'ഈ വേഷത്തിൽ സുബിയെ കാണാണമെന്ന് ആഗ്രഹിച്ചിരുന്നു....'; ബ്രൈഡല്‍ ഗൗണില്‍ മാലാഖയെപ്പോലെ സുബി സുരേഷ്!
ചില മരണങ്ങൾ ഉൾക്കൊള്ളാൻ മനുഷ്യർക്ക് വളരെ വേഗത്തിൽ സാധിക്കില്ല. അവർ അത്രമാത്രം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാകാം. അത്തരത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു വേർപാടായിരുന്നു നടി സുബി സുരേഷിന്റേത്. അസുഖം ബാധിച്ച് സുബി ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം പലർക്കും അറിയില്ലായിരുന്നു. അതുകൊണ്ട് മരണ വാർത്ത പുറത്ത് വന്നപ്പോഴും എല്ലാവരും അമ്പരന്നു. സുബിക്ക് അങ്ങനൊരു ശാരീരിക അസുഖമുണ്ടെന്ന് പോലും മരണശേഷമാണ് പലരും അറിയുന്നത്. കരൾ മാറ്റിവെക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കവെയാണ് സുബി മരണത്തിന് കീഴടങ്ങിയത്.

ആരോഗ്യത്തെക്കാൾ പ്രൊഫഷന് പ്രാധാന്യം കൊടുത്താണ് സുബി ജീവിച്ചിരുന്നത്. പണ്ട് മുതൽ ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തതിന്റെ ദുരിതങ്ങൾ സുബി അനുഭവിച്ചിരുന്നു. നാളുകളോളം അതിന്റെ ചികിത്സയ്ക്കും മറ്റുമായി ആശുപത്രിയിൽ കഴിയുകയും ചെയ്തിട്ടുണ്ട്. സുബി മരിച്ച് ഒരു മാസം പിന്നിടുമ്പോൾ സുബിയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോയാണ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നത്. ബ്രൈഡൽ ഗൗണിൽ അതീവ സുന്ദരിയായി പുഞ്ചിരി തൂകി നിൽക്കുന്ന സുബിയെയാണ് കാണാൻ സാധിക്കുക.
നടിയുടെ മരണശേഷവും സുബിയുടെ യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും നിലനിര്‍ത്തുന്നുണ്ടെന്ന് വ്യക്തമാക്കി അമ്മയും സഹോദരനും എത്തിയിരുന്നു. ചേച്ചി നേരത്തെ ഷൂട്ട് ചെയ്ത് വെച്ച വീഡിയോകൾ ചാനലിൽ പോസ്റ്റ് ചെയ്യുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
ബ്രൈഡല്‍ ഗൗണില്‍ അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന സുബിയുടെ ഫോട്ടോയും ഹൃദയ സ്പര്‍ശിയായ കുറിപ്പുമാണ് സുബിയുടെ ഫേസ്ബുക്ക് പേജില്‍ പുതിയതായി പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി സങ്കടം പങ്കിട്ടെത്തിയത്.
'മാലാഖമാർ നമ്മെ സന്ദർശിക്കുമ്പോൾ.... ചിറകുകളുടെ ശബ്ദം കേൾക്കുകയോ പ്രാവിന്റെ തൂവൽസ്പർശനം അനുഭവിക്കുകയോ ചെയ്യുന്നില്ല... പക്ഷെ അവർ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന സ്നേഹത്താൽ അവരുടെ സാന്നിധ്യം നമ്മൾ അറിയുന്നു' എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷൻ. ബ്രൈഡൽ ഗൗണിൽ മണവാട്ടിയെപ്പോലെ കാണാൻ തങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നാണ് ആരാധകരിൽ ഏറെപ്പേരും കമന്റ് ചെയ്തത്.

സുബി അവിവാഹിതയായിരുന്നു. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം സുബിയോട് ചോദിച്ചിരുന്ന ചോദ്യങ്ങളിലൊന്നായിരുന്നു അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം. 'പ്രണയമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വിവാഹത്തിലെത്തിയില്ല. പറ്റിയ ആളെ കിട്ടിയാല്‍ പ്രണയിച്ച് വിവാഹം ചെയ്യണം.'
'എന്റെ യെസ് എന്ന മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് വീട്ടില്‍ എല്ലാവരും എന്നായിരുന്നു മുമ്പൊരു അഭിമുഖത്തില്‍ സുബി പറഞ്ഞത്. കലാജീവിതത്തെ പോത്സാഹിപ്പിക്കുന്ന കുടുംബത്തേയും തന്നെയും ചേര്‍ത്തുപിടിക്കുന്ന ഒരാളായിരിക്കണം ജീവിതപങ്കാളി എന്നാണ് ആഗ്രഹമെന്നും' സുബി പറഞ്ഞിരുന്നു.
'എന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ട്. താലി മാലയ്ക്ക് വരെ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ് ആള്‍. ഫെബ്രുവരിയില്‍ കല്യാണം നടത്താമെന്നാണ് പറയുന്നത്. കാനഡയില്‍ ഒന്നിച്ച് പരിപാടി ചെയ്ത സമയത്താണ് അദ്ദേഹത്തിന് ഇങ്ങനെയൊരു താല്‍പര്യം വന്നത്. ഇരുവീട്ടുകാരുമായും ഇതേക്കുറിച്ച് സംസാരിച്ച് കഴിഞ്ഞതാണെന്നും' സുബി സുരേഷ് ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞിരുന്നു.
പ്രതിശ്രുത വരനായ രാഹുലിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത് അന്നായിരുന്നു. പക്ഷെ വിവാഹത്തിലെത്തും മുമ്പ് സുബി ഈ ലോകത്ത് നിന്നും പോയി. ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധ തരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്.
വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായും സുബി തിളങ്ങിയിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്ര ലോകത്തേയ്ക്ക് കടക്കുന്നത്.


Click it and Unblock the Notifications