അന്ന് ജിജിയ്ക്ക് പ്രായം 25 വയസ് മാത്രം, ഇരുപത് മണിക്കൂറോളം ജോലി; ജീവിതം തിരികെ പിടിച്ചതിങ്ങനെ; കുറിപ്പ്
മലയാളികൾ മറന്നിട്ടില്ലാത്ത മുഖമാണ് അന്തരിച്ച നടൻ സന്തോഷ് ജോഗിയുടേത്. രാജമാണിക്യം, മായാവി, കീർത്തിചക്ര, ഛോട്ടാ മുംബെെ തുടങ്ങിയ സിനിമകളിൽ സന്തോഷ് ജോഗി അഭിനയിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 13 നായിരുന്നു സന്തോഷ് ജോഗിയുടെ മരണം. ആത്മഹത്യ ചെയ്യുകയായിരുന്നു നടൻ. സന്തോഷിന്റെ വേർപാട് കുടുംബത്തിന് വലിയ ആഘാതമായി. സാമ്പത്തിക പ്രതിസന്ധികൾ ഇവർക്കുണ്ടായിരുന്നു. പ്രശ്നങ്ങൾ ഓരോന്നായി സന്തോഷ് ജോഗിയുടെ ഭാര്യ ജിജി നേരിട്ടു. ഇതേക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രിയ നടൻ ജോഗി ആത്മഹത്യ ചെയ്യുമ്പോൾ വീട് ജപ്തിയിൽ , പറക്കമുറ്റാത്ത 2 പെണ്മക്കൾ , വീട് വിറ്റ് വാടകവീട്ടിലേക്ക് താമസം മാറി ജീവിതം തിരികെ പിടിച്ച ജോഗിയുടെ ഭാര്യാ ജിജിയുടെ ജീവിതം. മലയാളി പ്രേഷകരുടെ ഇഷ്ടനടനായി തിളങ്ങിയ താരമായിരുന്നു സന്തോഷ് ജോഗി , കൈകാര്യം ചെയ്യുന്നത് എല്ലാം വില്ലൻ കഥാപാത്രങ്ങൾ തന്നെയായിരുന്നുവെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ അതിന്റെ പൂർണതയിൽ എത്തിക്കാൻ നടൻ ജോഗിക്ക് കഴിഞ്ഞിരുന്നു.
മായാവിയിലെ തോട്ടപ്പള്ളി സുഗുണനയെയും , കീർത്തിചക്രയിലെ കിഷോരി ലാലിനെയും ഒന്നും അത്ര പെട്ടന്ന് പ്രേക്ഷകർ മറക്കില്ല . സിനിമാലോകത്ത് സജീവമായി നിൽക്കുന്ന സമയത്തായിരുന്നു മുപ്പത്തിനാലാം വയസിൽ ജോഗി ആത്മഹത്യ ചെയ്യുന്നത് . ജോഗി ആത്‍മഹത്യ ചെയ്യുന്ന സമയം കുടുംബം സാമ്പത്തികമായി തകർന്നു നിൽക്കുന്ന അവസ്ഥയിലായിരുന്നു.

വീടിനു ജപ്തി നോട്ടീസും കടങ്ങളും ഉണ്ടായിരുന്നു . ജോഗിയുടെ മരണത്തോടെ കടം കൊടുത്തവരും ബാങ്ക് ഉദ്യോഗസ്ഥരും പണം ചോദിച്ച് ജോഗിയുടെ വീട്ടിലെത്തിത്തുടങ്ങി. മറ്റു വഴികളില്ലാതെ ജോഗിയുടെ ഭാര്യാ ജിജി ചെറിയ വിലയ്ക്ക് വീട് വിറ്റ് കടം വീട്ടി അച്ഛനെയും അമ്മയെയും 2 പെണ്കുഞ്ഞുങ്ങളെയും കൊണ്ട് തെരുവിലേക്കെന്നപോലെ ഇറങ്ങേണ്ടി വന്നു. അന്ന് ജിജിയ്ക്ക് പ്രായം വെറും 25 വയസ് മാത്രമാണ് . എല്ലാം നഷ്ടപെട്ട ഒന്നിൽ നിന്നും തുടങ്ങുക എന്നത് ജിജിയ്ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു . എന്നാൽ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളെ ഓർത്ത് വിധിയെ പഴിച്ചിരിക്കാൻ ജിജി ഒരുക്കമല്ലായിരുന്നു.
ജീവിതതതോട് പൊരുതാൻ തന്നെയായിരുന്നു ജിജിയുടെ തീരുമാനം . ചെറിയ മക്കൾ , 'അമ്മ നിത്യരോഗി , വാടകവീട് ഇതെല്ലം ഫാർമസിയിൽ ജോലിക്ക് പോയുള്ള വരുമാനം കൊണ്ട് ജിജിയ്ക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല . ഓൺലൈൻ ജോലികളും , ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്തും ജീവിതം തിരിച്ചുപിടിക്കാൻ ജിജി ശ്രെമിച്ചുകൊണ്ടേയിരുന്നു . രാവിലെ പോയാൽ ഒരുപാട് താമസിച്ചാണ് ജിജി വീട്ടിൽ എത്തിയിരുന്നത് . അതുകൊണ്ട് തന്നെ സ്വന്തം മക്കളുടെ വളർച്ച കാണാൻ പോലും ജിജിയ്ക്ക് സാധിച്ചിരുന്നില്ല . മക്കളെ നോക്കിയിരുന്നത് ജിജിയുടെ മാതാപിതാക്കളായിരുന്നു.
ഇരുപത് മണിക്കൂറോളം ജോലി ചെയ്ത ജിജി ഒരു വിധത്തിൽ ജീവിതം തിരികെ പിടിച്ചു. അങ്ങനെ പതുക്കെ കടങ്ങൾ തീർന്നുവന്നു . സ്വന്തമായി ഒരു വീട് വെച്ചു . വാതിലും ജനലും ആയപ്പോഴേക്കും വാടകവീട്ടിൽ നിന്നും അങ്ങോട്ട് താമസം മാറ്റി . വീടിന്റെ പണി തീരാൻ പോലും ജിജി കാത്തുനിന്നില്ല . വർഷങ്ങൾ സമയമെടുത്താണ് ജിജി വീടിന്റെ പണി പൂർത്തിയാക്കിയത് . 2018 ൽ നാല് പുസ്തകങ്ങൾ ഒന്നിച്ചു പബ്ലിഷ് ചെയ്ത് സാപ്പിയൻ ലിറ്ററേച്ചർ ലോഞ്ച് ചെയ്തു . പുസ്തകങ്ങളോടുള്ള ഇഷ്ടമായിരുന്നു ജിജിയെ ഒരു പബ്ലിഷറാക്കി മാറ്റിയത് . ഏതൊരു പെണ്ണും തളർന്നു പോകുന്ന സാഹചര്യത്തിൽ ജീവിതം തിരികെ പിടിച്ച ജിജി പല പെൺകുട്ടികൾക്കും മാതൃകയാണ്- സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പിങ്ങനെ.


Click it and Unblock the Notifications

