എന്തോ പറ്റിയെന്ന് ഭർത്താവിനും അച്ഛനും അമ്മയ്ക്കും തോന്നി; ആഹ്ലാദത്തിലായിരുന്നു; ഇഞ്ചക്ഷൻ തന്ന് മയക്കി; ലെന
ആത്മീയതയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടി ലെന പറഞ്ഞ വാക്കുകൾ ഇതിനകം ചർച്ചയായിട്ടുണ്ട്. ആന്റി ഡിപ്രസന്റുകൾ ഉൾപ്പെടെയുള്ള മരുന്നുകൾക്കെതിരെ നടി സംസാരിച്ചത് തെറ്റാണെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. തന്റെ ആദ്യ പുസ്തകവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ലെന പരാമർശങ്ങൾ നടത്തിയത്. ആത്മീയതയെക്കുറിച്ചാണ് പുസ്തകത്തിൽ സംസാരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ആത്മീയ പാതയിലാണ് ലെന. ഇതിന്റെ ഭാഗമായാണ് പുസ്തകവും പുറത്തിറക്കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി ലെന നൽകിയ അഭിമുഖങ്ങളിൽ താൻ മുമ്പ് നേരിട്ട മാനസിക സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 23ാം വയസിൽ ഭർത്താവിനൊപ്പം കൊടൈക്കനാലിൽ പോയതിനെക്കുറിച്ചും മഷ്റൂം കഴിച്ച ശേഷമുണ്ടായ ചിന്തകളെക്കുറിച്ചുമെല്ലാം ലെന സംസാരിച്ചു. ഈ സംഭവത്തിന് ശേഷം തന്നെ വീട്ടുകാർ മാനസിക ചികിത്സയ്ക്ക് വിധേയയാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി. ക്ലബ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ഞാനാണ് ദൈവം, എല്ലാം ദൈവമാണെന്നാണ് ഞാൻ പറയുന്നത്. ഇത് കേട്ടതോടെ വീട്ടുകാർ ഞാൻ കൈവിട്ട് പോയി എന്ന് കരുതി.അന്ന് ഞാൻ വിവാഹിതയാണ്. ഭർത്താവും അച്ഛനും അമ്മയും ഇവൾക്കെന്തോ പ്രശ്നമുണ്ടെന്ന് തോന്നി സൈക്യാട്രിക് ഹോസ്പിറ്റലിൽ കൊണ്ടിട്ടു. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റായ എന്നെയാണ് ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ട് പോയത്. സ്വയം തിരിച്ചറിയുന്ന അനുഭവം വാക്കുകളിൽ പ്രകടിപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്. പതിയെ അവർ മനസിലാക്കി. ആ സമയത്ത് അവരുടെ കണക്കിൽ എനിക്കേറ്റവും നല്ലതെന്താണോ അതാണ് അവർ ചെയ്തത്.
എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല, ഉറക്കമില്ല. കാരണം ഒരുപാട് സന്തോഷത്തിലൂടെയാണ് ഞാനപ്പോൾ കടന്ന് പോകുന്നത്. ആഹ്ലാദത്തിലാണ്. പക്ഷെ എന്റെ കുഴപ്പമെന്തെന്നാൽ വാക്കുകളിലൂടെ ഇത് പ്രകടിപ്പിക്കാൻ പറ്റുന്നില്ലായിരുന്നില്ല. എന്താണ് പറ്റിയതെന്ന് ചോദിക്കുമ്പോൾ ഞാൻ പറയുന്നത് ഞാൻ ദൈവമാണ് നിങ്ങൾ ദൈവമാണ് എല്ലാം ദൈവമാണെന്നാണ്. ഡോക്ടർ ഒരു ഇഞ്ചക്ഷൻ തന്ന് മയക്കി കളഞ്ഞെന്നും ലെന തുറന്ന് പറഞ്ഞു.

കഴിഞ്ഞ ഇരുപത് വർഷത്തോളമായി ഞാൻ ഭയങ്കരമായി ഹാപ്പിയാണ്. എന്നെ കഴിഞ്ഞ 25 വർഷമായി നിങ്ങളൊക്കെ കണ്ട് കൊണ്ടിരിക്കുന്നുണ്ട്. ഒരു വർഷത്തിൽ 14 സിനിമകൾ വരെ ചെയ്തിട്ടുണ്ട്. നിങ്ങളെന്നെ തുടരെ കണ്ട് കൊണ്ടിരിക്കുകയാണ്. അത് വെച്ച് ഈ പുസ്തകം വായിക്കുമ്പോൾ ഞാനെവിടെ നിന്ന് വരുന്നെന്ന് നിങ്ങൾക്ക് മനസിലാകും.
പുസ്തകത്തിന് ശേഷം കുട്ടികളുടെ അമ്മയല്ലെങ്കിലും പ്രസവിച്ചതിന്റെ സുഖം തോന്നുന്നു. ഈ പുസ്തകം എന്റെ ബേബിയാണെന്ന് പറയാം. എനിക്ക് ശേഷവും ജീവിക്കുന്നതാണ് പുസ്തകം. ഞാൻ കടന്ന് പോയ ബുദ്ധിമുട്ടുകളൊന്നും മറ്റൊരാൾ അനുഭവിക്കേണ്ടെന്ന ആഗ്രഹത്താലാണ് ഈ പുസ്തകം എഴുതിയതെന്നും ലെന വ്യക്തമാക്കി. കഴിഞ്ഞ ദിവസം തന്റെ മുൻജന്മത്തെക്കുറിച്ച് ലെന നടത്തിയ പരാമർശം ചർച്ചയായിരുന്നു. മുൻജന്മത്തിൽ താൻ ബുദ്ധ സന്യാസിയായിരുന്നെന്നും ടിബറ്റിൽ വെച്ചാണ് മരിച്ചതെന്നും ലെന വാദിച്ചു.
പരാമർശം സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴി വെച്ചു. എന്നാൽ ലെന തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ്. സിനിമാ രംഗത്തും ലെനയിപ്പോൾ സജീവമാണ്. ബാന്ദ്രയാണ് ലെനയുടെ പുതിയ സിനിമ. ദിലീപ്, തമന്ന എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് അരുൺ ഗോപിയാണ്.


Click it and Unblock the Notifications