'സമ്പാദ്യം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു..., കുട്ടിക്കാലം മുതൽ നാടകാഭിനയം, ഉമിനീര് ഇറക്കാൻ പോലും വയ്യാത്ത അവസ്ഥ'
ഒട്ടനവധി സിനിമകളിൽ സഹനടിയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി കനകലതയുടേത്. എൺപതുകൾ മുതലാണ് കനകലത മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിൽ നിന്നും കനകലതയെ തേടി അവസരങ്ങൾ വന്നിരുന്നു. സിനിമകളിൽ മാത്രമല്ല സീരിയൽ മേഖലയിലും സജീവമായിരുന്ന താരം കഴിഞ്ഞ കുറച്ച് കാലങ്ങളായി മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു.
350ൽ അധികം സിനിമകളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം ഓർമയാകുമ്പോൾ നല്ലൊരു കലാകാരിയേയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കൊവിഡ് കാലത്തായിരുന്നു കനകലതയിൽ ആരോഗ്യപ്രശ്നങ്ങൾ വന്ന് തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു ആദ്യം. പക്ഷെ ചികിത്സ തേടിയില്ല.

പിന്നീട് ഏറെ നാളുകൾക്കുശേഷമാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടെത്തിയത്. പിന്നീടുള്ള പരിശോധനയിൽ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. പിന്നീട് ഏറെക്കാലം കനകലത ഐസിയുവിൽ ആയിരുന്നു. പതിയെ ഭക്ഷണം കഴിക്കാതെയായി. ഉമനീര് പോലും ഇറക്കുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ വരെ കനകലത മറന്ന് തുടങ്ങി.
തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ട്യൂബ് ഇട്ടു. ലിക്വിഡ് ഫുഡ് കൊടുത്ത് തുടങ്ങി. രോഗം ബാധിച്ച് കിടപ്പിലായതോടെ ശരീരം മെലിഞ്ഞ് തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് രൂപം മാറിയിരുന്നു. പൂക്കാലത്തിലാണ് കനകലത അവസാനമായി പ്രത്യക്ഷപ്പെട്ടത്. കൊല്ലം സ്വദേശിനിയാണ് കനകലത.
നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടുവന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചത്. അവിടെ നിന്ന് സിനിമയിലേക്ക് എത്തി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. അമ്പത് രൂപയായിരുന്നു ആ സമയത്ത് കനകലതയുടെ പ്രതിഫലം. ലഭിക്കുന്ന കഥാപാത്രവും ഒരു മടിയും കൂടാതെ ചെയ്ത അഭിനേത്രിയാണ്.
സിനിമയിൽ എത്തിശേഷമാണ് താരം വിവാഹിതയായത്. പക്ഷെ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല കനകലതയുടേത്. കനകലതയുടെ സമ്പാദ്യമെല്ലാം ഭര്‍ത്താവ് ധൂര്‍ത്തടിച്ചു. ഇരുപത്തിരണ്ടാം വയസിലായിരുന്നു വിവാഹം. യോജിച്ച് പോകാൻ സാധിക്കില്ലെന്ന് മനസിലായതോടെ വർഷങ്ങൾക്കുശേഷം നടി വിവാഹമോചിതയായി.

ശേഷം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം ഇനി ഒരു വിവാഹമില്ലെന്നും ദാമ്പത്യ ജീവിതം മടുത്തു എന്നുമാണ് താരം പറഞ്ഞത്. ഭര്‍ത്താവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും തുറന്ന് പറഞ്ഞിരുന്നു. ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങൾ വേർപിരിഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെടൽ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരൻ മരിക്കുന്നത്.
അങ്ങനെ ചേട്ടന്റെ മൂന്ന് മക്കളെ ഞാൻ സ്വന്തം മക്കളായി ദത്തെടുത്ത് വളർത്താൻ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാൻ വളർത്തി. രണ്ടു പെൺമക്കളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ടു എന്നാണ് കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ കനകലത ഒരിക്കൽ പ്രതികരിച്ചത്.
വിവാഹമോചനത്തിന് ശേഷം ചേച്ചിക്കൊപ്പം തിരുവനന്തപുരത്തായിരുന്നു കനകലതയുടെ താമസം. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങിയവയാണ് കനകലതയുടെ സിനിമകളിൽ ചിലത്. പ്രിയത്തിലെ കനകലതയുടെ സീനുകൾ ഇപ്പോഴും പ്രേക്ഷകർ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്നവയാണ്.


Click it and Unblock the Notifications











