'പുനർജന്മമുണ്ടെങ്കിൽ ഇതേ ബാലുവായി വരണം, എല്ലാ കാര്യത്തിലും ബാലു എക്സ്ട്രീമാണ്'; ഭാര്യ ലക്ഷ്മിയുടെ വാക്കുകൾ!
ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷിച്ചിരുന്നു ആരാധകർ. എന്നാൽ ഒക്ടോബർ രണ്ടിന് ബാലു അന്തരിച്ചു
സംഗീതം എന്ന മൂന്നക്ഷരമായിരുന്നു ബാലഭാസ്കറിന്റെ ജീവവായു. വയലിൻ കമ്പികൾകൊണ്ട് മാന്ത്രിക സംഗീതത്തിന്റെ അനന്തവിഹായസിലേയ്ക്ക് ചിറക് വിടർത്തിയ പകരക്കാരനില്ലാത്ത കലാകാരൻ.
എല്ലാ താളവും ശ്രുതിയും പാതിവഴിയിൽ ഉപേക്ഷിച്ച് സംഗീതലോകത്തോട് യാത്ര പോലും പറയാതെ ബാലു മറഞ്ഞപ്പോൾ അനാഥമായത് വയലിൻ സംഗീതമാണ്.
ഒത്തുകൂടലുകളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബാലു പോയതോടെ കൈചേർത്ത് പിടിച്ച് കൂടെ നടന്നവരുടെ സന്തോഷങ്ങളും അവസാനിച്ചു. ഒക്ടോബർ രണ്ട് കലാലോകത്തിന് കണ്ണീർ ഓർമകളുടെ ദിനമാണ്.

ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേട്ട് ഞെട്ടലോടെയാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു.
എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചു. പുതുതലമുറയിലെ സംഗീത പ്രേമികള്‍ക്ക് വയലിൻ എന്നാൽ ബാലഭാസ്കർ എന്നൊരു നിർവചനം കൂടിയുണ്ടാകും.
കാരണം ബാലഭാസ്കറിനെ ഓർക്കുമ്പോൾ തന്നെ ഒരു ഫ്രെയിമിൽ എന്ന പോലെ വയലിനും ഒപ്പമുണ്ടാകും. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ ആയിരുന്നു.
ഫ്യൂഷൻ സംഗീതത്തിന്റെ അനന്തസാധ്യതകളാണ് ആ മാന്ത്രിക വിരലുകളിൽ വിരിഞ്ഞത്.
എന്നും കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങൾ ബാലു വയലിനിൽ മീട്ടി. അന്ന് കാറപകടത്തിൽ മകളും മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ മാത്രമാണ് രക്ഷപ്പെട്ടത്.
ഇപ്പോഴിത ബാലുവിന്റെ മരണത്തിന് മുമ്പ് കൈരളി ടിവിയിലെ ജെ.ബി ജെംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇരുവരും പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
എല്ലാ കാര്യത്തിലും ബാലു എക്സ്ട്രീമാണെന്നാണ് ഭാര്യ ലക്ഷ്മി പറയുന്നത്. മറ്റുള്ളവർക്ക് ബാലുവിനോട് മത്സരിക്കാൻ പോലും സാധിക്കില്ലെന്നും ലക്ഷ്മി പറയുന്നു. 'എല്ലാ കാര്യത്തിലും ബാലു എക്സ്ട്രീമാണ്.'
'മറ്റാർക്കും മത്സരിക്കാൻ ആകാത്ത അത്രയും എക്സ്ട്രീമാണ്. അതിപ്പോൾ മൂഡ് ഔട്ട് ആണേലും ഹാപ്പി ആകുന്നത് ആണെങ്കിലും എക്സൈറ്റ്മെന്റ് ആണെങ്കിലും എല്ലാം ബാലു എക്സ്ട്രീം ലെവലാണ്.' ലക്ഷ്മി പറഞ്ഞു.
ഉടൻ തന്നെ ബാലുവിന്റെ മറുപടിയെത്തി. 'എല്ലാവരും ലക്ഷ്മിയോട് പറയും ഇങ്ങനെ ഒരു ആളെ ഭർത്താവായി കിട്ടിയതിൽ നിങ്ങൾ ഭാഗ്യവതിയാണെന്ന്. അത്തരക്കാരോട് ഞാൻ പറയാറുള്ളത് ഇങ്ങനെയാണ്....'
'ഒന്നര രണ്ട് മണിക്കൂർ നിങ്ങൾ സ്റ്റേജിൽ കാണുന്ന ആളല്ല ഞാനെന്ന്. അതുപോലെയല്ല പതിനഞ്ചു വർഷത്തോളമായി എന്റെ കൂടെയുള്ള ലക്ഷ്മിയെന്ന്. എന്റെ കൂടെ ജീവിക്കുകയാണ്.'
'എന്റെ സ്വഭാവം അറിഞ്ഞുകൊണ്ട് മാറ്റുന്നതല്ല. സ്റ്റേജിൽ വെച്ചും എനിക്ക് സെൻസിറ്റീവായ തോന്നലുകൾ ഉണ്ടായിട്ടുണ്ട്. സ്റ്റേജിൽ നിന്നും ഞാൻ ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. ദേഷ്യപ്പെട്ടിട്ടുണ്ട്.'
'ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്' ലൈം ലൈറ്റിൽ നിന്നും മാറിയാലുള്ള തന്റെ സ്വഭാവത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്.

ഭാര്യ തന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചിരിക്കുന്നുവെന്നും ബാലഭാസ്കർ വ്യക്തമാക്കി. 'ജീവിതത്തിൽ എപ്പോഴും എന്റെ കംഫർട്ട് സോൺ ലക്ഷ്മിയാണ്. ഞാൻ ഏതുവരെ പോകും. എവിടെ വരെ നിൽക്കും എന്നൊക്കെ അവൾക്ക് കൃത്യമായി അറിയാമെന്നാണ്' ബാലു പറയുന്നത്.
ലക്ഷ്മി ആദ്യമായി കാണുന്ന മ്യൂസിഷ്യൻ താനാണെന്നും ബാലു പറയുന്നു. ലക്ഷ്മിയുടേയും ബാലഭാസ്കറിന്റേയും പ്രണയ വിവാഹമായിരുന്നു. ഒളിച്ചോടിയാണ് വിവാഹിതരായത്.
കോളേജിൽ നിന്നാണ് ഇറങ്ങി പോരുന്നത്. കുറെ ആളുകൾ ഒപ്പം നിന്നു. പെട്ടെന്ന് എടുത്ത തീരുമാനം ആണ് എന്റെ വിവാഹം. മൂന്നരക്ക് തീരുമാനിച്ചു അഞ്ചരക്ക് ഇറങ്ങി.
വിവാഹം കഴിഞ്ഞശേഷം അച്ഛന്റെ അനുജന്റെ വീട്ടിൽ ഒരാഴ്ച താമസിച്ചു എന്നാണ് സഹാസീകമായി നടന്ന വിവാഹത്തെ കുറിച്ച് സംസാരിച്ച് ബാലഭാസ്കർ പറഞ്ഞത്.
കണ്ണുകൾ ഇറുക്കി ചിരിച്ച് തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ബാലഭാസ്കറിന്റെ വീഡിയോ വീണ്ടും വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.
ബാലുവിന്റെ മരണം വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് കൂടുതലും ആളുകൾ കമന്റായി കുറിച്ചത്. അഹങ്കാരമില്ലാത്ത ഒരു പ്രതിഭ.
നമ്മുടെ ആരുമല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞുപോയപോലെ... അത്രയും സങ്കടം.... ഒരുപുനർജന്മം ഉണ്ടെങ്കിൽ ഇതേ ബാലുവായി തന്നെ വരണം എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.


Click it and Unblock the Notifications