'ആറ് മണി കഴിഞ്ഞാൽ ഒഴിക്കട്ടേ അച്ഛാ... എന്ന് അവൻ ചോദ്യം തുടങ്ങും, അച്ഛന് കൂട്ടിരിക്കും, സ്കൂളിൽ പോകേണ്ടല്ലോ'
ഓര്‍മയില്‍ ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച് നിത്യതയിലേക്ക് പോയ അതുല്യപ്രതിഭകളിൽ ഒരാളാണ് മലയാളത്തിന്റെ അഭിമാനമായിരുന്ന കെപിഎസി ലളിത. വെള്ളിത്തിരയില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും അമ്മയായി കെപിഎസി ലളിത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെള്ളിത്തിരയില്‍ നിറഞ്ഞപ്പോളെല്ലാം കെപിഎസി ലളിതയെയും ലളിതാമ്മയായാണ് മലയാളി കണ്ടത്. പക്ഷെ അമ്മയായി മാത്രമല്ല മകളായും മരുമകളായുമെല്ലാമുള്ള വേഷപ്പകർച്ചകൾ നടത്തിയിട്ടുണ്ട് നടി.
നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം ചികിത്സയിലിരിക്കെ 2022ലാണ് കെപിഎസി ലളിത അന്തരിച്ചത്. സംവിധായകൻ ഭരതനായിരുന്നു ലളിതയുടെ ഭർത്താവ്.

അമ്മയുടേയും അച്ഛന്റെയും വഴിയെ മകൻ സിദ്ധാർത്ഥും സിനിമയിലേക്ക് എത്തിയിരുന്നു. സംവിധാനം, തിരക്കഥ, അഭിനയം തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അടുത്ത കാലത്തായി സിദ്ധാർത്ഥ് സജീവമാണ്. അടുത്തിടെ റിലീസ് ചെയ്ത സൂക്ഷ്മദർശിനിയിലെ സിദ്ധാർത്ഥിന്റെ കഥാപാത്രവും ഡയലോഗുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഭ്രമയുഗത്തിലെ സിദ്ധാർത്ഥിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടിയതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ അച്ഛനുമായുള്ള സിദ്ധാർത്ഥിന്റെ ബന്ധത്തിന്റെ ആഴത്തെ കുറിച്ച് കെപിഎസി ലളിത മനസ് തുറന്നിരുന്നു. കുട്ടിയായിരുന്നുവെങ്കിലും ഭരതനെ കയ്യിൽ കൊണ്ട് നടന്നിരുന്നത് സിദ്ധാർത്ഥായിരുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്.
അവനായിരുന്നു അച്ഛനെ കൺട്രോൾ ചെയ്തിരുന്നത്. കുഞ്ഞാണെങ്കിലും അവനായിരുന്നു കയ്യിൽ കൊണ്ട് നടന്നിരുന്നത്. എന്റെ മോള് ഒരു ഒമ്പത് മണി കഴിഞ്ഞാൽ റൂമിൽ കയറി കതക് കുറ്റിയിടും. അവൾ പാട്ടും കൂത്തുമൊന്നും കേൾക്കാൻ നിൽക്കില്ലായിരുന്നു. അവൾക്ക് ഇഷ്ടമല്ല. കാരണം കൂടെ പാടണം. വെളുപ്പാൻകാലത്ത് നാല് മണിവരെയൊക്കെ ഒപ്പമിരുത്തി പാടിക്കും. രാവിലെ സ്കൂളിൽ പോകേണ്ട കുട്ടിയല്ലേ. അതുകൊണ്ട് അവൾ കൂട്ടിരിക്കത്തില്ല.
പക്ഷെ സിദ്ധാർത്ഥ് അങ്ങനെയല്ല. ഒരു ആറ് മണി കഴിയുമ്പോൾ അച്ഛാ... ഒഴിക്കട്ടേ അച്ഛാ... എന്ന് ഇവൻ ചോദ്യം തുടങ്ങും. അവൻ അച്ഛന് കൂട്ടിരിക്കും. പിറ്റേ ദിവസം പിന്നെ സ്കൂളിൽ പോകണ്ടല്ലോ. അതിന് വേണ്ടിയാണ് എന്നും കെപിഎസി ലളിത പറയുന്നു. കരുത്തുറ്റ കഥകൾ കൊണ്ടും ദൃശ്യവൈവിധ്യങ്ങൾ കൊണ്ടും മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകനായിരുന്നു ഭരതൻ.

അച്ഛന്റെ പ്രതിഭ മകനിലുമുണ്ടെന്നത് സിദ്ധാർത്ഥിന്റെ സിനിമകളിലൂടെയും എഴുത്തിലൂടെയും വ്യക്തമാണ്. സിനിമ സംവിധായകൻ എന്നതിനെക്കാൾ ഉപരി ഭരതൻ ഒരു ചിത്രകാരനായിരുന്നു. സ്‌കൂൾ ഓഫ് ഫൈൻ ആർട്ട്‌സിൽ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്.
ചാമരം, മർമ്മരം, പാളങ്ങൾ, എന്‍റെ ഉപാസന, വെങ്കലം, അമരം, ഗുരുവായൂര്‍ കേശവൻ, ആരവം, ലോറി, നിദ്ര, പറങ്കിമല, മര്‍മ്മരം, കാതോടുകാതോരം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, താഴ്വാരം, മാളൂട്ടി, ചമയം, പാഥേയം, ദേവരാഗം, ചുരം തുടങ്ങിയവയാണ് ഭരതൻ ഒരുക്കിയ മികച്ച സിനിമകളിൽ ചിലത്.


Click it and Unblock the Notifications











