'മീനയുടെ ദുഖം അതായിരുന്നു; ആരെയും കുറ്റപ്പെടുത്താതെ സ്വയം പഴിക്കുകയാണ് ചെയ്തത്'; നടിക്ക് സംഭവിച്ചത്
മലയാള സിനിമാ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്നു അന്തരിച്ച നടി മീന. അമ്മ, അമ്മായിയമ്മ വേഷങ്ങളിൽ മീന തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. യോദ്ധ, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ സിനിമകളിൽ മീന ചെയ്ത വേഷം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. സിനിമാരംഗത്തെ തിരക്കുള്ള നടിയായിരുന്ന മീന 1997ലാണ് മരിച്ചത്. 56ാം വയസിലാണ് മീന ലോകത്തോട് വിട പറഞ്ഞത്. മേരി ജോസഫ് എന്നാണ് മീനയുടെ യഥാർത്ഥ പേര്.
മീനയെക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലാണ് മീനയെക്കുറിച്ചുള്ള ഓർമകൾ ജോൺ പോൾ പങ്കുവെച്ചത്. കെകെ ജോസഫ് എന്നാണ് മീനയുടെ ഭർത്താവിന്റെ പേര്. ഒരു മകളുണ്ടായിരുന്നു. മകളെ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കണമെന്നത് അച്ഛനമ്മമാരുടെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം സാഫല്യമടഞ്ഞു. മകൾ പഠിച്ച് ഡോക്ടറായി.

ഭരതന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിജയ ഹോസ്പിറ്റലിൽ കടന്ന് ചെന്നപ്പോൾ അവിടത്തെ തിരക്കേറിയ ഡോക്‌ടറായാണ് മകളെ ഞാൻ അവസാനം കണ്ടത്. മീനയുടെ മരണം വളരെ ദാരുണവും എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ വന്ന ദുരന്തമായിരുന്നു. എറണാകുളത്ത് ഒരു ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി താമസിച്ച ഹോട്ടൽ മുറിയിൽ ഹൃദയസ്തംഭനം മൂലമാണ് മീന മരിച്ചതെന്നും ജോൺ പോൾ അന്ന് പറഞ്ഞു.
മദിരാശിയിൽ മീനയുടെ മൃതശരീരം ഫൈറ്റിൽ വരുമ്പോൾ സ്വീകരിച്ച് വീട്ടിലേക്ക് ആനയിക്കാൻ ഭരതനോടൊപ്പം ഞാനും പോയിരുന്നു. ഷീലയും ശാരദയും ജയഭാരതിയും അടക്കം അക്കാലത്തെ മുതിർന്ന ഒരു വിധം നടിമാരെല്ലാം അവിടെ എത്തിയിരുന്നു. മൃതശരീരം പുറത്തെടുത്തപ്പോൾ എല്ലാവരും വിതുമ്പിക്കരഞ്ഞത് ഓർക്കുന്നു. പള്ളിയിൽ നിന്നും കുരിശും മറ്റും കണ്ടപ്പോഴാണ് മീന ക്രിസ്ത്യാനിയാണെന്നും അവരുടെ യഥാർത്ഥ പേര് മേരി ജോസഫ് എന്നാണെന്ന് പലരും തിരിച്ചറിയുന്നതെന്നും ജോൺ പോൾ ഓർത്തു.

എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയുന്ന നടിയായിരുന്നു മീന. വീട്ടുവിശേഷങ്ങൾ ഉൾപ്പെടെ ചോദിക്കുമായിരുന്നു. ഇത്രയും നേരും നെറിയുമുണ്ടായിരുന്ന വ്യക്തിക്ക് നിർഭാഗ്യവശാലോ നിയോഗവശാലോ വെള്ളിത്തിരയിൽ ആടാൻ കിട്ടിയ കഥാപാത്രങ്ങളിൽ പകുതിയിൽ ഏറെയും അഹങ്കരവും വില്ലത്തരവുമുള്ള കഥാപാത്രങ്ങളായിരുന്നെന്നും ജോൺ പോൾ അന്ന് വ്യക്തമാക്കി.
ക്ലീഷേയായ നീച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ മനസ് കലമ്പുമ്പോൾ അവർ മറ്റൊരാളെ കുറ്റപ്പെടുത്താതെ സ്വയം പഴിക്കുകയാണ് ചെയ്തത്. എന്റെ തലവര എന്തേ ഇങ്ങനെ ആയിപ്പോയതെന്നാണ് മീന സ്വയം ചോദിച്ചിരുന്നതെന്നും ജോൺ പോൾ ഓർത്തു. അങ്ങനെയെങ്കിൽ പോരുകാരി കഥാപാത്രങ്ങൾ സ്ഥിരം ചെയ്ത പങ്കജവല്ലി എത്രമാത്രം ദുഖിക്കണമെന്ന് താൻ ചോദിച്ചു. അന്ന് മീന പറഞ്ഞ മനോഹരമായ മറുപടിയുണ്ട്.
പങ്കജവല്ലി ചേച്ചിക്ക് ആളുകളോട് തുറന്ന് ഇടപഴകുന്ന ശീലം ഇല്ല. അവർ വന്ന് മാന്യമായി ഒതുങ്ങി നിൽക്കുന്നു. ഞാൻ മനസ് തുറന്ന് എല്ലാവരോടും ഇടപഴകുന്ന ആളാണ്. എന്റെ മനസിനോട് ചേർന്നുള്ള കഥാപാത്രങ്ങൾ വരാത്തതിൽ വിഷമം തോന്നുന്നെന്നാണ് മീന നൽകിയ മറുപടിയെന്നും ജോൺ പോൾ അന്ന് വ്യക്തമാക്കി. എന്തിലും ഇടപെടാനുള്ള ചങ്കൂറ്റം മീനയ്ക്കുണ്ടായിരുന്നത്. പറയാനുള്ളത് ആരെയും കൂസാതെയും എന്നാൽ വിൽമിപ്പിക്കാതെയും പറയാനുള്ള കഴിവ് മീനയ്ക്കുണ്ടായിരുന്നെന്നും ജോൺ പോൾ പറഞ്ഞു.


Click it and Unblock the Notifications











