'മരണശേഷം ടിവിയിൽ പോലും അദ്ദേഹത്തിന്റെ മുഖം കാണുന്നത് സങ്കടമാണ്, വേണ്ടത് ചെയ്തുതരാമെന്ന് കമൽ പറഞ്ഞിരുന്നു'
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണുവിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. മികച്ച കഥാപാത്രങ്ങളുടെ ഉത്സവമായിരുന്നു നെടുമുടി വേണുവിന്റെ സിനിമാ ജീവിതം. കുട്ടനാടിന്റെ ഓരങ്ങളിലെവിടെയോ ലക്ഷ്യബോധമില്ലാതെ അലഞ്ഞു തിരിഞ്ഞ വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്.
സിനിമയിൽ നെടുമുടി നിറഞ്ഞാടിയ വർഷങ്ങൾ എൺപതുകളും തൊണ്ണൂറുകളുമായിരുന്നു. 1978ൽ അരവിന്ദന്‍റെ തമ്പിലൂടെയാണ് നെടുമുടി സിനിമയുടെ ഭാഗമാകുന്നത്. ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു വഴിവെച്ചു.

വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. ഇന്ത്യൻ 2 എന്ന കമൽഹാസൻ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ സോഷ്യൽമീഡിയ ആകെ നിറയുന്നത് നെടുമുടി വേണുവാണ്. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2ൽ അണിയറപ്രവർത്തകർ കൊണ്ടുവന്നിട്ടുണ്ട്.
സിനിമയുടെ പ്രമോഷനായി കേരളത്തിൽ കഴിഞ്ഞ ദിവസം വന്ന കമൽഹാസനും നെടുമുടി വേണുവിനെ കുറിച്ച് വികാരധീനനായാണ് സംസാരിച്ചത്. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. ഇപ്പോഴിതാ നെടുമുടി വേണുവും ഇന്ത്യൻ 2വും വീണ്ടും ചർച്ചയാകുമ്പോൾ ഭാര്യ സുശീല വേണു നെടുമുടി വേണുവും കമൽഹാസനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തി.
മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുശീല വേണു. വീട്ടിൽ വന്നാൽ അദ്ദേഹം (നെടുമുടി വേണു) മെയിനായി ചെയ്യുന്നത് ഉറക്കവും റെസ്റ്റ് എടുക്കലുമാണ്. ഇന്ത്യൻ ടുവിൽ അദ്ദേഹവുമെണ്ടെന്നത് സന്തോഷം നൽകുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മരണശേഷം ടിവിയിൽ പോലും അദ്ദേഹത്തിന്റെ മുഖം കാണുന്നത് എനിക്ക് സങ്കടമാണ്. അതുകൊണ്ട് ഞാൻ കാണാതിരിക്കാൻ ശ്രമിക്കും. പുള്ളിയെ ഐസിയുവിലേക്ക് കൊണ്ടുപോകുന്നത് വരെയും ഞങ്ങൾ വർത്തമാനം പറഞ്ഞ് ഇരുന്നതാണ്.
അതുകൊണ്ട് തന്നെ ഞങ്ങളോടൊപ്പമായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ സജീവമായിട്ടുള്ള മുഖമാണ് എന്റെ മനസിൽ. ആ മുഖമാണ് ഇപ്പോഴും ഞാൻ മനസിൽ നിലനിർത്തിയിരിക്കുന്നത്. പുള്ളിയുടെ ശബ്ദം എവിടെയെങ്കിലും കേട്ടാൽ അപ്പുറത്തെ മുറിയിൽ നിൽക്കുന്നത് പോലെ തോന്നും. അദ്ദേഹം ഉണ്ടായിരുന്നപ്പോഴും ഞാൻ അധികം സിനിമ കാണാറില്ലായിരുന്നു. കാരണം വീടിന്റെ ചുമതല മുഴുവൻ എനിക്കായിരുന്നു.

ഞാൻ ഓവർ ടൈം പണിയെടുക്കുകയാണെന്ന് ഇടയ്ക്കിടെ അദ്ദേഹത്തോട് പറയുമായിരുന്നു. വിവാഹശേഷം ആദ്യം പോയത് മൂന്നാറിലേക്കാണ്. പക്ഷെ അദ്ദേഹം ഒരു സിനിമയുടെ ഷൂട്ടിന് വേണ്ടിയാണ് അവിടേക്ക് പോയത്. പുള്ളി ഷൂട്ടിന് പോകും ഞാൻ രാത്രി വരെ മുറിയിൽ ഇരുന്ന് സമയം ചിലവഴിക്കും. പിന്നെ ചില വിദേശ യാത്ര പോയിട്ടുണ്ട്. പക്ഷെ അതൊക്കെ മഹാബോറായിരുന്നു. പരമശാന്തനാണ് അദ്ദേഹം. ദേഷ്യം എന്താണെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. ദേഷ്യമെന്ന സ്വഭാവമില്ല.
പലപ്പോഴും എന്റെ നിർബന്ധം കൊണ്ടാണ് പുള്ളി പിള്ളാരെ പോലും വഴക്ക് പറഞ്ഞിരുന്നത്. ഞാൻ പിണങ്ങിയിരിക്കുകയാണെന്ന് പോലും പുള്ളിക്ക് മനസിലാവില്ല. എപ്പോഴും അദ്ദേഹത്തിൽ സജീവമായിട്ടുള്ളത് പാട്ടാണ്. അഭിനയിച്ചില്ലായിരുന്നുവെങ്കിൽ പുള്ളി ഒരു സംഗീതഞ്ജനാകുമായിരുന്നു. എന്ത് കിട്ടിയാലും അതിൽ താളം പിടിക്കും. തമിഴിൽ നിന്നും അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ വരാറുണ്ടായിരുന്നു. പക്ഷെ പുള്ളിക്ക് അവിടുത്തെ രീതികളോട് താൽപര്യമില്ല.
താരങ്ങളോട് അവിടെയുള്ളവർ അമിതമായി ആരാധന കാണിക്കുന്നത് പുള്ളിക്ക് ഇഷ്ടമല്ല. കമൽഹാസനുമായി പുള്ളിക്ക് നേരത്തെ മുതൽ അടുപ്പമുണ്ട്. ഇനി മലയാളത്തിൽ നിൽക്കേണ്ട തമിഴിലേക്ക് വരാൻ പറഞ്ഞ് കമൽഹാസൻ അദ്ദേഹത്തെ വിളിക്കുമായിരുന്നു. അവിടെ വേണ്ടത് എല്ലാം ചെയ്തുതരാമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷെ പുള്ളിക്ക് മലയാളം വിട്ടുപോകാന്‍ ഇഷ്ടമല്ലായിരുന്നു.
ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് സമയത്ത് അദ്ദേഹത്തിന് ശാരീരികമായി ചില അസ്വസ്ഥതകളുണ്ടായിരുന്നു. മഞ്ചലിലൊക്കെയാണ് ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ എത്തിച്ചിരുന്നത്. ഇന്ത്യൻ ആദ്യ പാർട്ട് ഞാൻ കണ്ടിരുന്നു. അന്യൻ ഞാൻ കണ്ടിട്ടില്ല. ഞാൻ സിനിമ കാണാത്തതിനെ കുറിച്ച് അദ്ദേഹം ചോദിക്കുമായിരുന്നുവെന്നും സുശീല വേണു പറയുന്നു.


Click it and Unblock the Notifications











