'സാവിത്രിയുടെയും പദ്മിനിയുടെയും ലെവൽ'; മഞ്ജുവിന്റെ അഭിനയം കണ്ട് വിസ്മയിച്ച ശ്രീവിദ്യ
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടിയാണ് ശ്രീവിദ്യ. മലയാള സിനിമയിലെ മുഖശ്രീയായി തിളങ്ങിയ നടിയുടെ സിനിമാ ജീവിതം ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. റൗഡി, രാജമ്മ, പഞ്ചവടിപ്പാലം, ഇടവഴിയിലെ മിണ്ടാപ്പൂച്ച, ആരാന്റെ മുല്ല കൊച്ചുമുല്ല തുടങ്ങി നിരവധി സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു.
നായിക നടിയെന്നതിനപ്പുറത്തേക്ക് ചെറുപ്പം തൊട്ടേ എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്ത ശ്രീവിദ്യ തമിഴിലും തെലുങ്കിലുമെല്ലാം പ്രിയങ്കരിയായിരുന്നു. മോഹൻലാലിനൊപ്പമെത്തിയ പവിത്രം എന്ന സിനിമയിലും അവ്സമരണീയ കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.

1979 ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ശ്രീവിദ്യക്ക് ലഭിച്ചു. 1992 ൽ ദെെവത്തിന്റെ വികൃതികൾ, 1983 ൽ രചന എന്നീ ചിത്രങ്ങൾക്കും ശ്രീവിദ്യക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. പിൽക്കാലത്ത് മിനി സ്ക്രീനുകളിലേക്ക് ചുവടു മാറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു.
അവിചാരിതം എന്ന ശ്രീവിദ്യ അഭിനയിച്ച പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരമ്പരയിലെ പ്രകടനത്തിന് 2004 ലെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ശ്രീവിദ്യക്ക് ലഭിച്ചു.

വിവാദങ്ങളിലും വിഷമങ്ങളിലുമായിരുന്നു ശ്രീവിദ്യയുടെ വ്യക്തി ജീവിതം. 2006 ഒക്ടോബർ 19 നാണ് ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു നടി. അമ്മത്തമ്പുരാട്ടി എന്ന സീരിയലിലാണ് അവസാന കാലത്ത് ശ്രീവിദ്യ അഭിനയിച്ചത്.
മലയാളത്തിലെ സിനിമാ താരങ്ങൾക്കേറെ പ്രിയങ്കരിയാണ് ശ്രീവിദ്യ. സിനിമാ ലോകത്ത് മിക്കവരുമായും അടുത്ത സൗഹൃദമായിരുന്നു നടിക്കുണ്ടായിരുന്നത്. എല്ലാവരുടെയും പ്രിയങ്കരിയായ ശ്രീവിദ്യക്കിഷ്ടം നടി മഞ്ജു വാര്യരെ ആയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ ശ്രീവിദ്യ മഞ്ജുവിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ആദ്യകാല നായികമാരായിരുന്ന സാവിത്രിയും പദ്മിനിയുമായാണ് ശ്രീവിദ്യ മഞ്ജുവിനെ ഉപമിച്ചത്.

'എന്നേക്കാൾ ഒത്തിരി ടാലന്റുള്ള ആർട്ടിസ്റ്റിനെ കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു. ഭയങ്കര ഒരു എക്സ്പീരിയൻസ് ആയിരുന്നു ആ കുട്ടിയുടെ കൂടെ അഭിനയിച്ചപ്പോൾ'
'പദ്മിനിയോ സാവിത്രിയോ അങ്ങനെയൊരു ലെവലിലുള്ള ആർട്ടിസ്റ്റിനൊപ്പം അഭിനയിക്കുന്ന ഫീൽ ആയിരുന്നു. അവളൊരു സ്വാഭാവിക അഭിനേത്രിയായിരുന്നു. കഴിവുള്ള ആളുകളെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. അതൊക്കെയാണ് എന്റെ സന്തോഷങ്ങൾ,' ശ്രീവിദ്യ പറഞ്ഞതിങ്ങനെ.

അതേസമയം രണ്ടാം വരവിൽ താരറാണിയായി തിളങ്ങുകയാണ് മഞ്ജു വാര്യർ. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന മഞ്ജു ഇന്ന് കേരളത്തിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ്. നേരത്തെ നടി ശോഭന ഉൾപ്പെടെയുള്ളവർ മഞ്ജു വാര്യരുടെ അഭിനയ മികവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.
സിനിമാ ലോകത്തെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു മഞ്ജു വാര്യർ അഭിനയം നിർത്തിയത്. എന്നാൽ അത്യുഗ്രൻ തിരിച്ചു വരവ് നടത്തിയ മഞ്ജുവിനെ തേടി നിരവധി അവസരങ്ങളാണ് ഇപ്പോൾ വരുന്നത്.


Click it and Unblock the Notifications