കല്‍പനയെ പേടിപ്പിച്ച് തിരികെ കൊണ്ട് വരാമെന്നാണ് കരുതിയത്! കേസ് കൊടുത്തതും അതിനാണ്, പക്ഷേ കൈവിട്ട് പോയി...
പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നടി കല്‍പനയുടെ ദാമ്പത്യ ജീവിതം ഇടയ്ക്ക് പ്രതിസന്ധിയിലായി. ഭര്‍ത്താവുമായി പിണങ്ങിയ കല്‍പന അദ്ദേഹത്തിന്റെ വീട് വിട്ടു പോവുകയായിരുന്നു. മരിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടി ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിരുന്നു. ശരിക്കും കല്‍പനയ്ക്കും ഭര്‍ത്താവിനും ഇടയിലെ പ്രശ്‌നം എന്താണെന്ന് അധികം ആര്‍ക്കും അറിയില്ലായിരുന്നു.
വേര്‍പിരിഞ്ഞ് ശത്രുക്കളെപ്പോലെ ആവാന്‍ മാത്രം പ്രശ്‌നങ്ങള്‍ ഒന്നും തങ്കള്‍ക്കിടയില്‍ ഇല്ലായിരുന്നു. ചിലര്‍ ചേര്‍ന്നുണ്ടാക്കിയ തെറ്റിധാരണകള്‍ അല്ലാതെ പരസ്പര പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് തങ്ങള്‍ പിരിഞ്ഞതെന്ന് പറയുകയാണ് അനില്‍ കുമാര്‍. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താര ഭര്‍ത്താവ്.

''ഒരിക്കലും ഞങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടായിട്ടില്ല. ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല ഞങ്ങള്‍ അകന്നുപോയത്. ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുറ്റുമുള്ളവരാണ് ഞങ്ങളെ രണ്ടു വഴിയാക്കിയത്. സത്യം പറഞ്ഞാല്‍ എന്തിനായിരുന്നു ഞങ്ങള്‍ പിണങ്ങിയതെന്ന് ഇപ്പോഴും എനിക്കറിയില്ല. എല്ലാ ദമ്പതിമാര്‍ക്കിടയിലും പതിവുള്ളതുപോലെ ചെറിയൊരു പിണക്കത്തില്‍ നിന്ന് തുടങ്ങിയതാണ്.
ചില നിക്ഷിപ്ത താല്പര്യക്കാര്‍ പിന്നില്‍ നിന്ന് അത് ആളിക്കത്തിച്ചു. ചെറിയ മുറിവുകള്‍ വലിയ വ്രണമാക്കി മാറ്റി. കല്‍പനയെ എനിക്ക് സംശയമാണെന്ന് വരെ പറഞ്ഞു പരത്തി. കല്‍പന എങ്ങനെയുള്ള ആളാണെന്ന് ഫിലിം ഇന്‍ഡസ്ട്രിയിലുള്ള എല്ലാവര്‍ക്കും അറിയാം. അങ്ങനെ ഒരാളെ ഞാന്‍ സംശയിക്കുന്നത് എന്തിനെന്ന് അനില്‍ കുമാര്‍ ചോദിക്കുന്നു.
ഓരോ ദിവസവും അവള്‍ വരുമെന്ന് കരുതി ഞാന്‍ കാത്തിരുന്നു. അക്കാലത്തൊക്കെ വീടിന്റെ മുന്‍ വാതില്‍ ഏറെ വൈകിയേ അടയ്ക്കുമായിരുന്നുള്ളൂ. പെട്ടെന്ന് ഏതെങ്കിലും ഒരു നിമിഷം മുന്നറിയിപ്പില്ലാതെ കല്‍പന കയറി വന്നാലോ എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. എനിക്കും അതേ പ്രതീക്ഷയായിരുന്നു.
കല്‍പ്പനയ്ക്ക് ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ചികിത്സയും നടത്തിയിരുന്നു. ഒരുമിച്ചുള്ളപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു മരുന്നു കഴിപ്പിക്കും. തമ്മില്‍ അകന്നശേഷം അവസാനമായി ഞാന്‍ അവള്‍ക്ക് അയച്ച മെസ്സേജ് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അത് 'മരുന്നു മുടക്കരുത്, സമയത്ത് ഓര്‍ത്തെടുത്ത് കഴിക്കണം' എന്നായിരുന്നു.

കല്‍പ്പന മരിക്കുംവരെ തന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നില്ലെന്നും അനില്‍ പറയുന്നു. അതിലേക്ക് ചേട്ടാ ഞാന്‍ വരികയാണെന്ന് പറഞ്ഞൊരു കോള്‍ വരുമെന്ന് പ്രതീക്ഷിച്ചു. എന്തുകൊണ്ടോ അത് നടന്നില്ല. ഞങ്ങളുടെ ബന്ധം തകര്‍ന്നതില്‍ ഒരിക്കലും ഞാന്‍ കല്‍പനയെ കുറ്റപ്പെടുത്തുന്നില്ല. എന്റെ ഭാഗത്തും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടാവാം. ഇന്നത്തെ പക്വത അന്ന് എനിക്ക് ഉണ്ടായിരിക്കില്ല.
കല്‍പ്പന വീട്ടില്‍ നിന്ന് ഇറങ്ങി പോയതിനു ശേഷം 'എത്രയും വേഗം നീ തിരിച്ചു വരണം, വന്നില്ലെങ്കില്‍ ഞാന്‍ കേസ് കൊടുക്കും.' എന്നാണ് അവസാനമായി ഞാന്‍ പറഞ്ഞത്. അതും ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. അവള്‍ക്കെതിരെ ഞാന്‍ കോടതിയെ സമീപിച്ചത് വിവാഹമോചനം ആവശ്യപ്പെട്ടു കൊണ്ടല്ല. കല്‍പ്പന വീട്ടിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞ് അവളെ പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്. പക്ഷേ പിന്നീട് എല്ലാം രൂക്ഷമായി പോയി.
ഞങ്ങളെ തമ്മില്‍ അകറ്റിയതില്‍ ചില അദൃശ്യകരങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. കല്‍പനയോട് എനിക്ക് ഒരിക്കലും ഇഷ്ട കുറവുണ്ടായിട്ടില്ല. അവള്‍ക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായി കരുതാം. അസുഖം ഉണ്ടെങ്കിലും അവള്‍ ഇത്ര വേഗം മരിക്കുമെന്ന് ഞാനും കരുതിയില്ല. എന്നെ തോല്‍പ്പിച്ച് കടന്നു കളഞ്ഞ പോലെയാണ് അനുഭവപ്പെട്ടത്. ഇന്നും വല്ലാതെ ഹോണ്ട് ചെയ്യുന്ന സംഭവമാണ് അതെന്നും'', അനില്‍ കുമാര്‍ പറയുന്നു.


Click it and Unblock the Notifications