'മമ്മൂക്ക നോക്കിക്കോളുമെന്നാണ് അമ്മ പറഞ്ഞത്, സിനിമയില്‍ ഒതുങ്ങുന്ന ബന്ധമല്ല അച്ഛനും മമ്മൂക്കയും തമ്മിലുള്ളത്'
മലയാളത്തിലെ ഗംഭീര വില്ലന്‍ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ നിന്ന് മോഹന്‍ തോമസിനെ ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ല. അത്രത്തോളം ഇംപാക്ട് പ്രേക്ഷകരില്‍ ഉണ്ടാക്കിയ കഥാപാത്രമായിരുന്നു അത്. മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും ഒരുപോലെ തിളങ്ങിയ നടന്‍ രതീഷ് ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1977ല്‍ പുറത്തിറങ്ങിയ വേഴാമ്പല്‍ എന്ന സിനിമയിലൂടെയാണ് രതീഷ് അഭിനയ രംഗത്തേക്ക് വരുന്നത്.
ഉള്‍ക്കടല്‍ എന്ന കെ.ജി ജോര്‍ജിന്റെ സിനിമയിലൂടെയാണ് നടന്‍ എന്ന രീതിയില്‍ രതീഷ് ശ്രദ്ധ നേടുന്നത്. 1981ലെ തുഷാരം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായി മാറുന്നത്. ഈ സിനിമയ്ക്ക് ശേഷമാണ് ജയന് ശേഷം രതീഷ് എന്ന് പ്രേക്ഷകര്‍ പറയാന്‍ ആരംഭിച്ചത്.

1990ലാണ് സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ നിന്ന് വില്ലന്‍ റോളുകളിലേക്ക് രതീഷ് സജീവമാവുന്നത്. വില്ലന്‍ നായകനാകുന്നതാണ് സിനിമയില്‍ സാധാരണ പതിവെങ്കില്‍ രതീഷ് നായക വേഷത്തില്‍ നിന്നും വില്ലന്‍ വേഷത്തിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്. അവിടെയും രതീഷ് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുക തന്നെ ചെയ്തു. മലയാളം, തമിഴ് എന്നീ ഭാഷകളിലായി 158 സിനിമകളിലാണ് രതീഷ് അഭിനയിച്ചത്.
അയ്യര്‍ ദി ഗ്രേറ്റ്, ചക്കിക്കൊത്ത ചങ്കരന്‍, ബ്ലാക്ക് മെയ്ല്‍, റിവെഞ്ച്, എന്റെ ശബ്ദം എന്നീ സിനിമകള്‍ രതീഷ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. 2001ല്‍ സീരിയലുകളിലും രതീഷ് അഭിനയിച്ചിരുന്നു. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ കമ്പത്ത് നടത്തിയ കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് രതീഷ് കുപ്പുകുത്തിയിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമായെങ്കിലും ജീവിതം പിടിച്ചുനിര്‍ത്താമെന്ന് കരുതിയ താരത്തെ വിധി മുന്നോട്ട് പോകാന്‍ അനുവദിച്ചില്ല.
തന്റെ 48-ാം വയസിലാണ് രതീഷ് ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചത്. രതീഷിന്റെ മരണശേഷം അദ്ദേഹത്തിന് കുടുംബത്തിന് തണലായി നിന്നത് നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയുമായിരുന്നു. രതീഷിന്റെ മക്കളിൽ രണ്ടുപേർ സിനിമയിൽ സജീവമാണ്. മകൾ പാർവതി വിവാഹിതയാകുന്നത് വരെ സിനിമയിൽ അഭിനയിച്ചിരുന്നു. കുടുംബ ജീവിതത്തിലേക്ക് തിരിഞ്ഞതോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. മകൻ പദ്മരാജ് ഇപ്പോഴും സിനിമയിൽ സജീവമാണ്.
കഴിഞ്ഞ പത്ത് വർഷമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന പദ്മരാജിന്റെ ഏറ്റവും പുതിയ സിനിമ ഡിഎൻഎയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സിനിമ ജീവിതത്തെ കുറിച്ച് പദ്മരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഡിഎൻഎ സിനിമയിൽ ഡി.വൈ.എസ്.പിയുടെ വേഷമാണ് ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ മൂഡില്‍ പോകുന്ന ചിത്രമായതുകൊണ്ട് കൂടുതല്‍ ഒന്നും പറയാനാവില്ല.

മുമ്പും പോലീസ് കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഡി.എന്‍എയിലേത് കുറച്ച് ദൈര്‍ഘ്യമുള്ള റോളാണ്. ജോഷി സാറും സുരേഷ് ബാബു സാറുമാണ് ഞാന്‍ ജോലി ചെയ്തതില്‍ ഏറ്റവും സീനിയര്‍ സംവിധായകര്‍. സുരേഷ് ബാബു സാറിനൊപ്പം ജോലി ചെയ്ത അനുഭവം എന്തായിരുന്നെന്ന് ചോദിച്ചാല്‍ എന്റെ അച്ഛനേക്കുറിച്ചുള്ള ഒരുപാട് കഥകള്‍ സാറില്‍നിന്ന് കേള്‍ക്കാന്‍ പറ്റി എന്നതിലാണ്.
കരിയറിന്റെ തുടക്കത്തില്‍ ചില അഭിമുഖങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ അച്ഛന്റെ വില്ലന്‍ വേഷങ്ങള്‍ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് അക്കാര്യം പറഞ്ഞത്. പിന്നെ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങള്‍ തേടിവരാന്‍ തുടങ്ങി. പത്ത് വര്‍ഷത്തിനിടെ 20 ചിത്രങ്ങള്‍ ചെയ്തു.
എല്ലാത്തരം റോളുകളും ചെയ്യണമെന്നത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ കരിങ്കുന്നം സിക്‌സസിലും വേഷമിട്ടു.
ഫയര്‍മാനില്‍ അഭിനയിക്കാന്‍ സെറ്റിലേക്ക് പോകുമ്പോള്‍ അമ്മ, സുരേഷ് ഗോപി അങ്കിള്‍, സുരേഷ് കുമാര്‍ അങ്കിള്‍ എന്നിവരോടാണ് അനുഗ്രഹം തേടിയത്. നീ ഒന്നുകൊണ്ടും പേടിക്കേണ്ട മമ്മൂക്കയുടെ സെറ്റിലേക്കാണ് നീ പോകുന്നത്. ഇക്ക എല്ലാം നോക്കിക്കോളും എന്നാണ് അമ്മ പറഞ്ഞത്. അമ്മ പറഞ്ഞതുപോലതന്നെ മമ്മൂക്ക എന്നെ അതുപോലെ നോക്കി.
സിനിമയില്‍ മാത്രം ഒതുക്കാന്‍ പറ്റുന്ന ബന്ധമല്ല അച്ഛനും മമ്മൂക്കയും തമ്മിലുള്ളത്. ഇപ്പോഴും അത് തുടര്‍ന്നുവരുന്നുണ്ട്. സുരേഷ് ഗോപി അങ്കിള്‍ എംപിയായപ്പോള്‍ ഞാന്‍ മെസേജ് അയച്ചിരുന്നു. ആ സമയത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല.
അദ്ദേഹത്തിനെ ഞാന്‍ നേരിട്ട് വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്തിരുന്നില്ല. എല്ലാം രാധികാന്റി വഴിയോ ഗോകുല്‍ വഴിയോവാണ് ചെയ്യാറുള്ളത്. കാരണം അങ്കിള്‍ അത്രയും തിരക്കുള്ളയാളാണെന്നാണ് പദ്മരാജ് വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ പറഞ്ഞത്.


Click it and Unblock the Notifications











