താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?; മോഡേൺ ലുക്കിൽ ലക്ഷ്മി നായർ; കുറ്റപ്പെടുത്തലിന് മറുപടി
സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ ലഭിക്കുന്നവരിൽ ഒരാളാണ് ലക്ഷ്മി നായർ. ഒരു കാലത്ത് കുക്കറി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ ലക്ഷ്മി പിന്നീട് സോഷ്യൽ മീഡിയയിലേക്കും കടന്ന് വന്നു. അന്നും ഇന്നും ലക്ഷ്മിയുടെ പാചകം ഇഷ്ടപ്പെടുന്നവർ ഏറെയാണ്. തിരക്ക് പിടിച്ച ജോലികൾക്കിടയിലും പാചക വീഡിയോകളുമായി ലക്ഷ്മി നായൻ തന്റെ യൂട്യൂബ് ചാനലിൽ എത്താറുണ്ട്. ഇടയ്ക്ക് കുടുംബത്തിലെ വിശേഷങ്ങളും യാത്രകളിലെ സന്തോഷകരമായ നിമിഷങ്ങളും പങ്കുവെക്കുന്നു.
എന്നും വളരെ സ്റ്റെെലിഷായേ ലക്ഷ്മി നായരെ കാണാറുള്ളൂ. ടെലിവിഷനിൽ കുക്കറി ഷോ ചെയ്യുന്ന കാലം മുതൽ ലക്ഷ്മി ഇതിൽ വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. ഓരോ എപ്പിസോഡിലും അണിയാൻ വേണ്ടി നിരവധി വസ്ത്രങ്ങൾ അക്കാലത്ത് വാങ്ങിയിരുന്നെന്ന് ലക്ഷ്മി നായർ നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ലക്ഷ്മി നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

ഷോർട്സും ഷർട്ടുമാണ് ലക്ഷ്മി നായരുടെ വേഷം. ഉസ്ബെക്കിസ്താനിൽ നിന്നുള്ള യാത്രയ്ക്കിടെയെടുത്ത ഫോട്ടോയാണിത്. ഫോട്ടോയ്ക്ക് നിരവധി കമന്റുകൾ വന്നു. എന്നാൽ ഒരാൾക്ക് ലക്ഷ്മി നായരുടെ വസ്ത്ര ധാരണം ഇഷ്ടമായില്ല. ഇത്ര വേണോ എന്ന കമന്റും വന്നു. ലക്ഷ്മി നായർ ഇതിന് മറുപടിയും നൽകി. താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നാണ് ലക്ഷ്മി തിരിച്ച് ചോദിച്ചത്. ലക്ഷ്മി നായരെ അനുകൂലിച്ച് കൊണ്ട് പിന്നാലെ കമന്റുകൾ വന്നു.
താൻ സാരിയിൽ നിന്നും ജീൻസിലേക്ക് മാറിയപ്പോൾ പലർക്കും ഇഷ്ടപ്പെട്ടില്ലെന്ന് നേരത്തെ ലക്ഷ്മി നായർ പറഞ്ഞിട്ടുണ്ട്. അതുവരെ സാരി ഉടുത്ത് കണ്ട ആളെ പെട്ടെന്ന് ജീൻസിലും ടോപ്പിലും ടെലിവിഷനിലെ ട്രാവൽ പ്രോഗ്രാമിൽ കണ്ടപ്പോൾ അവർക്ക് ആശ്ചര്യമായി. ഞാൻ നേരത്തെയും ജീൻസിടുന്ന ആളായിരുന്നു. ചാനലിൽ കുക്കറി ഷോ ചെയ്യുമ്പോൾ അത്തരം വേഷങ്ങൾ പറ്റില്ല.

യാത്രകളിൽ എപ്പോഴും ജീൻസ് പോലുള്ള വേഷങ്ങളാണ് ഇട്ടിരുന്നത്. ഇത്തരം കമന്റുകളെ കാര്യമാക്കാറില്ല. എന്റെ ചാനലിൽ വന്ന് നെഗറ്റീവിട്ടാൽ ഞാൻ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യും. സാരിയുമുടുത്ത് ട്രാവൽ ഷോ ചെയ്യാൻ പറ്റില്ല. ജീൻസും കുർത്തയുമാണ് കംഫർട്ടബിളെന്നും അന്ന് ലക്ഷ്മി നായർ ചൂണ്ടിക്കാട്ടി. തന്റെ വീഡിയോകൾ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും ലക്ഷ്മി നായർ നേരത്തെ സംസാരിച്ചിട്ടുണ്ട്.
വീഡിയോകളിലെ ചില ഭാഗമെടുത്ത് മോശമായി പ്രചരിപ്പിക്കും. അവർക്കെതിരെ നിയമനടപടിയെടുത്ത് പൂട്ടിച്ചാലും അവർ വേറെ രൂപത്തിൽ വരും. നെഗറ്റിവിറ്റിക്ക് പിറകെ പോകാൻ താൽപര്യമില്ല. പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ലക്ഷ്മി നായർ അന്ന് വ്യക്തമാക്കി. ഭർത്താവും മക്കളുമൊന്നും ഇത്തരം വീഡിയോകൾ കാണാറില്ല. ഞാനെടുത്ത് കൊണ്ട് വന്ന് കാണിച്ചാലേയുള്ളൂ. അവർ കാര്യമാക്കില്ലെന്നും ലക്ഷ്മി നായർ പറഞ്ഞു.


Click it and Unblock the Notifications











