രോഗമുണ്ടെന്ന് അറിഞ്ഞാൽ അഭിനയിക്കാൻ വിളിച്ചില്ലെങ്കിലോന്ന് ഭയന്നിട്ടുണ്ടാവും! കൊച്ചിന്‍ ഹനീഫയെ കുറിച്ച് ഭാര്യ
നടന്‍ കൊച്ചിന്‍ ഹനീഫയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇന്നും നടന്റെ കുടുംബം. സിനിമയില്‍ സജീവമായി അഭിനയിച്ചിരുന്നെങ്കിലും ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്നാണ് നടന്‍ മരണപ്പെടുന്നത്. ഇന്നും മലയാള സിനിമയ്ക്ക് ഉണ്ടായ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് കൊച്ചിന്‍ ഹനീഫയുടെ വിയോഗം.
അസുഖബാധിതനാണെന്ന് നേരത്തെ അറിഞ്ഞെങ്കിലും അദ്ദേഹം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. അവസാന കാലത്താണ് പലരും ഇത് മനസ്സിലാക്കുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. നടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ളവര്‍ പൊട്ടിക്കരഞ്ഞ വിയോഗമായിരുന്നു നടന്റേത്.

കൊച്ചിന്‍ ഹനീഫയെ ഓര്‍ത്ത് ഇന്നും വേദനയോടെ കഴിയുകയാണ് നടന്റെ ഭാര്യയും ഇരട്ട പെണ്‍മക്കളും. പിതാവ് മരിക്കുമ്പോള്‍ മക്കള്‍ ചെറുതായിരുന്നു. എന്നാല്‍ ഇന്ന് വളര്‍ന്ന് വലിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ് താരപുത്രിമാര്‍. എന്നാല്‍ മരണമെന്ന സത്യം ഉള്‍ക്കൊണ്ടെങ്കിലും ചില സമയത്ത് അദ്ദേഹം ഇല്ലല്ലോ എന്ന വേദനയുണ്ട് എന്നാണ് ഭാര്യ ഫാസില പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
'ഹനീഫിക്ക മദ്യപിക്കാറില്ല, അലസജീവിതവുമല്ല. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞെങ്കിലും അത് മറച്ചുവെക്കാന്‍ ആയിരുന്നു ഇക്ക ശ്രമിച്ചത്. രോഗമുണ്ടെന്ന് അറിഞ്ഞാല്‍ അഭിനയിക്കാന്‍ ആരും വിളിച്ചില്ലെങ്കിലോ എന്നായിരിക്കും ആ പാവം ചിന്തിച്ചിട്ടുണ്ടാവുക. സിനിമാക്കാരന്‍ ആയിരുന്നെങ്കിലും വലിയ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. മക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധത്തില്‍ ഒരു സിനിമയും വിടാതെ അഭിനയിച്ചു. ആരോഗ്യം പോലും നോക്കിയില്ല. ഇനി അധികം സമയമില്ലെന്ന് മനസ്സിലാക്കിയത് പോലൊരു ഓട്ടപ്പാച്ചില്‍ ആയിരുന്നു.
മരിക്കുന്നതിന് നാലുമാസം മുന്‍പ് മാത്രമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞത്. ഹനീഫിക്കയുടെ രോഗത്തില്‍ സങ്കടവും ദേഷ്യവും കടിച്ചമര്‍ത്തി എന്നോട് സംസാരിച്ചത് മമ്മൂക്കയാണ്. 'എന്തിനിത് അവന്‍ മറച്ചുവെച്ചു, ഒന്ന് പറയാമായിരുന്നില്ലേ? എവിടെ കൊണ്ടുപോയാലും നമ്മള്‍ രക്ഷപ്പെടുത്തുമായിരുന്നില്ലേ' എന്നൊക്കെയാണ് മമ്മുക്ക പറഞ്ഞത്.

പിന്നീട് വീണ്ടും മമ്മൂക്കയെ കണ്ടിരുന്നു. കുഞ്ചന്‍ ചേട്ടന്റെ മകളുടെ കല്യാണത്തിന് കണ്ടപ്പോള്‍ മക്കളൊക്കെ വലുതായല്ലോ രണ്ടുപേരും നല്ലോണം പഠിക്കണം കേട്ടോ, എന്നൊക്കെ പറഞ്ഞ് അദ്ദേഹം അനുഗ്രഹിച്ചിരുന്നു.
മരണമെന്ന വലിയ സത്യത്തോട് എത്രയൊക്കെ പൊരുത്തപ്പെട്ടാലും ചില സമയങ്ങളില്‍ അദ്ദേഹം ഇല്ലല്ലോ എന്നുള്ള കാര്യം ഞങ്ങളെ കണ്ണീരിലാക്കും. പന്ത്രണ്ടാം ക്ലാസില്‍ നല്ല മാര്‍ക്കോടെ ജയിച്ച് സബയും മര്‍വയും സ്‌കൂളിന്റെ ഉപഹാരം വാങ്ങാന്‍ പോയ ദിവസം അവരുടെ കൂട്ടുകാരികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് വന്നത്.
പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ എല്ലാ കുട്ടികളെയും പോലെ സബയുടെയും മാര്‍വയുടെയും കണ്ണുകള്‍ സദസ്സില്‍ പരതി. അന്ന് അവരുടെ ബാപ്പയും ഉമ്മയുമായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടുകാരൊക്കെ അച്ഛനമ്മമാരെ പരിചയപ്പെടുത്തുമ്പോഴും ഒപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോഴുമൊക്കെ ഇരുവരും കണ്ണീരൊളിപ്പിക്കുന്നത് ഞാന്‍ കണ്ടുവെന്നാണ്' ഫാസില പറയുന്നത്...


Click it and Unblock the Notifications











