മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞില്ല; തമിഴ് നടനുമായി വിവാഹവും തകർന്ന ദാമ്പത്യവും, 25 വയസിൽ വിൽപത്രം എഴുതിയ ഷീല

ലേഡി സൂപ്പർസ്റ്റാറെന്ന വിശേഷണങ്ങൾ ആഘോഷിക്കപ്പെടുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തെന്നിന്ത്യയിൽ താരറാണിയായി വാണിരുന്ന അഭിനേത്രിയാണ് മലയാളികൾക്ക് പ്രിയങ്കരിയായ നടി ഷീല. യാഥാസ്ഥിക ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന ഷീല പ്രണയവും വിരഹവും ഹാസ്യവും കുടുബ ബന്ധങ്ങളുടെ സങ്കീര്‍ണതകളും എല്ലാം ഇഴചേർന്ന നിരവധി കഥാപാത്രങ്ങൾക്കാണ് ഇക്കാലയളവിൽ ജീവൻ നൽകിയത്. ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടംനിലനിര്‍ത്തിയ ഷീല എഴുപത്തിയേഴിന്റെ നിറവിലാണ്.

ഇത്തവണയും താരത്തിന്റെ പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം ചെന്നൈയിലാണ്. എന്റെ ജന്മദിനം മാർച്ച് 24നാണ്. പക്ഷെ ഇന്നലേയും മിനിഞ്ഞാന്നുമെല്ലാം കുറേപ്പേർ എന്നെ വിളിച്ച് വിഷ് ചെയ്തു. അതുപോലെ ഒരു ചാനലിൽ നിന്നും വിളിച്ച് തൊണ്ണൂറ്റി അഞ്ച് വയസായിട്ടും ഇങ്ങനെ തന്നെ ഇരിക്കുന്നല്ലോ.... വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞു. തൊണ്ണൂറ്റിയഞ്ചല്ല നൂറ്റിയഞ്ച് വയസാണ്. എനിക്കൊരു ചെറുക്കനെ നോക്കി തരാമോ എനിക്കെന്ന് ഞാൻ തിരിച്ച് ചോദിച്ചു.

Actress Sheela

എന്തിനാണ് ഈ പ്രായം..? ഞാനും ജയലളിതയും ഒരേ വർഷമാണ് ജനിച്ചത്. 1948ലാണ് ഞങ്ങൾ രണ്ടുപേരും ജനിച്ചത്. ജയലളിത ഫെബ്രുവരി 24ഉം ‍ഞാൻ മാർച്ച് ഇരുപത്തിനാലുമാണ്. ഇത് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്. ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആ​ഗ്രഹം ഇല്ലാത്തത്. ആണുങ്ങൾക്ക് അത്രയും ഉണ്ടോയെന്ന് അറിയില്ല.

പക്ഷെ പെണ്ണുങ്ങൾക്ക് എപ്പോഴും ഒരുങ്ങി നടക്കണം, നല്ല വസ്ത്രം ധരിക്കണം, ആഭരണം ധരിക്കണം എന്നൊക്കെയാണെന്നും ഷീല പറയുന്നു. ക്രിസ്ത്യാനിയായ ഷീല കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ ഒരു ആ​ഗ്രഹത്തെ കുറിച്ച് മനസ് തുറന്നിരുന്നു. മരിച്ച് കഴിഞ്ഞാൽ തന്നെ സെമിത്തേരിയിൽ അടക്കരുതെന്നും ദഹിപ്പിച്ചാൽ മതിയെന്നുമാണ് പറഞ്ഞത്. ആ തീരുമാനത്തിൽ നിന്നും താരമിപ്പോഴും മാറിയിട്ടില്ല. മനുഷ്യന് സ്വപ്നങ്ങൾ വേണം. എന്റെ സ്വപന്ങ്ങൾ എല്ലാം പക്ഷെ കഴിഞ്ഞു. സ്വപ്നങ്ങൾ എനിക്കില്ല.

വരുന്നതുപോലെ വരട്ടെയെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഞാൻ എന്റെ ഇരുപത്തിയഞ്ച് വയസിൽ തന്നെ വിൽപ്പത്രം എഴുതി. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞാൻ ക്രിസ്ത്യനാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ മരിച്ചാൽ പൊതുവെ കുഴിച്ചിടുകയാണ് ചെയ്യാറുള്ളത്. പക്ഷെ എന്നെ ദഹിപ്പിച്ചാൽ മതി. ശേഷം ആ ഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം. അങ്ങനൊരു വിൽ ഞാൻ എഴുതിവെച്ചിട്ടുണ്ട്.

ഭാരതപ്പുഴയിൽ എന്റെ ചിതാഭസ്മം ഒഴുക്കുന്നുണ്ടോയെന്ന് എല്ലാവരും നോക്കണം എന്നാണ് പിറന്നാൾ‌ ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഷീല പറഞ്ഞത്. ജീവിതത്തിൽ വിചാരിച്ച പലതു നടന്നിട്ടില്ലെന്നും എന്നാൽ വിചാരിക്കാത്ത പലതും നടന്നിട്ടുണ്ടെന്നുള്ളതും താരം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം പറയാറുള്ള ഒന്നാണ്. നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ പോയതിന്റെ വിഷമം പലപ്പോഴായി താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ് നടൻ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭർത്താവ്. ആ ബന്ധത്തിൽ ഷീലയ്ക്കുള്ള മകനാണ് നടൻ കൂടിയായ ജോർജ് വിഷ്ണു.

Actress Sheela

ഇനിയെനിക്ക് ജന്മമില്ല. അമ്മയായും സഹോദരിയായും ഭാര്യയായും ഞാന്‍ എല്ലാം അനുഭവിച്ചു. എൻ്റെ മകൻ്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറായിരുന്നു. തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച രവിചന്ദ്രൻ്റെ സിനിമ ജീവിതത്തിൽ 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതം തകര്‍ത്തത്. മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്.

മാത്രമല്ല അദ്ദേഹം ആ സമയം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടുകയായിരുന്നു. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു. ആ സമയത്താണ് മലയാളത്തിൽ അഭിനയിക്കാൻ എത്തിയത്. ശേഷം സംവിധായകനായ ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ഓമന എന്ന ചിത്രത്തിലൂടെയാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. അങ്ങനെ അവിടെ വെച്ച് ചില സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലായിരുന്നു.

രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളായതുകൊണ്ട് തന്നെ അപ്പോൾ പെട്ടെന്ന് തോട്ടാൻ ചോദിച്ച ഒരു കാര്യമാണ് വിവാഹത്തിലേക്ക് നയിച്ചത്. നിങ്ങളുടെ ഭാര്യയും പോയി ഷീലാമ്മയും ഇപ്പോൾ തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്നായിരുന്നു തൊട്ടാൻ ചോദിച്ചത്. പിന്നെ സേതുമാധവനും എംഒ ജോസഫും നിര്‍ബന്ധിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. പക്ഷെ വിവാഹശേഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു. ശേഷം അയാൾ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട് അങ്ങോട്ടേക്ക് പോകുമായിരുന്നു.

ടി നഗറില്‍ അദ്ദേഹത്തിൻ്റെ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന വിവരം ഞാന്‍ അറിയുന്നത്. അതറിഞ്ഞ നിമിഷം ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിയുകയും ചെയ്തു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി.

പക്ഷെ എൻ്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അത് ഒഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമെ ഉള്ളൂവെന്നുമാണ് മുമ്പൊരിക്കൽ കുടുംബത്തെ കുറിച്ച് സംസാരിക്കവെ ഷീല പറഞ്ഞത്. 1942 മാര്‍ച്ച് 24ന് തൃശൂര്‍ കണിമംഗലം സ്വദേശി ആന്റണിയുടേയും ഭാര്യ ഗ്രേസിയുടേയും മകളായാണ് ഷീല സെലിന്റെ ജനനം. പിതാവ് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളര്‍ന്നതും. 1962ല്‍ എംജിആര്‍ നായകനായ തമിഴ് ചിത്രം പാശത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള ഷീലയുടെ അരങ്ങേറ്റം.

അന്ന് ലൊക്കേഷനിലെത്തിയ ഷീലയുടെ പേര് എംജിആര്‍ മാറ്റി. സരസ്വതി ദേവി എന്നായിരുന്നു പുതിയ പേര്. ഇതിനിടെ പാശത്തിന്റെ സെറ്റില്‍വച്ച് ഷീലയെ കണ്ട പി.ഭാസ്‌കരന്‍ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലേക്ക് നായികയായി ക്ഷണിച്ചു. അങ്ങനെ സരസ്വതി ദേവി വീണ്ടും ഷീലയായി മാറി. പാശം റിലീസ് ചെയ്യുന്നതിന് മുമ്പെ ഭാഗ്യജാതകം പുറത്തെത്തി. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ഷീല തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, അടിമകള്‍, യക്ഷഗാനം, ഈറ്റ, ഒരുപെണ്ണിന്റെ കഥ, അശ്വമേധം, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്വേമായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയവയാണ് ഷീല നായിക വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ടവയിൽ ചിലത്. മധു-ഷീല കോമ്പോയ്ക്ക് ഒരു കാലത്ത് വലിയൊരു ആ​രാധകവൃന്ദമുണ്ടായിരുന്നു.

മകൻ പിറന്നശേഷം കുറച്ച് വർഷങ്ങൾ ഷീല സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് ജയറാം സിനിമ മനസിനക്കരെയിലൂടെയാണ് തിരികെ അഭിനയത്തിലേക്ക് എത്തിയത്. നാനൂറോളം സിനിമകളിൽ ഷീല ഇതുവരെ അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ വരെ നായികയായിട്ടുള്ള ഷീലയ്ക്ക് പക്ഷെ ഏറ്റവും പ്രിയപ്പെട്ട നടൻ അനൂപ് മേനോനാണ്. അദ്ദേഹത്തിന്റെ സിനിമകൾ എവിടെ കണ്ടാലും അവിടെ ഇരുന്ന് അത് മുഴുവൻ കണ്ട് തീർക്കും.

FAQs
നടി ഷീല ആദ്യമായി അഭിനയിച്ച സിനിമ ഏത്?

1962ല്‍ എംജിആര്‍ നായകനായ തമിഴ് ചിത്രം പാശത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള ഷീലയുടെ അരങ്ങേറ്റം. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ഷീല തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

Filmibeat Entertainment

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X