സിനിമയ്ക്ക് വേണ്ടി പച്ച മത്തി വായില്‍ കുത്തി കയറ്റി! അച്ഛന്‍ വേദനിച്ചതിനെ കുറിച്ച് കൃഷ്ണന്‍കുട്ടിയുടെ മക്കള്‍
മലയാളത്തില്‍ ഒത്തിരി കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നടനാണ് കൃഷ്ണന്‍കുട്ടി നായര്‍. ഒരു കാലത്ത് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടന്‍ ഒരു അപകടത്തിലാണ് മരിക്കുന്നത്. നടനായ പിതാവിനെ കുറിച്ച് താരത്തിന്റെ മക്കളും ഭാര്യയും തുറന്ന് പറഞ്ഞിരിക്കുകയാണ്. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരകുടുംബാംഗങ്ങള്‍ സംസാരിച്ചത്.
സിനിമയില്‍ കാണുന്നത് പോലെയായിരുന്നില്ല അച്ഛന്‍. തമാശയൊന്നും പറയുന്ന ആളല്ല. വീട്ടിലുള്ളപ്പോള്‍ വായനയും മറ്റുമൊക്കെയായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മരണം ഞങ്ങള്‍ക്ക് വലിയൊരു ഷോക്ക് ആയിരുന്നു. ഒരു അപകടത്തിലാണ് അദ്ദേഹം മരിക്കുന്നത്. ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് വന്നില്ല. ഇപ്പോഴും അത് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് മക്കള്‍ പറയുന്നത്.
ഒരേ തൂവല്‍പക്ഷികള്‍ എന്ന സിനിമയിലെ പ്രകടനത്തിന് അച്ഛന് അവാര്‍ഡ് കിട്ടുമെന്ന് കരുതിയിരുന്നു. കാരണം ശരിക്കും മദ്യപിക്കാതെയാണ് ആ സനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. മാത്രമല്ല യഥാര്‍ഥത്തിലുള്ള പച്ചമത്തി അച്ഛന്റെ വായിലേക്ക് കുത്തി ഇറക്കുന്നൊരു സീനുണ്ടായിരുന്നു അതില്‍. പച്ചയ്ക്ക് തന്നെയാണ് ആ സീന്‍ ചെയ്യുന്നത്.

തലമുടിയും മീശയും പകുതി മാത്രമായി വടിച്ച് കളയുകയും ചെയ്തിരുന്നു. അതൊക്കെയും ഒര്‍ജിനലായി ചെയ്ത സീനുകളാണ്. അത്രയും കഷ്ടപ്പെട്ട് അഭിനയിച്ച സിനിമയാണത്. എനിക്ക് ആ സിനിമയിലൂടെ അവാര്‍ഡ് കിട്ടുമെന്ന് അച്ഛന്‍ വന്ന് ആകെ പറഞ്ഞിട്ടുള്ളതും ഈ സിനിമ മാത്രമായിരുന്നു. പക്ഷേ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അച്ഛന്റെ പേരില്ല. അതില്‍ വലുതായി വിഷമിച്ചിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ എനിക്ക് അവാര്‍ഡ് അല്ല, നിങ്ങളുടെ സ്‌നേഹം മതിയെന്ന് അച്ഛന്‍ വിളിച്ച് പറഞ്ഞിരുന്നു.
അര്‍ഹിച്ച അംഗീകാരം കിട്ടാതെ പോയിട്ടുള്ള നടനാണ് ഞങ്ങളുടെ അച്ഛന്‍. കിട്ടുന്ന വേഷങ്ങള്‍ മാത്രമേ ചെയ്തിരുന്നുള്ളു. നല്ല കഥാപാത്രങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അത് നന്നായി അഭിനയിക്കുമായിരുന്നു. ഞാന്‍ ചില വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വാശി പിടിച്ചോണ്ട് ഇരുന്നിട്ട് കാര്യമില്ല. ചിലപ്പോള്‍ ചിലതൊക്കെ വീണ് കിട്ടും. അതൊക്കെ ഉപയോഗപ്പെടുത്തുക അത്രയേ ഉള്ളുവെന്ന് മകന്‍ പറയുന്നു.
സിനിമയില്‍ നിന്നും സാമ്പത്തികമായി ഒന്നും ഉണ്ടാക്കിയിട്ടില്ല. വീട് ഉണ്ടാക്കിയത് അച്ഛനാണ്. അന്നത്തെ കാലത്ത് അത്രയൊക്കേയെ കിട്ടിയിട്ടുള്ളു. പലതിനും പ്രതിഫലം കിട്ടിയിട്ട് പോലുമില്ലെന്നാണ് മക്കളും ഭാര്യയും പറയുന്നത്. അതേ സമയം കൃഷ്ണന്‍കുട്ടി നായരെ കുറിച്ച് നിരവധി കമന്റുകളാണ് അഭിമുഖത്തിന് താഴെ വരുന്നത്.
'കൃഷ്ണന്‍ കുട്ടി നായര്‍ ഒരു നല്ല നടനായിരുന്നു. ചോദ്യ കര്‍ത്താവിന്റെ ഭാവം കണ്ടാല്‍ അദ്ദേഹം നെടുമുടി വേണു, മുരളി, മമ്മൂട്ടി, എന്നിവരെ പോലെയുള്ളവരുടെ ഫാമിലിയോട് ചോദിക്കുന്ന ചോദ്യങ്ങളാണ്. ഓവറാണ്. അദ്ദേഹം വളരെ നല്ലൊരു നടന്‍ കലാകാരന്‍ ഇത്രമതി. ചോദ്യവും അങ്ങനെ പോരെ', എന്നാണ് ഒരാള്‍ ചോദിക്കുന്നത്.
'സത്യന്‍ അന്തിക്കാടിനെ പോലെയുള്ളവര്‍ക്ക് ഇപ്പോള്‍ തുടര്‍ച്ചയായി സിനിമ എടുക്കാന്‍ കഴിയാത്തത് ആ കാലഘട്ടത്തിലെ പ്രതിഭകള്‍ എല്ലാം മരിച്ചു പോയതു കൊണ്ടാണ്. എന്നാല്‍ ശ്രീ കൃഷ്ണന്‍കുട്ടി നായരുടെ വേഷങ്ങള്‍ക്ക് ഒരു അവകാശിയായി അദ്ദേഹത്തിന്റെ മകനും നടനും കൂടിയായ ശ്രീ ശിവന്‍ ചേട്ടന്‍ ഉണ്ട്. മലയാള സിനിമ ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തണം.
ഇന്ന് മഴവില്‍ കാവടി സിനിമ എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും കൃഷ്ണന്‍ കുട്ടി നായരുടെ വേഷം അവരുടെ മകന് ചെയ്യാം. അതുപോലെ ബോബി കൊട്ടാരക്കരയുടെ സഹോദരന് അദ്ദേഹം ചെയ്ത വേഷവും കൊടുക്കാം. ശങ്കരടിക്ക് പകരം കുഞ്ഞികൃഷ്ണനും (ന്നാ താന്‍ കേസ് കൊട്- സിനിമയിലെ ജഡ്ഡജ്) കൊടുക്കം', എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications











