'എന്റെ ഇന്റർവ്യൂ കണ്ടിട്ടും ആ ബുക്ക് വായിച്ചിട്ടുമാണ് എനിക്ക് വിവാഹാലോചന വന്നത്, കിട്ടേണ്ടത് എനിക്ക് കിട്ടി'
ആക്ഷൻ വിസ്മയം പീറ്റർ ഹെയ്‌ൻ ഒരുക്കിയ അതിഗംഭീര സംഘട്ടന രംഗങ്ങളുമായി ഇടിയൻ ചന്തുവെന്ന സിനിമ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന സിനിമയുടെ റിലീസ് ഈ മാസം 19നാണ്. വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായാണ് എത്തുന്നത്.
വിഷ്ണുവും കിച്ചു ടെല്ലസും തമ്മിലുള്ള തീപ്പൊരി ഇടിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിലുള്ളത്. ദി സ്റ്റുഡൻ്റ്സ് വാർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചേരുവകൾ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.

ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും കിച്ചു ടെല്ലസിനും പുറമെ സലിംകുമാർ, ചന്തു സലിംകുമാർ, ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ബിജു സോപാനം തുടങ്ങി വലിയൊരു താരനിരയും അണിനിരന്നിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നപ്പോഴാണ് നടി ലെനയുടെ വിവാഹം തീരുമാനിച്ചത്. മാത്രമല്ല ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് ഒരു മാസംതാരം വിശ്രമത്തിലുമായിരുന്നു.
ആ സമയത്ത് ലെന നൽകിയ ഇന്റർവ്യൂവായിരുന്നു അടുത്തിടെ ട്രോളുകളിൽ നിറഞ്ഞ് ചർച്ചയായ അഭിമുഖം. ഇപ്പോഴിതാ ആ വൈറൽ അഭിമുഖത്തെ കുറിച്ച് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലെന സംസാരിച്ചു. വൈറലാകാൻ വേണ്ടി മനപൂർവം താൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് ലെന പറയുന്നത്.
ഇടിയൻ ചന്തു സിനിമയിൽ അഭിനയിച്ചപ്പോൾ കൈ ഒടിഞ്ഞു. ഒരു മാസം പിന്നെ റെസ്റ്റായിരുന്നു. ആ ഒരു മാസം എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. ഞാൻ എയറിൽ പോകണമെന്ന് വിചാരിച്ചല്ല ഒന്നും ചെയ്യുന്നത്. ആൾക്കാർ എന്നെ എയറിലാക്കുന്നതല്ല. അതുകൊണ്ട് എന്ത് ട്രോൾസ് വന്നാലും എഞ്ചോയ് ചെയ്യും. ട്രോൾസ് കാരണം എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. വൈറലാകാൻ വേണ്ടി മനപൂർവം ഞാൻ ഒന്നും ചെയ്തിട്ടില്ല.
പക്ഷെ ഞാൻ പറഞ്ഞതൊക്കെ ഏറ്റെടുത്ത ആൾക്കാരോട് ഞാൻ വീണ്ടും വീണ്ടും നന്ദി പറയാറുണ്ട്. അവർ കാരണം എന്റെ ലൈഫിൽ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി. എന്റെ പുതിയ ബുക്കിന് പബ്ലിസിറ്റി കൊടുക്കുന്നത് വേണ്ടി നൽകിയ ഇന്റർവ്യൂവാണ് വൈറലായത്. ആ ബുക്ക് ഇന്റർവ്യൂ വൈറലായതോടെ നാഷണൽ ബെസ്റ്റ് സെല്ലറായി.

മാത്രമല്ല പെൻഗ്വിൻ ബുക്ക്സ് ഇങ്ങോട്ട് വന്ന് ആ ബുക്ക് ഞങ്ങൾക്ക് തരുമോയെന്ന് ചോദിച്ചു. അതുപോലെ ആ ബുക്ക് വാങ്ങി വായിച്ചിട്ടും എന്റെ ഇന്റർവ്യൂ കണ്ടിട്ടുമാണ് എനിക്ക് വിവാഹാലോചന വന്നതും. അതുകൊണ്ട് തന്നെ ആ ഇന്റർവ്യൂ കണ്ട് ചിരിച്ചവർക്ക് ചിരിയും കിട്ടി എനിക്ക് കിട്ടേണ്ടത് എനിക്കും കിട്ടി എന്നാണ് ലെന പറഞ്ഞത്.
വിവാഹം ഉറപ്പിച്ച ശേഷം അക്കാര്യം ലെന സെറ്റിൽ വന്നപ്പോൾ വളരെ സന്തോഷവതിയായിരുന്നുവെന്നും സംസാരിക്കുമ്പോഴെല്ലാം ബ്ലഷ് ചെയ്യുമായിരുന്നുവെന്നും ഷൂട്ടിങ് സമയത്തെ കാര്യങ്ങൾ ഓർത്തെടുത്ത് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും പറഞ്ഞു.
തന്റെ പൂർവ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നുവെന്നും 63 വയസുവരെ ജീവിച്ചിരുന്നെന്നുമെല്ലാമാണ് അടുത്തിടെ ഏറെ ചർച്ചയായതും വൈറലായതുമായ അഭിമുഖത്തിൽ ലെന പറഞ്ഞത്. അത് പിന്നീട് വലിയ രീതിയിൽ ട്രോളായി മാറിയിരുന്നു.


Click it and Unblock the Notifications