അവള്‍ക്ക് വേറെ കല്യാണം നിശ്ചയിച്ചിരുന്നു! തന്റേടം കാണിക്കാനെടുത്ത തീരുമാനമല്ല; ബാലഭാസ്‌കറിന്റെ വാക്കുകള്‍ വൈറൽ
ഒക്ടോബര്‍ രണ്ട് മലയാളികളെ സംബന്ധിച്ച് വലിയൊരു വേദനയുടേതാണ്. വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു. അപകടമുണ്ടായി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് താരത്തിന്റെ വേര്‍പാടുണ്ടാവുന്നത്. അപകടത്തില്‍ ബാലഭാസ്‌കറിനൊപ്പം മകള്‍ ത്വേജസിനിയും മരിച്ചിരുന്നു.
ആറ് വര്‍ഷം മുന്‍പുണ്ടായ താരത്തിന്റെ വിയോഗം ഇന്നും ഓര്‍മ്മിക്കപ്പെടുകയാണ്. ബാലു എന്ന് വിളിച്ച് പലരും താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് തുടങ്ങി. ഇതിനിടെ ബാലഭാസ്‌കറിന്റെ വിവാഹക്കഥയും വൈറലാവുകയാണ്. അപകടത്തിന് ശേഷം താരത്തിന്റെ ഭാര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിരുന്നു.

എന്നാല്‍ തന്റെ ജീവിതത്തില്‍ എന്തും തുറന്ന് പറയാന്‍ പറ്റുന്നൊരു സുഹൃത്തായിരുന്നു ലക്ഷ്മിയെന്നാണ് ബാലു പറഞ്ഞിട്ടുള്ളത്. കോളേജില്‍ പഠിക്കുന്ന കാലത്ത് വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടി പോയിട്ടാണ് ബാലുവും ലക്ഷ്മിയും വിവാഹിതരാവുന്നത്. അന്ന് ലക്ഷ്മിയുടെ വീട്ടില്‍ പെണ്ണ് ആലോചിച്ച് പോയതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് ബാലഭാസ്‌കര്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍....
''ആ ആഴ്ചയില്‍ അവളുടെ കല്ല്യാണം നിശ്ചയിക്കാന്‍ പോകുകയാണ്. എനിക്കുവേറെ ഓപ്ഷനൊന്നുമില്ല. ഞാന്‍ അവളോടൊന്നും പറഞ്ഞില്ല. ഞാനും ഒരു ട്യൂഷന്‍ സാറും കൂടി അവളുടെ വീട്ടില്‍ പോയി. പെണ്ണ് ചോദിക്കാന്‍ പോകുകയാ. 'ബാലഭാസ്‌കര്‍ എന്നു പറഞ്ഞ ഏതോ ഒരു സിനിമാക്കാരന്‍ ഇവളുടെ പുറകേ നടപ്പുണ്ട് എന്നിങ്ങനെ അവര്‍ കേട്ടിരുന്നു. താടിയൊക്കെ വളര്‍ത്തി ഏതോ വലിയൊരാള് എന്നൊക്കെയായിരിക്കും അവര് പ്രതീക്ഷിച്ചത്. ഞാനന്ന് ഇതിനേക്കാളും വൃത്തികെട്ട കോലമാണ്.'
ട്യൂഷന്‍ സാറിന്റെയടുത്താണ് ഞാന്‍ ഹെല്‍പ്പ് ചോദിക്കുന്നത്. വിജയ മോഹന്‍ സാര്‍. സാറ് എന്റെ കൂടെ വരാമെന്നു പറയുന്നു. ഞാനും സാറും കൂടെ നേരെ അവളുടെ വീട്ടിലേക്ക് പോയി, സംസാരിച്ചു തുടങ്ങുന്നു. അവളുടെ അച്ഛനുണ്ട്. അച്ഛനോട് സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചു നാള്‍ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.
'വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.' എന്റെടുത്ത് ചോദിച്ചു, ഇയാളുടെ പേരെന്താന്ന്. ഇതുതന്നെ ഒരു അവസരം ആക്കിയാലോയെന്ന് ഞാന്‍ ആലോചിച്ചു. എനിക്ക് ബാലഭാസ്‌കര്‍ എന്നു പറയാന്‍ പെട്ടെന്നൊരു പേടി. ഞാന്‍ പറഞ്ഞു, കൃഷ്ണ കുമാര്‍ എന്നാണ് പേര്. മലയാളത്തിലാണ് പഠിക്കുന്നത്. ഈ രണ്ട് ആള്‍ക്കാരും എന്റെ ഫ്രണ്ട്‌സാണ് എന്നും പറഞ്ഞു.

സമയം കഴിയുന്തോറും പേടിയായിരുന്നു. അവളുടെ അനിയന്‍ ആ കോളജിലായിരുന്നു പഠിക്കുന്നത്. അവന് എന്നെ അറിയാം. അവന്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ പ്രശ്‌നമാകുമോയെന്നായിരുന്നു പേടി. നടക്കില്ലെന്ന് ഏകദേശം മനസിലായപ്പോള്‍ സാറിനോട് ഞാന്‍ നമുക്ക് തിരിച്ചുപോകാമെന്ന് പറഞ്ഞു. പക്ഷേ സാറ് വീണ്ടും വീണ്ടും അവരെ നിര്‍ബന്ധിക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ സാറിനെ അവിടെ നിന്നും വലിച്ചിറക്കി കോളജിലേക്ക് തിരിച്ചെത്തുകയായിരുന്നു.
അവിടെയെത്തി ലക്ഷ്മിയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. നീയിന്ന് തിരിച്ച് വീട്ടില്‍ പോകുകയാണെന്നുണ്ടെങ്കില്‍ തിരിച്ചിനി കോളേജിലെത്താന്‍ പറ്റില്ല. അതുകൊണ്ട് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം. അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം.
എല്ലാവരേയും എതിര്‍ത്ത് തന്റേടം കാണിക്കാന്‍ വേണ്ടിയെടുത്ത ഒരു തീരുമാനമായിരുന്നില്ല അത്. എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി. തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല. ഡ്രസില്ല. കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല. ഒരുകാര്യം ഞാന്‍ ഉറപ്പു പറയാം. ഞാന്‍ പട്ടിണി കിടത്തില്ല. ഒരുപക്ഷേ എല്ലാ കാമുകന്മാരും പറയുന്ന വാക്കായിരിക്കാം അത്. ഞാന്‍ ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷന്‍ എന്നു പറഞ്ഞാല്‍ വയലിന്‍. ആ ഉറപ്പാണ് തങ്ങളുടെ വിവാഹത്തിലെത്തിയതെന്നാണ്...'' മുന്‍പൊരു അഭിമുഖത്തില്‍ ബാലഭാസ്‌കര്‍ പറഞ്ഞത്.


Click it and Unblock the Notifications