'ലിവിങ് റിലേഷൻഷിപ്പാണ് താൽപര്യം, കോംപ്രമൈസ് പാടില്ലെന്ന് പറയും, ദഹിപ്പിക്കണമെന്ന് പറഞ്ഞിരുന്നു'; താര ജോർജ്!
മലയാള സിനിമയെ നവഭാവുകത്വത്തിലേക്ക് കൈപിടിച്ച് നടത്തിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന കെ.ജി ജോര്‍ജ് വിട വാങ്ങിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. മലയാളത്തിലെ അടിയുറച്ച സിനിമാ വീക്ഷണങ്ങളെയൊക്കെ അട്ടിമറിച്ച് കാഴ്ചയ്ക്ക് പുതിയൊരു സൗന്ദര്യം പകര്‍ന്ന് നല്‍കിയ സിനിമകളായിരുന്നു ജോര്‍ജ് മലയാളികള്‍ക്ക് സമ്മാനിച്ചത്.
കാഴ്ചയില്‍ മാത്രമല്ല ഉള്ളടക്കത്തിലും അതുവരെ നിലനിന്നിരുന്ന ആവര്‍ത്തനവിരസത നിറഞ്ഞതും ഉള്‍ക്കാമ്പ് ഇല്ലാത്തതുമായ മലയാള സിനിമകളുടെ കോലത്തിലായിരുന്നില്ല ജോര്‍ജിന്റെ സിനിമകള്‍.
1976 മുതല്‍ 1998 വരെയുള്ള കാലയളവില്‍ അദ്ദേഹം എടുത്ത 19 സിനിമകളില്‍ ഓരോന്നും പ്രേക്ഷകന് നല്‍കിയത് പുതിയൊരു അനുഭവമായിരുന്നു. മലയാളിയുടെ ജീവിതത്തിലെ അകക്കാഴ്ചകളുടെ നന്മതിന്മകളിലേക്ക് സമൂഹത്തിലെയും കുടുംബങ്ങളിലെയും വ്യക്തികളുടെയും ഉള്ളിലെ സങ്കീര്‍ണ്ണതകളിലേക്ക് അങ്ങനെ അന്ന് വരെ മലയാള സിനിമ കാണാത്ത കാഴ്ചകളായിരുന്നു ജോര്‍ജ് സിനിമകള്‍.

ജീവിതത്തോട് തന്നെ വ്യത്യസ്തമായൊരു കാഴ്ചപ്പാടായിരുന്നു ജോർജിന്. അതുകൊണ്ട് തന്നെയാണ് ആരെയും ബുദ്ധിമുട്ടിക്കാതെ അവസാന കാലം ചിലവഴിക്കാൻ സിഗ്നേച്ചർ എന്ന കെയർ സെന്ററിലേക്ക് ജോർജ് വീട്ടുകാരുടെ അനുവാദത്തോടെ താമസം മാറ്റിയത്. എന്നാൽ പുറത്ത് വന്ന വാർത്തകൾ കെ.ജി ജോർജിനെ കുടുംബം വൃദ്ധസദനത്തിൽ തള്ളിയെന്ന തരത്തിലായിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിഗ്നേച്ചർ എന്ന കെയർ സെന്ററിൽ എല്ലാ സൗകര്യങ്ങളോടും കൂടി പാർപ്പിച്ചിരുന്നതാണെന്ന് വ്യക്തമാക്കി പിന്നീട് കുടുംബം എത്തുകയും ചെയ്തിരുന്നു. സിഗ്നേച്ചർ ഒരു ചാരിറ്റി സ്ഥാപനമല്ലെന്നും പണം വാങ്ങി അന്തേവാസികൾക്ക് വിദഗ്ധ ശുശ്രൂഷ നൽകുന്ന റീഹാബിലിറ്റേഷൻ സെന്ററാണെന്നും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് എല്ലാം ചെയ്തതെന്നുമാണ് കുടുംബം പറഞ്ഞത്.
അതുപോലെ തന്നെ മതപരമായ ചടങ്ങുകൾ ഒഴിവാക്കി അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ശേഷം അദ്ദേഹത്തിന്റെ ചിതാഭസ്മം മകൾ താര ജോർജ് പെരിയാറിൽ ഒഴുക്കുകയും ചെയ്തു. ഇപ്പോഴിതാ അച്ഛൻ തങ്ങളെ എങ്ങനെയാണ് വളർത്തിയത് എന്നതിനെ കുറിച്ച് സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ വിശദമാക്കിയിരിക്കുകയാണ് മകൾ താര ജോർജ്.
ചെറുപ്പം മുതൽ ഇന്റിപെന്റഡായി വളരാനുള്ള സ്വാതന്ത്ര്യം തന്നിരുന്നുവെന്നും പെൺകുട്ടിയാണെന്ന് കരുതി തന്നെ വീട്ടിൽ അടച്ചിട്ട് വളർത്തിയിട്ടില്ലെന്നും താര പറയുന്നു.

'ഡാഡി മെറ്റീരിയലിസ്റ്റിക്കായിരുന്നില്ല. അദ്ദേഹം സിനിമയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നത് പോലും വളരെ സുന്ദരമായ വീട്ടിലായിരുന്നു. ഒരു ലൈഫ് സ്റ്റൈൽ ഡാഡിക്കുണ്ടായിരുന്നു. പക്ഷെ ഒരിടത്ത് വീട് വെച്ച് താമസിക്കുന്നതിനോട് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു.'
'ഞങ്ങൾക്ക് അദ്ദേഹം ഒരു കുറവ് വരുത്തിയിരുന്നില്ല. അതുകൊണ്ടാണ് ഞാൻ സമ്പാദിച്ച് തുടങ്ങിയപ്പോൾ അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്ത് കൊടുക്കാൻ തുടങ്ങിയത്. അതുകൊണ്ടാണ് വീട് വെച്ചതും നല്ലൊരു ട്രീറ്റ്മെന്റ് കൊടുത്തതും. അദ്ദേഹത്തോട് നന്ദി കാണിക്കണമെന്ന് എനിക്കുണ്ടായിരുന്നു.'
'വിവാഹം കഴിക്കണമെന്നൊന്നും എന്നോട് ഡാഡി പറഞ്ഞിട്ടില്ല. എംപവേർഡ് വുമൺ എന്താണെന്നത് ചെറുപ്പം മുതൽ എനിക്ക് അദ്ദേഹം മനസിലാക്കി തന്നിട്ടുണ്ട്. മകൾ വിവാഹം കഴിച്ച് കൊച്ചുമക്കളെ കാണമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ലിവിങ് റിലേഷൻഷിപ്പിനോടാണ് എനിക്ക് താൽപര്യം. മാത്രമല്ല ജീവിതത്തിൽ കോംപ്രമൈസ് ചെയ്യാൻ പാടില്ലെന്ന് ഡാഡി എന്നും പറയാറുണ്ട്. കല്യാണം സൊസൈറ്റിയെ കാണിക്കാനല്ലേ.'
'എനിക്കും ഡാഡിയെ പോലെ ആരെയും ഒന്നും ബോധിപ്പിക്കാനില്ല. മരിച്ച് കഴിഞ്ഞാൽ ദഹിപ്പിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ അതിന് പിന്നിലെ കാരണം തിരക്കി അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും', താര ജോർജ് പറയുന്നു.


Click it and Unblock the Notifications