മക്കൾക്ക് നമ്മൾ ഒരു ട്രബിൾ ആകരുത്, ഓവർ സ്വാതന്ത്ര്യം എടുക്കരുത്, കുറ്റങ്ങളും കുറവുകളും അല്ല പറയേണ്ടത്; ലക്ഷ്മി
തന്റെ യുട്യൂബ് ചാനലിലൂടെ പാചകവും വീട്ടുവിശേഷങ്ങളും മാത്രമല്ല ഇടയ്ക്ക് തന്റെ ചിന്തകളും പങ്കുവെക്കുന്നയാളാണ് ലക്ഷ്മി നായർ. തിങ്കളാഴ്ച ദിവസങ്ങളാണ് ലക്ഷ്മി ഇതിനായി മാറ്റിവെക്കാറുള്ളത്. അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെ ആയിയെങ്കിലും ഇന്നത്തെ ജനറേഷനൊപ്പം നീങ്ങാനാണ് ലക്ഷ്മിക്ക് ഇഷ്ടം. പുതിയ വീഡിയോയിൽ ലക്ഷ്മി സംസാരിച്ചത് കൊച്ചുമക്കളുടെ ജീവിതത്തിൽ ഗ്രാന്റ് പാരന്റ്സ് ഇടപെടുന്നത് എത്തരത്തിൽ ആയിരിക്കണം എന്നതിനെ കുറിച്ചാണ്.
അഞ്ച് ചെറുമക്കളുള്ള മുത്തശ്ശിയാണ് ലക്ഷ്മി. അനാവശ്യമായി കൊച്ചുമക്കളുടെ കാര്യങ്ങളിൽ ഇടപെട്ട് മക്കളുടെ ജീവിതം പ്രശ്നത്തിൽ ആക്കരുതെന്ന് ലക്ഷ്മി പറയുന്നു. മകന്റെ കുഞ്ഞ് പുടുമോളാണ് ലക്ഷ്മിയുടെ ലോകം. എന്നിരുന്നാലും അനാവശ്യമായി ഒന്നിലും താൻ തലയിടാറില്ലെന്ന് ലക്ഷ്മി പറയുന്നു.

എന്റെ മകളുടെ കുഞ്ഞുങ്ങൾ വിദേശത്ത് ജീവിക്കുന്നവരായതുകൊണ്ട് വളരെ നേരത്തെ തന്നെ അവർ ഡെ കെയറിൽ പോയി തുടങ്ങി. ഞാൻ അവർക്കൊപ്പം ഉണ്ടെങ്കിലും കുട്ടികളെ ഡെ കെയറിലാക്കും. അവിടുത്തെ രീതി അങ്ങനെയാണ്. എന്നാൽ എന്റെ മോന്റെ കുഞ്ഞിനെ ഞങ്ങൾ ഡെ കെയറിൽ വിട്ട് തുടങ്ങിയിട്ടില്ല. രണ്ട് വയസായതേയുള്ളു. ഇപ്പോൾ വിടാൻ ഉദ്ദേശിക്കുന്നില്ല. കൂട്ടുകുടുംബത്തിൽ നിന്നാണ് കുഞ്ഞുങ്ങൾ വളരുന്നതെങ്കിൽ ഒരുപാട് നല്ല ഗുണങ്ങൾ അവർക്കുണ്ടാകും.
കൊച്ചുമക്കളുടെ ജീവിതത്തിൽ ഗ്രാന്റ് പാരന്റ്സിനുള്ള പങ്കും അവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ചില കുട്ടികൾക്ക് അച്ഛന്റെ വീട്ടുകാരോടും മറ്റ് കുട്ടികൾക്ക് അമ്മയുടെ വീട്ടുകാരോടുമാകും അടുപ്പം. സാഹചര്യം അനുസരിച്ചാണ് എല്ലാം. കുഞ്ഞുങ്ങൾ വളരുമ്പോൾ ഗ്രാന്റ് പാരന്റ്സിന്റെ പ്രവൃത്തിയും വാക്കുകളും അവരെ സ്വാധീനിക്കും.
ചിലപ്പോൾ കുട്ടിയുടെ അമ്മയ്ക്ക് ഭർത്താവിന്റെ വീട്ടുകാരോട് അടുപ്പമില്ലെങ്കിൽ കുട്ടിയെ അവരെ കാണിക്കാതിരിക്കും. സ്വന്തം വീട്ടിലേക്കാകും കൂടുതൽ അടുപ്പിക്കുക. ഇതുപോലെ തിരിച്ചും സംഭവിക്കും. ഇപ്പോഴത്തെ പാരന്റ്സിന് കുട്ടിയെ എങ്ങനെ വളർത്തണം അവരുടെ വ്യക്തിത്വം എങ്ങനെയാകണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകും. എന്നാൽ ചിലപ്പോഴൊക്കെ അപ്പൂപ്പനും അമ്മൂമ്മയും പാരന്റിങിൽ ഇടപെടും.
ചെറുമക്കളുടെ കാര്യത്തിൽ ഗ്രാന്റ് പാരന്റസ് ഇടപെടുന്നതും കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനങ്ങൾ മറികടന്ന് ഭരണം നടത്തുന്നതും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും തെറ്റാണ്. ഗ്രാന്റ് പാരന്റസ് എന്ന് പറയുന്നവർക്ക് അവരുടെ സ്വന്തം മക്കളെ വളർത്താൻ ഇഷ്ടം പോലെ സമയം കിട്ടി കഴിഞ്ഞു. ഇഷ്ടം പോലെ സ്വാതന്ത്ര്യവും അന്നുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ മക്കളുടെ കാര്യം വരുമ്പോൾ അവർക്ക് അവരുടെ കുഞ്ഞുങ്ങളെ വളർത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിൽ ഗ്രാന്റ് പാരന്റസ് ഇടപെട്ട് തീരുമാനം എടുക്കരുത്. മക്കൾ ആവശ്യപ്പെട്ടാൽ മാത്രം കൊച്ചുമക്കളുടെ കാര്യത്തിൽ തീരുമാനം എടുക്കുക. അല്ലാതെ ഒന്നും അടിച്ചേൽപ്പിക്കരുത്. അതുപോലെ നമ്മുടെ മക്കളുടെ കുറ്റങ്ങളും കുറവുകളും കൊച്ചുമക്കൾക്ക് പറഞ്ഞ് കൊടുക്കരുത്. അങ്ങനെ പറഞ്ഞ് കൊടുത്താൽ മാതാപിതാക്കളോട് കുട്ടികൾക്കുള്ള ബഹുമാനം നഷ്ടപ്പെടും.
അച്ഛനമ്മമാർ പറഞ്ഞാൽ അനുസരിക്കാതെ വരും. ഗ്രാന്റ് പാരന്റ്സ് എന്നാൽ ചെറുമക്കൾക്ക് സപ്പോർട്ടും സമാധാനവും ആയിരിക്കണം. പോസിറ്റീവ് കാര്യങ്ങൾ മാത്രം പറഞ്ഞ് കൊടുക്കുക. കൊച്ചുമക്കൾക്ക് അവരുടെ മാതാപിതാക്കൾ ഒരു ഹീറോയായിരിക്കണം. ആ രീതിയിൽ വേണം അവരോട് നമ്മുടെ മക്കളെ കുറിച്ച് സംസാരിക്കാൻ.
സ്നേഹം കൊടുത്ത് വളർത്തണം. മക്കൾക്ക് നമ്മൾ ഒരു ട്രബിൾ ആകരുത്. വിദേശത്തുള്ള മക്കൾക്കൊപ്പം ജീവിക്കുകയാണെങ്കിൽ പോലും. ഓവർ സ്വാതന്ത്ര്യം ചെറുമക്കളുടെ കാര്യത്തിൽ എടുക്കരുതെന്നും ലക്ഷ്മി നായർ ഓർമിപ്പിച്ചു. അധികം ആരും ചർച്ച ചെയ്ത് കാണാത്ത വിഷയം എടുത്ത് സംസാരിച്ചതിന് ലക്ഷ്മിയെ പ്രശംസിച്ചാണ് ഏറെയും കമന്റുകൾ.


Click it and Unblock the Notifications











