'ജോഗി മരിക്കുമ്പോൾ വീടിന് മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു, കടക്കാർ ദിവസവും വീട്ടിൽ വരാൻ തുടങ്ങി'; ജിജി
നിരവധി സിനിമകളിൽ വില്ലനായും സ്വഭാവ നടനായുമൊക്കെ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച് അകാലത്തിൽ മരണമടഞ്ഞ നടനാണ് സന്തോഷ് ജോഗി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വേർപാടിന് 13 വർഷം തികഞ്ഞു. സന്തോഷ് ജോഗിയെ 2010 ഏപ്രിൽ 13ന് തൃശൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജമാണിക്യം, പെന്മുടി പുഴയോരത്ത്, കീർത്തിചക്ര, ഛോട്ടാ മുംബൈ, മായാവി തുടങ്ങി നിരവധി സിനിമകളിൽ സഹനടനായിട്ടാണ് സന്തോഷ് ജോഗി അഭിനയിച്ചത്.
മുപ്പത്തിനാലാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ചിത്രലേഖ, കപില എന്നിങ്ങനെ രണ്ട് പെൺകുഞ്ഞുങ്ങളാണ് സന്തോഷ് ജോഗിക്കും ഭാര്യ ജിജിക്കുമുള്ളത്. സന്തോഷ് ജോഗിയുടെ മരണശേഷം കുടുംബത്തെ കടത്തിൽ നിന്നും ഉയർത്തിക്കൊണ്ടുവരാൻ വർഷങ്ങളുടെ പ്രയത്നമാണ് ജിജിക്ക് വേണ്ടി വന്നത്.

ഗായികയും എഴുത്തുകാരിയും അഭിനേതാവുമൊക്കെയായ ജിജി മുമ്പ് തന്റെ ഭർത്താവ് സന്തോഷ് ജോഗിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. വനിത മാഗസീന് നൽകിയ അഭിമുഖത്തിലാണ് ജിജി ജോഗി ഭർത്താവിനെ കുറിച്ച് സംസാരിച്ചത്. ആത്മഹത്യ ചെയ്ത ഭര്‍ത്താവ് സന്തോഷ് ജോഗിക്ക് എഴുതുന്ന കത്തുകളെന്ന പോലെ നിനക്കുള്ള കത്തുകള്‍ എന്ന പേരിൽ ജിജി മുമ്പൊരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസായിരുന്നു ജിജിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ നാലും രണ്ടും വയസുള്ള പിഞ്ചുപെൺകുഞ്ഞുങ്ങളേയും തന്റെ മാതാപിതാക്കളേയും ചേർത്ത് പിടിച്ച് തെരുവിലേക്കെന്ന പോലെ ഇറങ്ങേണ്ടി വന്നിരുന്നു ജിജിക്ക്.
'അടുത്ത കാലത്താണ് ഇഷ്ടമുള്ളത് പഠിക്കാമെന്ന് തീരുമാനിച്ചതും അപ്ലൈഡ് സൈക്കോളജിയിൽ പിജിയും കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പിയിൽ ഡിപ്ലോമയും എടുത്തത്. പണ്ട് മുതൽ ഞാൻ കുഴപ്പമില്ലാത്ത ഒരു കേൾവിക്കാരിയാണെന്ന് പലരും പറയാറുണ്ട്. നമ്മുടെ ജീവിതത്തിൽ ഒരാൾ കേൾക്കാൻ ഉണ്ടാകുക എന്നത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.'
'അങ്ങനെ ഒരാൾ ഉള്ളതിന്റെ സന്തോഷവും ഇല്ലാത്തതിന്റെ ബുദ്ധിമുട്ടും അറിഞ്ഞിട്ടുണ്ട് ഞാൻ. അതും ഈ മേഖലയിലേക്ക് കടക്കുന്നതിൽ പ്രചോദനമായി. കൗൺസിലിങ് സെന്ററും പബ്ലിക്കേഷനും എന്നെ സംബന്ധിച്ച് അതിജീവനത്തിന്റെ കൂടി ഭാഗമാണ്.'

'ജോഗി മരിക്കുമ്പോൾ വീടിന് മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും. എനിക്ക് ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യോഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിന് മുന്നിൽ വരാൻ തുടങ്ങി. ഒടുവിൽ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങൾ തീർത്ത് എങ്ങോട്ടെങ്കിലും പോയാൽ മതി എന്ന ചിന്തയായി. എന്റെ വീടായിരുന്നു അത്.'
'ഷോർട്ട് ഫിലിമിന് വേണ്ടിയാണ് ജോഗി അതിന്റെ പ്രമാണം പണയം വെച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ജോഗി മരിച്ച് ഒരു കൊല്ലത്തിനുള്ളില്‍ നാലും രണ്ടും വയസുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ട് തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. ഞങ്ങളും ഒരു വാടക വീട്ടിലേക്ക് മാറി.'
'പൂജ്യത്തിൽ നിന്ന് ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അതിനുശേഷം ഞാൻ. സീതാറാം ആയുർവേദ ഫാർമസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ട് ചെലവ് നടക്കുമായിരുന്നില്ല. രണ്ട് ചെറിയ കുട്ടികള്‍, അമ്മ നിത്യരോഗി, കടങ്ങള്‍ അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങിയത്.'
'അഞ്ച് മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. ഒപ്പം ഓൺലൈനിൽ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്ക് തിരികെ കയറുകയായിരുന്നു. കടങ്ങൾ വീട്ടിത്തുടങ്ങി, കുറച്ച് സ്ഥലം വാങ്ങി, വീട് പണി തുടങ്ങി തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു' ജിജി ജോഗി പറഞ്ഞു.


Click it and Unblock the Notifications