'നീളൻ മുടി മുറിച്ചത് ഭർത്താവിന്റെ നിർബന്ധപ്രകാരം, മസാജിങ് സമയത്ത് ഉറങ്ങിപ്പോയി ഉണർന്നപ്പോൾ കണ്ടത് ഈ രൂപം'
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിരക്കുള്ള നായിക നടിയായിരുന്നു ലക്ഷ്മി. ചട്ടക്കാരി, ചട്ടമ്പിക്കല്യാണി, സ്വാമി അയ്യപ്പന്‍, പൊന്നി, സര്‍വ്വേക്കല്ല്, വിട പറയും മുമ്പേ, പടയോട്ടം, ഗാനം, ആരൂഡം, ഭരതം, രാക്കിളിപ്പാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്ക് ലക്ഷ്മി പ്രിയങ്കരിയായത്. തുടക്കനാളുകളില്‍ ലക്ഷ്മിയും രൂക്ഷവിമര്‍ശനങ്ങൾ നേരിട്ടിരുന്നു. ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അഭിനയിക്കാന്‍ അറിയില്ലെങ്കിൽ ബോംബെയില്‍ പോയി വല്ല ക്ലബ് ഡാന്‍സും ചെയ്ത് ജീവിക്കാൻ ഒരു ഫോട്ടോഗ്രാഫർ തന്നോട് പറഞ്ഞതായി ലക്ഷ്മി തന്നെ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.
അഭിനയത്തിന് പുറമെ ഷോകൾ ഹോസ്റ്റ് ചെയ്യുന്നതിലും സിനിമകളുടെ നിർമ്മാണത്തിലും നടി ഏർപ്പെട്ടിട്ടുണ്ട്. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്.

എണ്‍പതുകളില്‍ തമിഴ് സിനിമയില്‍ സജീവമായിരുന്ന നടന്‍ ശിവചന്ദ്രനാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. അതിന് മുമ്പ് ലക്ഷ്മി രണ്ട് വിവാഹങ്ങള്‍ ചെയ്തിരുന്നു. രണ്ടും പരാജയപ്പെട്ടു. 1969ല്‍ ആയിരുന്നു ആദ്യ വിവാഹം. അഞ്ച് വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിച്ചു. ഭാസ്‌കരന്‍ എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. നടി ഐശ്വര്യ ഭാസ്‌കരന്‍ ആ ബന്ധത്തിലുണ്ടായ മകളാണ്. നടന്‍ മോഹന്‍ ശര്‍മയാണ് രണ്ടാമത്തെ ഭര്‍ത്താവ്.
അതും അഞ്ച് വര്‍ഷം കൊണ്ട് അവസാനിച്ചു. ശിവചന്ദ്രനുമായി 37 വര്‍ഷമായി കുടുംബജീവിതം നയിക്കുകയാണ് ലക്ഷ്മി. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ടോം ബോയ് ഹെയർസ്റ്റൈലാണ് ലക്ഷ്മിയുടേത്. കഥാപാത്രങ്ങൾക്ക് പോലും ചിലപ്പോഴൊക്കെ വിഗ് ഉപയോഗിക്കാതെ ഇതേ ഹെയർസ്റ്റൈലാണ് നടി ഉപയോഗിക്കാറുള്ളത്.
നീളൻ മുടി തനിക്കുണ്ടായിരുന്നുവെന്നും ഭർത്താവിന്റെ നിർബന്ധപ്രകാരമാണ് അത് മുറിച്ചതെന്നും ലക്ഷ്മി പറയുന്നു. എപ്പോഴും അരയ്ക്കൊപ്പം മുടിയുള്ള ആളായിരുന്നു ഞാൻ. എന്തൊരു നീളൻ മുടിയാണ്. ഒന്നുകിൽ മെടഞ്ഞിടും അല്ലെങ്കിലും ബൺ ഹെയർസ്റ്റൈൽ കെട്ടും. 1994ൽ നടന്ന സംഭവമാണ്. മുടി മുറിക്കുന്നില്ലെന്നാണ് ഞാൻ പറഞ്ഞിരുന്നത്. പക്ഷെ എന്തെങ്കിലും ഹെയർ സ്റ്റൈൽ പരീക്ഷിക്കാൻ അദ്ദേഹം നിർബന്ധിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ ഞാൻ എന്റെ ഹെയർസ്റ്റൈലിസ്റ്റിനെ സമീപിച്ചു. ക്ഷമയില്ലാത്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പാർലറിൽ പോയി സമയം ചിലവഴിക്കാനും എനിക്ക് താൽപര്യമില്ല. ഇതുവരെയും ഫേഷ്യൽ ഞാൻ ചെയ്തിട്ടില്ല. പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കുറച്ചെങ്കിലും ക്ഷമയോടെ പോയി പാർലറിലിരിക്കുന്നത് പെഡിക്യൂർ ചെയ്യാൻ വേണ്ടിയാണ്.

എനിക്ക് നല്ല ഹെയർ കട്ട് ചെയ്ത് തരാമെന്നാണ് ഹെയർസ്റ്റൈലിസ്റ്റ് പറഞ്ഞത്. അവൻ മസാജ് ചെയ്തപ്പോൾ ഞാൻ ഉറങ്ങിപ്പോയി. പിന്നെ എഴുന്നേറ്റ് നോക്കിയപ്പോൾ ഈ ടോം ബോയ് ഹെയർകട്ടാണ് ചെയ്തിരിക്കുന്നതെന്ന് കണ്ടു. ഞാൻ തന്നെയാണോയെന്ന് കണ്ണാടി നോക്കി മനസിലാക്കാൻ കഴിഞ്ഞില്ല. ഇതിനുശേഷമായിരുന്നു ജീൻസ് സിനിമയുടെ ഷൂട്ട്. അതിനുശേഷം ഈ ഹെയർസ്റ്റൈൽ എനിക്ക് വളരെ കംഫേർട്ടായി തോന്നി.
മദ്രാസിൽ അടിക്കുന്ന വെയിലിൽ ഈ ഹെയർസ്റ്റൈൽ തന്നെയാണ് ഏറ്റവും സുഖകരം. അതിനെല്ലാം പുറമെ എന്റെ ഭർത്താവിന് ഈ ഹെയർസ്റ്റൈൽ വളരെ ഇഷ്ടമാണെന്നാണ് ലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications











