വിവാഹ വേദിയിൽ മുലപ്പൂവാൽ അലങ്കരിച്ച രാധിക തിലകിന്റ ഫോട്ടോ, ദേവികയുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് സുജാത!
പിന്നണി ഗാനരംഗത്തെ വലിയൊരു നഷ്ടമായാണ് കലാഹൃദയങ്ങൾ പാതിയിൽ നിലച്ച ശബ്ദമായ രാധിക തിലകിനെ കാണുന്നത്. അർബുദ രോഗത്തെത്തുടർന്ന് 2015 സെപ്റ്റംബർ 20 അപ്രതീക്ഷിതമായി രാധിക തിലക് വിട പറഞ്ഞപ്പോൾ സംഗീതപ്രേമികൾക്കെല്ലാം ഒരു തീരാനഷ്ടം കൂടിയാണുണ്ടായത്. കാരണം രാധികയുടെ ശബ്ദത്തിൽ പുറത്ത് വന്ന പാട്ടുകളെല്ലാം അത്രമേൽ മലയാളികൾക്ക് പ്രിയപ്പെട്ടതായിരുന്നു. ഇപ്പോഴും രാധിക തിലകിന്റെ ഗാനങ്ങൾ തിരഞ്ഞ് പിടിച്ച് ആസ്വദിക്കുന്നവരാണ് മലയാളികൾ.
രാധിക തിലകിനെപ്പോലെ തന്നെ സംഗീതത്തിന്റെ വഴിയെയാണ് ഏക മകൾ ദേവികയുടെയും സഞ്ചാരം. നേരത്തെ 2020ല്‍ രാധിക തിലകിന് ആദരമര്‍പ്പിച്ച് മകള്‍ സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു. രാധിക തിലകിന്‍റെ ശബ്ദത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് രാധികയുടെ മകള്‍ ദേവിക സുരേഷും ഗായിക ശ്വേത മോഹനും ചേര്‍ന്ന് അന്ന് പുനരാവിഷ്കരിച്ചത്.

ശ്വേത മോഹന്‍റെ നിര്‍മ്മാണത്തില്‍ ദേവിക സുരേഷാണ് വീഡിയോയില്‍ രാധികയുടെ പാട്ടുകള്‍ അന്ന് പാടിയത്. സംഗീതം പഠിച്ചിട്ടില്ലാത്തതിനാല്‍ ചെയ്യാന്‍ മടിയുണ്ടായിരുന്നുവെന്നും സംഗീതം തന്‍റെ മേഖലയായല്ല താന്‍ കണ്ടിരുന്നതെന്നും വീഡിയോയിലെ കുറിപ്പില്‍ ദേവിക വിശദമാക്കിയിരുന്നു.
ഇപ്പോഴിതാ ദേവിക വിവാഹിതയായിരിക്കുകയാണ്. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രനാണ് ദേവികയുടെ വരൻ. ഇക്കഴിഞ്ഞ തിങ്കളാഴ്ച ബെംഗളൂരുവിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വത്സല-സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്.
ഇപ്പോഴിതാ സുഹൃത്തുക്കൾക്കും സിനിമാ മേഖലയിലുള്ളവർക്കുമായി ചില ചടങ്ങുകൾ എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടത്തിയിരിക്കുകയാണ്. സിനിമാ-സംഗീത ലോകത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാൻ എത്തി. ഗായിക സുജാതയുടെ കൈപിടിച്ചാണ് രാധിക തിലകിന്റെ മകൾ ദേവിക മണ്ഡപത്തിലേക്ക് എത്തിയത്.
ചുവന്ന നിറത്തിലുള്ള പട്ട് സാരിയും മിനിമൽ ആഭരണങ്ങളും അണിഞ്ഞാണ് ദേവിക വധുവായി ഒരുങ്ങി എത്തിയത്. വെളുപ്പും സ്വർണ്ണ നിറവും കലർന്ന കുർത്തയായിരുന്നു വരന്റെ വേഷം. വിവാഹ വേദിയിൽ മണ്ഡപത്തിന് അരികിലായി മുലപ്പൂവാൽ അലങ്കരിച്ച രാധിക തിലകിന്റ ഫോട്ടോയും സ്ഥാപിച്ചിരുന്നു ദേവികയും രാധികയുടെ ഭർത്താവും.

ജയറാം, പാർവതി, ഹരിത ബാലകൃഷ്ണൻ, ഐഡിയ സ്റ്റാർ സിങ്ങർ താരം ടീനു, നടി കൃതിക പ്രദീപ് തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികൾ ദേവികയേയും വരനേയും അനുഗ്രഹിക്കാൻ എത്തിയിരുന്നു. വധുവായി ഒരുങ്ങിയപ്പോൾ രാധികയെ പോലെ തന്നെയാണ് ദേവികയേയും തോന്നിയത് എന്നാണ് വിവാഹ വീഡിയോ കണ്ട് ആരാധകർ ഏറെയും കുറിച്ചത്. ദേവിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
കാന്‍സര്‍ ബാധിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന രാധിക 45ആം വയസിലാണ് അന്തരിച്ചത്. ലളിതഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ രാധിക തിലക് 60ല്‍ അധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് രാധിക തിലക് ആലപിച്ച ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങള്‍.
ബിരുദപഠനത്തിന്റെ അവസാന വർഷമായിരുന്നു രാധിക തിലകിന്റെ വിവാഹം. പിന്നീട് അഞ്ച് വർഷത്തോളം ദുബായിൽ താമസമാക്കിയെങ്കിലും വേദികളിൽ സജീവമായിരുന്നു. യേശുദാസ്, ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം ഗള്‍ഫില്‍ നടന്ന സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ നിറസാന്നിധ്യമായിരുന്നു.
ദുബായില്‍ താമസിക്കവെ വോയ്‌സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു. എം.ജി ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്‌റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ചുരുക്കം പാട്ടുകൾ കൊണ്ട് മലയാളിക്ക് ആസ്വാദനത്തിന്റെ വസന്തം സമ്മാനിച്ചു രാധിക തിലക്.


Click it and Unblock the Notifications











