്ന് കൊടുത്തു. പിന്നെ അവർ വിറ്റോ എന്നോന്നുമറിയില്ല. അത് 8 വർഷം മുന്നേ കൂടെ ഉണ്ടായിരുന്നവരാണ്. എനിക്ക് ഓർമയിൽ കിട്ടുന്നില്ല' എന്നാണ് പുതിയ പോസ്റ്റിൽ രേവത് പറയുന്നത്.


Click it and Unblock the Notifications