കുട്ടി ആരാധികയെ കാണാൻ ദിലീപ് എത്തി, വീഡിയോ വൈറലാകുന്നു....
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മലയാള സിനിമയിൽ പകരക്കാരനില്ലാത്ത അഭിനേതാവായി മാറുകയായിരുന്നു. മമ്മൂട്ടിയും , മോഹൻലാലും അരങ്ങ് വാണിരുന്ന സമയത്തും ദിലീപ് സെയ്ഫ് സോണിലായിരുന്നു. ദിലീപിന്റെ ആരാധകരിൽ അധികവും കുട്ടികളും കുടുംബ പ്രേക്ഷകരുമാണ്. ആറ് മുതൽ അറുപത് വരെയുള്ളവർക്ക് നടൻ സ്വന്തം ദിലീപേട്ടനാണ്. താരത്തിന്റെ പഴയ ചിത്രങ്ങൾ പലതും ഇന്നും കുടുംബ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

അന്നുവരെയുണ്ടായിരുന്ന നായക സങ്കൽപം തിരുത്തി കുറിച്ചു കൊണ്ടായിരുന്നു ദിലീപ് വെള്ളിത്തിരയിൽ എത്തിയത്. 1996-ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് നായകനായി താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രം വൻ വിജയമായതോടെ പിന്നീട് മികച്ച കഥാപാത്രങ്ങൾ നടനെ തേടിയെത്തുകയായിരുന്നു. സല്ലാപത്തിലെ ശശി കുമാറും , വണ്ണർപ്പകിട്ടിലെ പൗലോച്ചനും ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ ഗോപിയുമൊക്കെ ദിലീപിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി .
വളരെ വൈകാതെ നടനെ കുട്ടികളും നെഞ്ചിലേറ്റുകയായിരുന്നു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ തുടങ്ങി ചിത്രങ്ങൾ ഇന്നത്തെ തലമുറയിലെ കുട്ടികളുടെയും പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട് . ഇപ്പോൾ പുറത്തിറങ്ങുന്ന ദിലീപ് ചിത്രങ്ങളെക്കാളും ഇന്നത്തെ കുട്ടികൾക്ക് പ്രിയങ്കരം ആ പഴയ ദിലീപ് ചിത്രങ്ങളാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുട്ടി ആരാധികയ്ക്കൊപ്പമുളള ദിലീപിന്റെ വീഡിയോയാണ് . ഓർക്കപ്പുറത്താണ് തന്റെ കുഞ്ഞ് ആരാധികയുടെ മുന്നിൽ താരം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് കാറിൽ നിന്ന് ഇറങ്ങി വിശേഷങ്ങൾ തിരക്കുകയും ചിത്രങ്ങൾ എടുത്ത ശേഷമാണ് നടൻ അവിടെ നിന്ന് പോയത്. ദിലീപിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നടനെ കാണണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെ ദിലീപേട്ടൻ മുന്നിൽ എത്തിയെന്ന് കുട്ടി വ്ലോഗർ പറയുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിട്ടുണ്ട്.
കുട്ടികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് സിഐഡി മൂസയുടെ അനിമേഷൻ പാർട്ട്. 2003 ൽ ജോണി ആന്റണി സംവിധാനം ചെയ്ത വിജയ ചിത്രത്തിന്റെ അനിമേഷൻപാർട്ട് 17 വർഷത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ദിലീപ് തന്നെയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. . ലോക അനിമേഷൻ ദിനത്തിലായിരുന്നു ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം. പ്രമോയും പുറത്തു വിട്ടിരുന്നു. ചിത്രത്തിനായി കാത്തിരിക്കുകയാണ് ദിലീപിന്റെ കുട്ടി ആരാധകർ.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമായിരുന്നു സിഐഡി മൂസ. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിരയായിരുന്നു ചിത്രത്തിൽ അന്ന് അണിനിരന്നത്.


Click it and Unblock the Notifications