'കുഞ്ഞിന്റെ കാര്യത്തിലാണ് രഘു എപ്പോഴും ഇമോഷണൽ, ധനുഷ് അവന്റെ പേരാണ് പിന്നീട് വെച്ചത്'; രഘുവരന്റെ അമ്മ!
ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ നടന്മാരില്‍ ഒരാളാണ് രഘുവരന്‍. കൊല്ലങ്കോട്ടുകാരനായ രഘുവരന്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ വേറിട്ട അഭിനയ രീതികൊണ്ടും ഡയലോഗ് മോഡുലേഷന്‍ കൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ട നടനാണ്.
വില്ലനായി സ്‌ക്രീനില്‍ പരിചിതനായ രഘു യഥാര്‍ത്ഥ ജീവിതത്തില്‍ അതിന് നേരെ വിപരീതമാണെന്നാണ് പരിചിതര്‍ പറയുന്നത്. 2008ല്‍ ആണ് രഘുവരന്‍ ലോകത്തോട് വിടപറഞ്ഞത്. 1996ല്‍ ആണ് രഘുവരനും രോഹിണിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.
1998ല്‍ മകൻ ഋഷിവരന്‍ ജനിച്ചു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് എല്ലാം മാറി നിന്ന് സമ്പൂര്‍ണ കുടുംബ ജീവിതം നയിക്കുകയായിരുന്നു രോഹിണി. എന്നാല്‍ 2004ല്‍ രഘുവരനുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞു. രഘുവിന്റെ മദ്യപാന ശീലമായിരുന്നു വേര്‍പിരിയലിന് കാരണം. തുടര്‍ന്ന് അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷവും രഘുവും രോഹിണിയും നല്ല ബന്ധം സൂക്ഷിച്ചിരുന്നു.

മകന്‍ രോഹിണിയ്‌ക്കൊപ്പമാണ് ഉണ്ടായിരുന്നത്. വിവാഹ മോചനത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും രഘുവരന്‍ മരണപ്പെട്ടു. അമിത മദ്യപാനം കാരണം അവയവങ്ങള്‍ നശിച്ചതാണ് മരണ കാരണം. മരണശേഷം മകനൊപ്പം എത്തിയ രോഹിണി എല്ലാ ചടങ്ങുകളും ഭാര്യയുടെ സ്ഥാനത്ത് നിന്ന് തന്നെ നിര്‍വഹിച്ചതും ശ്രദ്ധേയമായിരുന്നു.
ഇപ്പോഴും രഘുവരന്റെ ഓര്‍മകള്‍ രോഹിണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. എപ്പോഴും രഘുവരന്റെ ഒരേയൊരു ഇമോഷൻ മകൻ ഋഷിവരന്‍ മാത്രമായിരുന്നുവെന്നാണ് താരത്തിന്റെ അമ്മ കഴിഞ്ഞ ദിവസം ഇന്ത്യാഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'രോഹിണിയുമായി ഡിവോഴ്സായ ശേഷം കുഞ്ഞ് രോഹിണിക്കൊപ്പമാണ് വളർന്നത്. മകനെ എപ്പോഴും കൂടെ തന്നെ നിർത്തണം എന്ന ആഗ്രഹം രഘുവരന് ഉണ്ടായിരുന്നു. കുഞ്ഞ് അടുത്തില്ലാത്ത സമയങ്ങളിൽ രഘു അപ്സെറ്റായിരുന്നു.'
'കുഞ്ഞിന്റെ വിഷയത്തിൽ മാത്രമാണ് രഘു ഇമോഷണലാകുന്നതും ഫീലിങ്സോടെ ഇരിക്കുന്നതും. അതുപോലെ തന്നെ ആ കുഞ്ഞിനും അച്ഛൻ എന്ന് പറഞ്ഞാൽ ജീവനായിരുന്നു. കുഞ്ഞിനോട് അവന് വളരെ സ്നേഹമായിരുന്നു. ഋഷി ചെറുതായിരുന്നപ്പോൾ മുതൽ എടുത്ത് വളർത്തിയത് ഞാനാണ്. ഇപ്പോൾ അവൻ സ്റ്റേറ്റ്സിലാണുള്ളത്.'

'ഋഷി ഇടയ്ക്ക് ഞങ്ങളെ വിളിച്ച് സംസാരിക്കാറുണ്ട്. രഘുവരന്റെ യാരടി നീ മോഹനിയാണ് ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ. അവൻ അഭിനയിച്ച സിനിമകളെല്ലാം എപ്പോൾ ടിവിയിൽ വന്നാലും വിടാതെ കാണാറുണ്ട്. യാരടി നീ മോഹനിയിലാണ് രഘു വളരെ നാച്വറലായി തോന്നിയത്. അവന്റെ സ്വഭാവം തന്നെയാണ് ആ കഥാപാത്രത്തിനും.'
'യാരടി നീ മോഹിനി ഷൂട്ടിങ് കഴിഞ്ഞ് വന്നപ്പോൾ ഏറ്റവും കൂടുതൽ രഘു സംസാരിച്ചത് ധനുഷിനെ കുറിച്ചാണ്. മകനുമായി ധനുഷിന് സാമ്യമുണ്ടെന്ന് പറയാറുണ്ടായിരുന്നു. അവന് ധനുഷിനെ കാണുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ഇരുവരും നല്ല ക്ലോസായിരുന്നു.'
'വേലയില്ല പട്ടതാരിയിലെ കഥാപാത്രത്തിന് രഘുവരൻ എന്ന പേര് ധനുഷ് വെച്ചത് പോലും രഘുവിനോടുള്ള സ്നേഹത്തിന്റെ പുറത്താണെന്നും', അമ്മ പറയുന്നു. രഘുവരന്റെ പതിനഞ്ചാം ചരമദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് രോഹിണി ട്വിറ്ററില്‍ പങ്കുവെച്ചത്. രഘുവരന്‍ ജീവനോടെയിരുന്നെങ്കില്‍ സിനിമയുടെ ഈ കാലഘട്ടത്തെ ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ സന്തോഷത്തോടെ ഇഷ്ടപ്പെടുമായിരുന്നുവെന്നാണ് രോഹിണി കുറിച്ചത്.
2008 മാര്‍ച്ച് 19 ഒരു സാധാരണ ദിവസമായി തുടങ്ങിയെങ്കിലും എനിക്കും റിഷിക്കും ഇടയിലെ എല്ലാം അന്നേ ദിവസം മാറിമറിഞ്ഞു. സിനിമയുടെ ഈ മനോഹരമായ കാലത്തെ രഘു ഒരുപാട് ആസ്വദിച്ചേനെ... ഒരു നടന്‍ എന്ന നിലയിലും സന്തോഷവാനായിരുന്നേനെ എന്നും രോഹിണി കുറിച്ചിരുന്നു. ഇന്നും മകന് വേണ്ടിയാണ് രോഹിണി ജീവിക്കുന്നത്.


Click it and Unblock the Notifications











