വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മരണം, വിജയ രാഘവേന്ദ്രയുടെയും സ്പന്ദനയുടെയും പ്രണയകഥ!
ചിലപ്പോഴൊക്കെ വിധി വളരെ ക്രൂരമായാണ് മനുഷ്യരോട് പെരുമാറുന്നതെന്ന് കന്നഡ നടി സ്പന്ദനയുടെ അപ്രതീക്ഷിത മരണത്തോടെ സിനിമാപ്രേമികൾ പറയുന്നു. നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയായ താരം ബാങ്കോക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.
അവധിയാഘോഷിക്കാന്‍ കുടുംബത്തോടൊപ്പം ബാങ്കോക്കില്‍ എത്തിയതായിരുന്നു സ്പന്ദന. വെറും മുപ്പത്തിയഞ്ച് വയസ് മാത്രമാണ് നടിയുടെ പ്രായം. കന്നഡ സിനിമാ ലോകവും ആരാധകരും നടിയുടെ വേർപാട് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ്.
ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞ് വീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും. മരണ വിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബി.കെ ശിവറാം അടക്കമുള്ള ബന്ധുക്കള്‍ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സ്പന്ദനയുടെ മരണം.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. പന്ത്രണ്ട് വയസായ ശൗര്യയാണ് മകന്‍. കിസ്മത്, അപൂര്‍വ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറിന്റെ ബന്ധു കൂടിയാണ് സ്പന്ദന.
വളരെ അധികം ആരോഗ്യവതിയായിരുന്ന താരത്തിന് എന്ത് സംഭവിച്ചുവെന്നതാണ് എല്ലാവരെയും കുഴപ്പത്തിലാക്കുന്നത്. മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് സ്പന്ദന പിതാവ് ബി.കെ ശിവറാം. ഈ വരുന്ന ആഗസ്റ്റ് 26ന് ഗംഭീരമായി വിവാഹ വാർഷികം ആഘോഷിക്കാനുള്ള പ്ലാനിലായിരുന്നു സ്പന്ദനയും വിജയ രാഘവേന്ദ്രയും.
വിവാഹ വാർഷികത്തിന് വെറും പത്തൊമ്പത് ദിവസം മാത്രം ശേഷിക്കെയാണ് ഇരുവരുടെയും ജീവിതത്തിൽ വിധി വില്ലനായി എത്തിയത്. 2003ൽ മല്ലേശ്വരത്തെ കഫേ കോഫി ഡേയിൽ വെച്ചാണ് സ്പന്ദന വിജയ് രാഘവേന്ദ്രയെ ആദ്യമായി കാണുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയും അടുക്കുകയും ചെയ്തു.
ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരൻ രക്ഷിത് ശിവറാമിന് വേണ്ടി ബെൽത്തങ്ങാടിയിൽ സ്പന്ദന പ്രചാരണത്തിനെത്തിയിരുന്നു. ബെൽത്തങ്ങാടിയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച രക്ഷിത് പരാജയപ്പെട്ടിരുന്നു. സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്രയുടെ ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു.

സ്പന്ദനയുടെ മരണ വാർത്ത പുറത്ത് വന്നതോടെ വിജയ രാഘവേന്ദ്രയുടെയും സ്പന്ദനയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. സ്പന്ദനയുമായും വിജയ രാഘവേന്ദ്രയുമായും അടുപ്പമുള്ള താരങ്ങൾ നടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. 'വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദനയുടെ വിയോഗം ശരിക്കും ദുഖം നൽകുന്നു... അവളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.'
'ജീവിതം വളരെ അനിശ്ചിതത്വത്തിലാണ്.. ശക്തി ആർജിച്ച് മുന്നോട്ട് പോവുക വിജയ രാഘവേന്ദ്ര സാർ... വിജയ് രാഘവേന്ദ്ര സാർ എപ്പോഴും പറയാറുണ്ടായിരുന്നു ഭാര്യ സ്പന്ദന തന്റെ വലിയ ശക്തിയാണെന്ന്...', എന്നാണ് കിച്ച സുദീപ് സ്പന്ദനയെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്.
കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറിന്റെ കുടുംബത്തിൽ നിന്നും രണ്ടാമത്തെയാളാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. സമാനമായി ശിവരാജ് കുമാറിന്റെ സഹോദരനും നടനുമായ പുനീത് രാജ്കുമാർ 2021ലാണ് മരിച്ചത്. പുനീതിന്റെ വേർപാടിൽ നിന്നും കുടുംബം കരകയറി തുടങ്ങുമ്പോഴാണ് സ്പന്ദനയുടെ മരണ വാർത്ത എത്തുന്നത്.
മരിക്കുമ്പോൾ 46 വയസായിരുന്നു പുനീത് രാജ്കുമാറിന്റെ പ്രായം. പുലര്‍ച്ചെ നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് പുനീതിനെ അടുത്തുള്ള ക്ലിനിക്കില്‍ കൊണ്ടുപോയിരുന്നു. ഇസിജി എടുക്കുകയും ചെയ്തു. എന്നാല്‍ തനിയ്ക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ രാവിലെ ജിമ്മിലേക്ക് പോകുകയായിരുന്നു. വര്‍ക്കൗട്ടിന് ഇടയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവിധ ചികിത്സകളും നൽകിയെങ്കിലും ഹൃദയാഘാതം ഉണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു.


Click it and Unblock the Notifications