'കാണുമ്പോൾ ചങ്കുപൊട്ടുന്നു, അച്ഛൻ എവിടെയും പോയിട്ടില്ല, കൂടെയുണ്ട്'; സുധിയുടെ മുഖം ടാറ്റൂ ചെയ്ത് മകൻ!
സ്റ്റേജ് ആർട്ടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ വിയോഗം മലയാളികൾക്ക് ഞെട്ടലായിരുന്നു. സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഇപ്പോഴും സുധിയുടെ വേർപാട് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഠമാർ പഠാറിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർ സുധിയുടെ ചിരിയും കൗണ്ടറുകളും മിമിക്രിയും സ്ഥിരമായി ആസ്വദിച്ചിരുന്നതാണ്.
സുധിയില്ലാത്ത സ്റ്റാർ മാജിക്ക് കാണുന്നത് തന്നെ ഒരു വേദനയാണന്നാണ് സ്ഥിരം പ്രേക്ഷകർ പറയുന്നത്. തൃശൂരിലുണ്ടായ കാർ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. അച്ഛന്റെ വേർപാട് ഉണ്ടായി ഒരുമാസം പിന്നിടുമ്പോൾ സുധിയുടെ മുഖം കയ്യിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് മൂത്ത മകൻ കിച്ചുവെന്ന് വിളിക്കുന്ന രാഹുൽ.
കിച്ചു തന്നെയാണ് അച്ഛന്റെ മുഖം കയ്യിൽ ടാറ്റൂ ചെയ്തതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ദി ഡീപ് ഇങ്ക് ടാറ്റൂസാണ് കിച്ചുവിന്റെ കയ്യിൽ സുധിയുടെ മുഖം ടാറ്റൂ ചെയ്ത് നൽകിയിരിക്കുന്നത്. കൈക്കുഞ്ഞായിരുന്ന കിച്ചുവിനെ സുധിയെ ഏൽപ്പിച്ചാണ് ആദ്യ ഭാര്യ താരത്തെ ഉപേക്ഷിച്ച് പോയത്. അതിന് ശേഷം കിച്ചുവിന്റെ അച്ഛനും അമ്മയുമെല്ലാം സുധിയായിരുന്നു.

ആദ്യ ഭാര്യപോയശേഷം കൈക്കുഞ്ഞായ മകനേയും കൊണ്ട് സ്റ്റേജ് ഷോയിൽ പോയി സ്കിറ്റ് കളിച്ച കഥകൾ സുധി സ്റ്റാർ മാജിക്കിന്റെ വേദിയിൽ വെച്ച് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അന്ന് സുധി പറഞ്ഞ ആ വാക്കുകളും മനോഹരമായൊരു ഗാനവും കൂടി പിന്നണിയിൽ ചേർത്താണ് കിച്ചു ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും മകനും പോലെയായിരുന്നില്ല രണ്ട് സുഹൃത്തുക്കളെപ്പോലെയാണ് കൊല്ലം സുധിയും മകനും കഴിഞ്ഞിരുന്നത്.
പരിപാടിക്ക് പോകുന്ന സ്ഥലങ്ങളിൽ സ്റ്റേജിന് പുറത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് സുധി പരിപാടി അവതരിപ്പിച്ചിരുന്നത്. കുഞ്ഞ് ഉണരുമോയെന്ന ടെൻഷനിലാണ് താൻ സ്കിറ്റ് കളിച്ച് ആളുകളെ ചിരിപ്പിച്ചിരുന്നതെന്ന് സുധി പറഞ്ഞിരുന്നു.
അഞ്ച് വയസൊക്കെ ആയപ്പോൾ മുതൽ അച്ഛനൊപ്പം സ്റ്റേജിൽ കിച്ചുവും കയറുമായിരുന്നു കർട്ടൻ വലിക്കാനൊക്കെ മകൻ നിൽക്കുമായിരുന്നുവെന്നും സുധി തന്നെ മുമ്പ് പറഞ്ഞിരുന്നു. അവസാനത്തെ സ്റ്റേജ് ഷോയ്ക്ക് കിച്ചുവും സുധിക്കൊപ്പം പോകേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം കിച്ചുവിനെ ഒഴിവാക്കി സുധി ഒറ്റയ്ക്ക് പോയി.
കിച്ചു വീഡിയോ പങ്കുവെച്ചതോടെ നിരവധി ആരാധകരാണ് കിച്ചുവിനെ ആശ്വസിപ്പിച്ച് എത്തിയത്. 'വാനം പോലെ ഒരു നൂറു കൈ നീട്ടി മാറിൽ ചേർക്കാം നിറതിങ്കളായി... ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ അകലെ നീ പോയാലും നിഴലാവാം ഞാൻ' എന്ന പാട്ടുകൂടി വീഡിയോയ്ക്ക് പിന്നണിയിൽ കേൾക്കുമ്പോൾ ആരുടെയും കണ്ണ് നിറയും.

'നീ പിടിച്ചെടുക്കും ടാ... അച്ഛന് കിട്ടാതെ പോയ അംഗീകാരങ്ങൾ ഒക്കെയും. നിന്റെ മുഖത്ത് അത് കാണാൻ കഴിയുന്നുണ്ട് മോനെ, ഇങ്ങനെ തളർന്നുപോകല്ലേ മോനെ... കാണുമ്പോൾ ചങ്കുപൊട്ടുകയാണ്, നിന്റെ ചിരിക്കുന്ന മുഖം കാണാൻ കാത്തിരിക്കുന്നു, അച്ഛൻ എവിടെയും പോയിട്ടില്ല കുഞ്ഞേ... നിന്റെ കൂടെത്തന്നെയുണ്ട്', എന്നിങ്ങനെ നിരവധി കമന്റുകളിലൂടെയാണ് ആരാധകർ കിച്ചുവിനെ ആശ്വസിപ്പിക്കുന്നത്.
കിച്ചുവും സുധിയും മാത്രമുള്ള ലോകത്ത് കൂടുതൽ സന്തോഷം നിറഞ്ഞത് താരത്തിന്റെ രണ്ടാം ഭാര്യ രേണുവിന്റെ വരവോടെയാണ്. രേണുവിൽ സുധിയ്ക്ക് ഒരു റിതുൽ എന്നൊരു മകൻ കൂടിയുണ്ട്.
രേണുവിനും കുഞ്ഞിനും ഇപ്പോൾ താങ്ങാകുന്നത് കിച്ചു മാത്രമാണ്. അച്ഛൻ ആഗ്രഹിച്ചപോലെ കുഞ്ഞനിയെ പഠിപ്പിക്കുകയും വീട് വെക്കുകയും ചെയ്യണമെന്നതാണ് കിച്ചുവിന്റെ ആഗ്രഹം. ഒപ്പം തന്റെ പഠനവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കിച്ചു.


Click it and Unblock the Notifications











