'മണിച്ചേട്ടൻ വാങ്ങി തന്ന ഓട്ടോ വീട്ടുകാർ തിരികെ വാങ്ങി, മരിച്ചെന്ന് കേട്ടതും ഞാൻ ബോധം കെട്ട് വീണു'; രേവത്
ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാർ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്
ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ കലാഭവൻ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. കൈവച്ച എല്ലാ മേഖലകളേയും അദ്ദേഹം ജനകീയമാക്കി തീര്‍ത്തു. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ കലാഭവന്‍ മണിക്കുണ്ടായിരുന്ന ജനപ്രീതി ചെറുതല്ല.
മിമിക്രിയിലൂടെ സിനിമകളിലൂടെ സ്റ്റേജ് ഷോകളിലൂടെ ചാനല്‍ പരിപാടികളിലൂടെ മണി രസിപ്പിച്ചു. ബിഗ് സ്‌ക്രീനില്‍ ചിരിപ്പിച്ചും കരയിപ്പിച്ചും സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു. നായകനും വില്ലനും സഹനടനും കോമേഡിയനായും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊക്കെയും ജീവന്‍ നല്‍കി.

പോയ കാലത്തിന്റെ വറുതിയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട കലാകാരനെന്നതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങി അവരിലൊരാളായാണ് മണി ജീവിച്ചത്. അദ്ദേഹത്തിന്റെ സഹായം കൊണ്ട് ജീവിതം കെട്ടിപടുത്ത ഒട്ടനവധി ആളുകളുണ്ട് അവരെല്ലാം ഇപ്പോഴും മണിയുടെ വേർപാട് വിശ്വസിക്കാൻ തയ്യാറാവാതെ അദ്ദേഹത്തിന്റെ ഓർമകളിൽ ജീവിക്കുകയാണ്.
കലാഭവൻ മണിയെന്ന കലാകാരന്റെ സഹായംകൊണ്ട് ജീവിതം കെട്ടിപടുത്ത ചെറുപ്പക്കാരനാണ് ഓട്ടോ ഡ്രൈവറും സന്നദ്ധ പ്രവർത്തകനുമായ രേവത്.
അദ്ദേഹത്തിന്റെ മരണം താനിന്നും വിശ്വസിച്ചിട്ടില്ലെന്നും എന്നെങ്കിലും മണിച്ചേട്ടൻ തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ രേവത് പറഞ്ഞത്. കലാഭവൻ മണിയെപ്പോലെ തന്നോട് സഹായം അഭ്യർഥിക്കുന്നവരേയെല്ലാം കഴിയും വിധം സഹായിക്കുന്നുണ്ട് രേവതും.
മണിച്ചേട്ടൻ ചെയ്യാൻ ബാക്കി വെച്ച് പോയെ കുറെ കാര്യങ്ങളുണ്ട് ഇവിടെയെന്നും അത് താൻ മണിച്ചേട്ടന് വേണ്ടി ചെയ്യുകയാണെന്നുമാണ് രേവത് പറയുന്നത്.
'ഞാൻ ഇങ്ങനെ ഓട്ടോ ഓടിച്ച് നിർധനരായവരെ സഹായിക്കുന്ന വിവരമൊക്കെ അറിഞ്ഞ് പല ദിക്കിൽ നിന്നും ആളുകൾ ചികിത്സ സഹായവും മറ്റും ചോദിച്ച് എന്നെ വിളിക്കാറുണ്ട്. പക്ഷെ അവരെ സാമ്പത്തീകമായി സഹായിക്കാനുള്ള വരുമാനം എനിക്കില്ല. അക്കാര്യം ഞാൻ അവർ വിളിക്കുമ്പോൾ പറയാറുമുണ്ട്. ഞാനും കഷ്ടപ്പെടുന്നയാളാണ്.'
'ചില സമയങ്ങളിൽ ഒരു നേരം വീട്ടിൽ ഭക്ഷണം വെക്കാനുള്ള പൈസ പോലും കൈയ്യിൽ ഉണ്ടാവാറില്ല. ആ സമയത്തും ഞാൻ സൗജന്യമായി കാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ട്. കലാഭവൻ മണിച്ചേട്ടൻ എനിക്ക് ദൈവ തുല്യനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്ത് എന്നെ കാണാൻ ആഗ്രഹിച്ച് മണിച്ചേട്ടൻ വിളിപ്പിച്ചിരുന്നു.'

'അന്ന് അദ്ദേഹത്തിന്റെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് എന്നെ മണിച്ചേട്ടൻ ക്ഷണിച്ചു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് എന്റെ കൈയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ലോട്ടറി ടിക്കറ്റുകൾ മണിച്ചേട്ടൻ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു. മരിക്കുന്നവരെ പറ്റ് പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു. എന്റെ ചേച്ചിയെ നഴ്സിങ് പഠിപ്പിക്കാൻ പണം തന്നതും മണിച്ചേട്ടനാണ്.'
'വീട്ടിലേക്ക് കറന്റ് കിട്ടാൻ കാരണവും മണിച്ചേട്ടനാണ്. ഞാൻ കഷ്ടപ്പെടുന്നത് കണ്ട് മണിച്ചേട്ടൻ എനിക്കൊരു ഓട്ടോറിക്ഷ വാങ്ങിത്തന്നിരുന്നു. പക്ഷെ പിന്നീട് മണിച്ചേട്ടന്റെ വീട്ടുകാർ അത് എന്നിൽ നിന്നും തിരികെ വാങ്ങി. അന്ന് കേസൊക്കെ ഉണ്ടായിരുന്നു.'
'പിന്നീട് ഒരിക്കൽ ഉത്സവപറമ്പിൽ കാസറ്റ് വിൽപ്പന നടത്തികൊണ്ടിരിക്കവെയാണ് പോലീസുകാർ വന്ന് മണിച്ചേട്ടൻ മരിച്ചുവെന്ന് പറഞ്ഞത്. അന്ന് പോലീസുകാർ പറഞ്ഞത് കേട്ടത് എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ബോധം കെട്ട് വീണു. ഇന്നും ഞാൻ വിശ്വസിക്കുന്നത് മണിച്ചേട്ടൻ തിരിച്ചുവരുമെന്നാണ്.'
'ഒരു സവാരി പോയപ്പോൾ എടുത്ത ലോട്ടറിക്ക് ഒരു ലക്ഷം രൂപ അടിച്ചിരുന്നു. അതിൽ നിന്നും മാറി കിട്ടിയ 69000 തുക ഞാൻ കുറച്ച് ദിവസം മുമ്പ് പരിചയപ്പെട്ട നിർധനയായ ഒരു അമ്മയ്ക്ക് കൊടുത്തു. ഒരിക്കൽ അമ്മയെന്നോട് മകനെ ചികിത്സിക്കാൻ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞിരുന്നു.'
'അതുകൊണ്ട് തന്നെ ലോട്ടറി അടിച്ചപ്പോൾ ആ അമ്മയുടെ മുഖമാണ് ഓർമ വന്നത്. അതുകൊണ്ടാണ് ഓട്ടോയുടെ സിസി അടയ്ക്കുന്ന കാര്യം പെന്റിങിൽ വെച്ചത്. അതിന് ശേഷം എന്റെ കാര്യങ്ങൾ അറിഞ്ഞ് കുറച്ച് സുമനസുകൾ ചേർന്ന് എന്റെ ഓട്ടോയുടെ സിസി അടച്ച് തന്നു. ഫ്രീയായി ഓട്ടോ സവാരി കൊടുക്കുന്നത് കാൻസർ രോഗികൾക്കാണ്.'
'തൃശൂർ ടൗൺ പെർമിറ്റാണ് എനിക്കുള്ളത്. മണിച്ചേട്ടൻ ചെയ്യാതെ പോയെ കുറെ കാര്യങ്ങളുണ്ട് ഇവിടെ. അതുകൊണ്ടാണ് നിർധനരായിട്ടള്ളവർ അവരുടെ കഥ പറയുമ്പോൾ ഞാൻ അവരെ സഹായിക്കുന്നത്. എനിക്ക് സ്വന്തമായി വീടില്ല. മാമനൊപ്പമാണ് താമസിക്കുന്നത്.'
'ഫ്രീയായിട്ടുള്ള സവാരി ഒഴിവാക്കിയ ശേഷം കിട്ടുന്ന വരുമാനം കൊണ്ടാണ് വണ്ടിക്ക് ഇന്ധനവും മറ്റ് ചിലവുകളും നടത്തുന്നത്. അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ച് പോയി. എന്നെ കുറിച്ച് വന്നൊരു ഫീച്ചർ കണ്ടിട്ടാണ് മണിച്ചേട്ടൻ എന്നെ സഹായിക്കാനെത്തിയത്' രേവത് പറഞ്ഞു.


Click it and Unblock the Notifications