'മകന്റെ മരണം വിവേകിനെ തളർത്തി, സൂപ്പർസ്റ്റാറുകൾക്ക് പ്രിയപ്പെട്ട നടൻ; പെട്ടെന്നുള്ള കുഴഞ്ഞ് വീഴലും മരണവും'
അന്തരിച്ച നടൻ വിവേകിനെ പ്രേക്ഷകർ മറന്നിട്ടില്ല. തമിഴ് സിനിമാ രംഗത്ത് കോമഡി നടനായി തിളങ്ങിയ വിവേകിന്റെ കോമഡി സീനുകൾ ഇന്നും ജനപ്രിയമാണ്. ഓൺസ്ക്രീനിൽ കോമഡി താരമായ ഓഫ് സ്ക്രീനിൽ മറ്റൊരു വ്യക്തിത്വമായിരുന്നു. തമിഴിലെ സൂപ്പർതാരങ്ങളിൽ പോലും ഇത്രയും പക്വതയും സാമൂഹിക ഉത്തരവാദിത്വവും തമിഴ് ജനത കണ്ടിട്ടില്ല. വിവേകിനെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
താനുമായി വിവേകിന് വലിയ സൗഹൃദമുണ്ടായിരുന്നെന്ന് ആലപ്പി അഷ്റഫ് പറയുന്നു. തമിഴിലെ കണ്ടുമടുത്ത കോമഡികളെ തുടച്ച് മാറ്റി അവിടെയാെരു പുതിയ പാത പണിയുകയാണ് വിവേക് ചെയ്തത്. തമിഴിലെ സൂപ്പർസ്റ്റാർ സിനിമകളിലെ അവിഭാജ്യ ഘടകമായി വിവേക് മാറി. രജിനികാന്ത്, വിജയ്, അജിത്ത് തുടങ്ങി എല്ലാ സൂപ്പർസ്റ്റാറുകളും വിവേകിനെ കൂടെ ചേർത്തു. നല്ലൊരു വ്യക്തിയെന്ന നിലയിൽ അവരുടെ ഇഷ്ടവും സ്നേഹവും വിവേകിന് നൽകി.

സിനിമാ ചരിത്രത്തിലാദ്യമായി ഒരു കോമഡി നടൻ ഇന്ത്യൻ പ്രസിഡന്റിനെ ഇന്റർവ്യൂ ചെയ്തു. അത് വിവേകിന് മാത്രം കിട്ടിയ ഭാഗ്യമാണ്. എപിജെ അബ്ദുൾ കലാം പ്രസിഡന്റായിരിക്കുമ്പോൾ സൺ ടിവിക്ക് വേണ്ടി അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തത് വിവേകാണ്. എപിജെ അബ്ദുൾ കലാം വിവേകിന്റെ കടുത്ത ആരാധകനായിരുന്നു. അബ്ദുൾ കലാം ഏറെ വിനയത്തോടെയും സ്നേഹത്തോടെയുമാണ് വിവേകിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
വിവേകിന് മക്കളായിട്ട് പെൺകുട്ടികളും ഒരു മകനുമാണുണ്ടായിരുന്നത്. മകൻ പ്രസന്നയ്ക്ക് 15 വയസുള്ളപ്പോൾ ഡെങ്കിപ്പനി ബാധിച്ചു. ഒരു മാസത്തിലേറെ ആശുപത്രിയിൽ കിടന്ന് ചികിത്സിച്ചെങ്കിലും കോമയിലേക്ക് പോകുകയും മരണപ്പെടുകയുമാണുണ്ടായത്. മകന്റെ മരണം അദ്ദേഹത്തെ മാനസികമായി ആകെ തളർത്തി. അഞ്ച് തവണ മികച്ച ഹാസ്യ താരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം വിവേക് കെെവരിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ ഉന്നത പുരസ്കാരമായ കലെെമാമണി പട്ടവും ലഭിച്ചു. 2009 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 2021 ഏപ്രിൽ 16 ന് ഷൂട്ടിംഗ് ലൊക്കേഷനിൽ വിവേക് കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ശ്വാസ തടസവും നെഞ്ച് വേദനയും വർധിക്കുകയും തുടർന്ന് ബോധരഹിതനാകുകയും ചെയ്തു. തലേദിവസം അദ്ദേഹം കൊവിഡിനുള്ള കുത്തിവെപ്പെടുത്തിരുന്നു.
പെട്ടെന്നുള്ള കുഴഞ്ഞ് വീഴലിനും മരണത്തിനും കാരണം ഇതാണെന്ന പ്രചരണം അന്ന് വ്യാപകമായുണ്ടായി. എന്നാൽ ഹാർട്ടിലുണ്ടായ ബ്ലോക്ക് മൂലം മരണം സംഭവിച്ചു എന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്. 2021 ഏപ്രിൽ 17 ന് വിവേകിയായ കോമഡിയുടെ രാജാവ് അകാലത്തിൽ പൊലിഞ്ഞു. അദ്ദേഹത്തിന്റെ പേര് നിലനിർത്തുന്നതിലേക്ക് അദ്ദേഹം താമസിച്ചിരുന്ന തെരുവിന്റെ പേര് ചിന്ന കലെെവനാർ വിവേക് റോഡ് എന്ന് പുനർനാമകരണം ചെയ്തെന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications