'ഒരുപാട് പ്രാക്ക് കിട്ടുമെന്ന് അറിയാം, പ്രശ്നക്കാരെന്ന പേരുദോഷം ഉണ്ടായിരുന്നു, അതിനുശേഷം അവളെ ഒഴിവാക്കി'
സീരിയൽ പ്രേക്ഷകർക്ക് എന്നും നീറുന്ന ഓർമയാണ് നടി ശരണ്യ ശശി. ഏറെനാൾ ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്ന താരം 2021ലാണ് അന്തരിച്ചത്. ട്യൂമർ വന്നശേഷം പതിനൊന്ന് തവണയോളം ശരണ്യ സർജറിക്ക് വിധേയായിട്ടുണ്ട്. മരിക്കുമ്പോൾ വെറും 34 വയസ് മാത്രമായിരുന്നു പ്രായം. കുട്ടിക്കാലം മുതൽ അഭിനയ മോഹം മനസിൽ കൊണ്ടുനടന്ന ശരണ്യയുടെ സ്വപ്നങ്ങൾ സാധിക്കാൻ എന്നും കരുത്തായി ഒപ്പം നിന്നത് അമ്മയായിരുന്നു.
ഇപ്പോഴിതാ മകൾക്കൊപ്പം സിനിമ-സീരിയൽ സെറ്റുകളിൽ പോയപ്പോഴുള്ള ഓർമകൾ മൂവി വേൾഡ് മീഡിയ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് അമ്മ ഗീത. നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങൾ മകൾക്ക് വരുമ്പോൾ താൻ അത് ഒഴിവാക്കി വിടുമായിരുന്നുവെന്ന് ഗീത പറയുന്നു. ശരണ്യ എപ്പോഴും കുട്ടിത്തമുള്ള കുടുകുടെ ചിരിക്കുന്നയാളാണ്. അസുഖം വന്നശേഷം ഇടയ്ക്കൊക്കെ അബ്നോർമലായി സംസാരിക്കുമായിരുന്നു.

കുട്ടിക്കാലം മുതൽ അവളുടെ മനസിൽ സിനിമയുണ്ട്. കുഞ്ഞായിരുന്നപ്പോൾ കാണാൻ സുന്ദരിയായിരുന്നു. സിനിമയ്ക്ക് പറ്റിയ മുഖമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അഭിനയമോഹം അവൾക്ക് വരുന്നത്. പക്ഷെ കണ്ണൂരിലെ ഗ്രാമപ്രദേശത്ത് ജനിച്ച് വളർന്ന ഞങ്ങൾക്ക് അന്ന് സിനിമ സ്വപ്നം പോലും കാണാൻ പറ്റുന്ന ഒന്നായിരുന്നില്ല. നവോദയ സ്കൂളിലാണ് ശരണ്യ പഠിച്ചത്.
അവിടെ ഉള്ളവരോടെല്ലാം താൻ സീരിയലിൽ അഭിനയിക്കാൻ പോവുകയാണ്, സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് ശരണ്യ ഇടയ്ക്കിടെ പറയുമായിരുന്നു. അവളുടെ ആഗ്രഹങ്ങളാണ് പറഞ്ഞത്. ശരണ്യ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആരിൽ നിന്നും മോൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. തുടക്കത്തിൽ സീരിയൽ വരുമാനം ഡ്രസ് എടുക്കാൻ മാത്രമെ തികഞ്ഞിരുന്നുള്ളു. മറ്റ് ബെനിഫിറ്റ്സ് ഒന്നും ഉണ്ടായിട്ടില്ല. സീരിയലിൽ അഭിനയിക്കുന്നുവെന്ന സന്തോഷം മാത്രം.
ബാലചന്ദ്രമേനോൻ സാറിനും മോളോട് സ്നേഹമായിരുന്നു. ഇരുവരും ഒരുമിച്ച് സീരിയൽ ചെയ്തിട്ടുണ്ട്. ശരണ്യയ്ക്ക് അസുഖം വന്നപ്പോൾ സീമ ജി നായർ വഴി അദ്ദേഹം ധനസഹായവും നൽകി. മറ്റുള്ളവർ അദ്ദേഹത്തെ കുറിച്ച് പറയുന്നതിനെ കുറിച്ച് എനിക്ക് അറിയില്ല. ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും മോശം അനുഭവമില്ല. എന്നെ സാറ്റ്ലൈറ്റ് എന്നാണ് സീരിയൽ സംവിധായകൻ എ.എം നസീർ സാറൊക്കെ വിളിക്കാറ്. അദ്ദേഹത്തിന്റെ മന്ത്രകോടി എന്ന സീരിയലിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്.
ശരണ്യ എവിടെയുണ്ടോ അവിടെ ഞാനുണ്ട്. തള്ളക്കോഴി കോഴി കുഞ്ഞിനെ കൊണ്ട് നടക്കുന്നത് പോലെയാണ് ഞാൻ അവളെ കൊണ്ട് നടന്നിരുന്നത്. ഈ ഫീൽഡിനെ കുറിച്ച് പല കഥകളും കേട്ടിട്ടുണ്ടല്ലോ. എടി എന്ന് വിളിച്ചാൽ പോടായെന്ന് വിളിക്കാനുള്ള തന്റേടം എനിക്കുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നക്കാരെന്ന പേര് ദോഷം ഞങ്ങൾക്ക് ഒരു കാലത്ത് ലഭിച്ചിരുന്നു. ഇഷ്ടപ്പെടാത്തത് കണ്ടാൽ പ്രതികരിക്കും എന്നത് സത്യമാണ്.

മന്ത്രകോടിയിൽ അഭിനയിക്കുന്ന സമയത്ത് ചാക്കോ രണ്ടാമൻ സിനിമയിൽ കലാഭവൻ മണിയുടെ സഹോദരി വേഷത്തിലേക്ക് മോൾക്ക് അവസരം ലഭിച്ചു. വലിയ പൈസയൊന്നും കിട്ടിയില്ല. പതിനായിരം രൂപയായിരുന്നു പ്രതിഫലം. രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു. രണ്ടാമത്തെ ദിവസം ഷൂട്ടിന് പോകാൻ പറ്റിയില്ല. കാരണം മന്ത്രകോടിയുടെ സംവിധായകൻ നസീർ സാർ ഞങ്ങളെ വിട്ടില്ല. സിനിമയുടെ ഷൂട്ട് ശരണ്യ ചെന്നില്ലെങ്കിൽ മുടങ്ങുകയും ചെയ്യും. സിനിമയുടെ അണിയറപ്രവർത്തകർ നസീർ സാറിനെ വരെ വിളിച്ചു. കാരണം കലാഭവൻ മണി അടക്കം ദേഷ്യത്തിലാണ്.
ഞാനും മോളും ഫോൺ ഓഫാക്കി വെച്ചു. സിനിമയുടെ ടീം വിളിച്ചതിന്റെ ദേഷ്യത്തിൽ നസീർ സാർ സെറ്റിലെത്തി ചൂടായി. അത് കണ്ട് ശരണ്യ ഫോൺ വലിച്ചെറിഞ്ഞു. വിളിക്കാൻ ഇനി അമ്മയുടെ പ്രസിഡന്റ് മാത്രമെ ബാക്കിയുള്ളു എന്നൊക്കെ നസീർ സാർ പറഞ്ഞു. ശരണ്യ അന്ന് കരച്ചിലായിരുന്നു. ശേഷം സിനിമയുടെ ടീം പിറ്റേ ദിവസത്തേക്ക് ശരണ്യയുടെ സീൻ സെറ്റ് ചെയ്തു.
ആ ഷൂട്ട് കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ശരണ്യയെ അവർ സീരിയലിൽ നിന്നും കട്ട് ചെയ്തു. കഥാപാത്രം വിഷം കുടിച്ചു മരിച്ചുവെന്ന രീതിയിലാണ് അവസാനിച്ചത്. സീരിയലിൽ നെഗറ്റീവ് റോൾ മോൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല. ഒരുപാട് പ്രാക്ക് കിട്ടും. മാനസപുത്രിയിലെ ഗ്ലോറി എന്ന കഥാപാത്രത്തിലേക്ക് ശരണ്യയ്ക്ക് ക്ഷണം വന്നിരുന്നു. ഞാനാണ് വിടാതിരുന്നതെന്നും അമ്മ ഗീത പറയുന്നു.


Click it and Unblock the Notifications











