'പണം കൈക്കലാക്കി വൃദ്ധസദനത്തിൽ തള്ളിയ മക്കൾ'; 'മാസം അടച്ചിരുന്നത് 50000 രൂപ, ഞങ്ങൾ തെറ്റ് ചെയ്തതുപോലെയായി'
നിരവധി ക്ലാസിക് ഷോട്ടുകളും ജീവനുള്ള കഥകളും മരണമില്ലാത്ത കഥാപാത്രങ്ങളും സിനിമാ പ്രേമികൾക്ക് സമ്മാനിച്ച് കാലയവനികയ്ക്കുള്ള മറഞ്ഞ വിശ്വവിഖ്യാതനായ ചലച്ചിത്രകാരനാണ് കെ.ജി ജോർജ്. രണ്ട് വർഷം മുമ്പായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അദേഹത്തിന്റെ മരണ വാർത്ത പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ പഴി കേട്ടത് ഭാര്യയും മക്കളുമാണ്. വയോജന കേന്ദ്രത്തിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം കഴിഞ്ഞിരുന്നതെന്നും പണം കൈക്കലാക്കി വൃദ്ധസദനത്തിൽ അദ്ദേഹത്തെ മക്കൾ തള്ളിയെന്നും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ അന്നുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയാണ് മകൾ താര ജോർജ്. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിലാണ് സത്യാവസ്ഥ താര വെളിപ്പെടുത്തിയത്. ഒരുപാട് അറിവുകളുള്ള വ്യക്തിയായിരുന്നു ഡാഡി. കഴിയുന്ന അത്ര അറിവുകൾ സമ്പാദിക്കാനും ഞങ്ങൾക്ക് ഷെയർ ചെയ്യാനും ശ്രമിക്കുമായിരുന്നു. ഡാഡിയുടെ നാട്ടിലേക്കുള്ള യാത്രകളാണ് എപ്പോഴും മനസിൽ തങ്ങി നിൽക്കുന്നത്.

സിനിമ ലൊക്കേഷനുകളിലും ഡാഡിക്കൊപ്പം പോകുമായിരുന്നു. പക്ഷെ ഫാമിലി ലൊക്കേഷനിൽ വരുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. സിനിമയും കുടുംബവും വ്യത്യസ്തമായി കൊണ്ടുപോകാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. സംവിധായകൻ കെജി ജോർജും കുടുംബസ്ഥനായ കെജി ജോർജും രണ്ടാണ്. സ്വന്തമായി സ്ക്രിപ്റ്റ് എഴുതാതെ സിനിമ ചെയ്യുന്നതിനോട് ഡാഡിക്ക് താൽപര്യമില്ലായിരുന്നു. പലരും സമീപിച്ചിട്ടുണ്ട്.
നടന്മാർ പോലും കഥകളുമായി സമീപിച്ചിരുന്നു. പക്ഷെ സ്വന്തം തിരക്കഥകൾ മാത്രമെ സിനിമയാക്കൂവെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. തലച്ചോറ് ചുരുങ്ങാൻ തുടങ്ങിയതോടെയാണ് ഡാഡി രോഗാവസ്ഥയിലേക്ക് കടന്നത്. 1995 മുതൽ ഈ രോഗാവസ്ഥ ഡാഡിക്കുണ്ട്. അന്ന് നമ്മുടെ ചികിത്സാരീതികൾ അത്രത്തോളം പുരോഗമിച്ചിട്ടില്ലായിരുന്നതുകൊണ്ട് അന്ന് ഈ രോഗം കണ്ടുപിടിക്കാൻ പറ്റിയില്ല. അതും ഡാഡിയുടെ ക്രിയേറ്റിവിറ്റിയെ ബാധിച്ചിട്ടുണ്ടാകും.
ഡാഡിയുടെ അവസാന കാലത്ത് ഞാൻ ക്യാബിൻ ക്രൂവായി വർക്ക് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റേത് ഒരു പ്രത്യേക ചിന്താഗതിയാണ്. പ്രൊഫഷണലി മാത്രമല്ല പേഴ്സണൽ ലൈഫിലും വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ്. അറുപത് വയസ് കഴിഞ്ഞാൽ ഞാൻ എന്റെ ഫാമിലിയെ ആശ്രയിക്കില്ല ഓൾഡ് എയ്ജ് ഹോമിൽ താമസിക്കുമെന്ന് പണ്ട് മുതൽ പറയുമായിരുന്നു. സ്വന്തം മക്കളെ ആശ്രയിച്ച് ജീവിക്കുക എന്നത് ഡാഡിക്ക് ഒരു പുച്ഛം പോലെയും അപമാനം പോലെയുമാണ് തോന്നിയിരുന്നത്.
അങ്ങനെയാണ് ഞങ്ങൾ സിഗ്നേച്ചർ എന്ന സ്ഥലം കണ്ടുപിടിച്ച് അവിടെ ആക്കിയത്. രണ്ട് വർഷം അവിടെ നിൽക്കും വീണ്ടും കുറച്ച് നാൾ വീട്ടിൽ വന്ന് നിൽക്കും അങ്ങനൊരു രീതിയായിരുന്നു. അതിനിടയിൽ ബ്രെയിൻ ഹെമറേജും വന്നിരുന്നു. മരിക്കുന്നതിന്റെ അവസാന ഒരു വർഷം ഡാഡി ഞങ്ങൾക്കൊപ്പം വീട്ടിലായിരുന്നു. സിനിമയിൽ നിന്നും മാറി നിന്നാൽ ആളുകൾ അധികം കാണാൻ വരികയോ അന്വേഷിക്കുകയോ ചെയ്യില്ല. സ്വാഭാവികമാണ് അത്.

ആരും കാണാൻ വരാതിരുന്നത് ഡാഡിയെ വിഷമിപ്പിച്ചിരുന്നു. പക്ഷെ സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ ഡാഡി ഹാപ്പിയായിരുന്നു. അവിടെയുള്ള മറ്റുള്ള ആളുകൾക്കൊപ്പം സമയം ചിലവഴിച്ചാണ് സന്തോഷം കണ്ടെത്തിയിരുന്നത്. ഒരു സെലിബ്രിറ്റി മരിക്കുമ്പോൾ പാലിക്കേണ്ട ചില പ്രോട്ടോക്കോൾസുണ്ട്. ജയലളിത മാം മരിച്ചത് മൂന്ന് ദിവസം കഴിഞ്ഞാണ് പുറം ലോകത്തെ അറിയിച്ചത്. എന്റെ ഡാഡി മരിച്ചുവെന്ന വിവരം ആദ്യം ഞങ്ങളെയല്ല സിഗ്നേച്ചറിൽ ഉള്ളവർ അറിയിച്ചത് മീഡിയയെയാണ്. ഡാഡിയുടെ ഹെൽത്ത് വീക്കായതും ഞങ്ങളെ അറിയിച്ചിരുന്നില്ല.
ഖത്തർ എഫ് എമ്മിൽ നിന്ന് മരണ വാർത്ത ശരിയാണോയെന്ന് ചോദിച്ച് കോൾ വന്നു. ഇത്ര വേഗം ന്യൂസ് എങ്ങനെ സ്പ്രഡ്ഡായിയെന്ന് ഞാൻ ആലോചിച്ചു. മരണ വാർത്ത പുറത്ത് വിടാനോ അതേ കുറിച്ച് സംസാരിക്കാനോ ഞങ്ങൾ ആർക്കും അധികാരം കൊടുത്തിട്ടില്ലായിരുന്നു. എല്ലാം അവർ തന്നെ തീരുമാനിച്ച് ചെയ്തു. അതുകൊണ്ടാണ് ഇത്രത്തോളം വലിയ വിഷമായത്. ഞങ്ങളെയാണ് അവർ ആദ്യം മരണവാർത്ത അറിയിച്ചിരുന്നതെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി ഡീസന്റായി കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു.
ഞങ്ങളുടെ കയ്യിൽ നിന്നും വിട്ടുപോയി. കരയണോ അതോ വിവാദങ്ങൾക്ക് മറുപടി പറയണോ എന്നറിയാത്ത സാഹചര്യമായിരുന്നു. ഒന്ന് കരയാനുള്ള അവസരം പോലും ഞങ്ങൾക്ക് കിട്ടിയില്ലെന്നതാണ് സത്യം. ഞങ്ങൾ വലിയ തെറ്റ് ചെയ്തതുപോലെയായിരുന്നു പ്രചാരണം. കുടുംബത്തിനും അത് നെഗറ്റീവായി. ഒരുപാട് സ്വത്തൊന്നും ഡാഡി സമ്പാദിച്ചിട്ടില്ല. പക്ഷെ ഫിലിം മേക്കർ എന്ന രീതിയിൽ റിച്ച് ലൈഫ് ആയിരുന്നു ഞങ്ങളുടേത്.
ഡാഡി സിനിമ വിട്ടശേഷം വരുമാനം നിന്നു. പിന്നീട് കാര്യങ്ങൾ നോക്കിയത് ഞാനാണ്. വർഷങ്ങളോളം ആ ഓൾഡ് എയ്ജ് ഹോമിൽ ഡാഡി താമസിച്ചു. മാസം അമ്പതിനായിരത്തിന് അടുത്ത് തുക അടയ്ക്കണം. അല്ലാതെ ഫ്രീയായി താമസിക്കുകയായിരുന്നില്ലെന്നും താര ജോർജ് പറഞ്ഞു.


Click it and Unblock the Notifications











