'മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്, അതിനെ കുറിച്ച് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകൾ'
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ മോഹൻലാലും ആദ്യമായി ഒരുമിച്ച സിനിമയായിരുന്നു ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ മലൈക്കോട്ടൈ വാലിബൻ. മലയാള സിനിമ അടുത്തിടെ കണ്ട കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ചിത്രകഥ പോലെ സുന്ദരവും ഭ്രമാത്മകവുമായി ഒരുക്കിയ സിനിമയ്ക്ക് വേണ്ടി രണ്ട് വർഷത്തോളം നായകൻ മോഹൻലാലും മലൈക്കോട്ടൈ വാലിബൻ ടീമും കഠിന പ്രയത്നം നടത്തിയിട്ടുണ്ട്.
നാടോടിക്കഥകൾ പറയുന്ന ശൈലിയിലായിരുന്നു ചിത്രത്തിന്റെ കഥ. കഥകളിൽ മാത്രം കേൾക്കുന്നതരം പേരുകളും സ്ഥലങ്ങളും കഥാപാത്രങ്ങളുമെല്ലാമായിരുന്നു മലൈക്കോട്ടൈ വാലിബനിൽ. പീരിയോഡിക് സിനിമകൾക്ക് സമാനമായിരുന്നു കഥാപശ്ചാത്തലം.

എന്നാൽ സിനിമയ്ക്ക് അണിയറപ്രവർത്തകർ പ്രതീക്ഷിച്ചതുപോലൊരു പ്രതികരണല്ല പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തെരുവുനാടകം, ബാലെ എന്നിങ്ങനെയുള്ള പരിഹാസത്തിന്റെയും ആക്രമണത്തിൻ്റേയുമെല്ലാം കുന്തമുനകൾ മലൈക്കോട്ടൈ വാലിബന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന് നേരിടേണ്ടി വന്ന വിമർശനങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കവെയാണ് മലൈക്കോട്ടൈ വാലിബൻ സിനിമയെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംസാരിച്ചത്. മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്ന് സംവിധായകൻ പറയുന്നു. കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനിൽ ശ്രമിച്ചത്.
എന്റെ മനസിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷാണ് അത്. ബച്ചൻ സാറും രജിനി സാറും സ്ക്രീനിൽ നിറഞ്ഞാടിയ സിനിമകളില്ലേ... കയ്യടിച്ചും വിസലടിച്ചും തിയറ്ററിൽ ആസ്വദിച്ച സിനിമകൾ. മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെ കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി.
മറിച്ച് പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകന് കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നത് മാത്രമല്ല. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽ പെടും എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.

സിനിമ റിലീസ് ചെയ്ത സമയത്ത് ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ലിജോ ജോസ് രംഗത്തെത്തിയും ചർച്ചയായിരുന്നു. മലയാളത്തിലെ മോശം സിനിമ എന്ന രീതിയിലാണ് മലൈക്കോട്ടൈ വാലിബന് എതിരെ പെരുമാറുന്നതെന്നും സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിർബന്ധിക്കരുതെന്നുമാണ് അന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്. എനിക്ക് സിനിമ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് രാജ്യത്തുള്ളവരൊന്നും അത് കാണരുതെന്ന മട്ടിലായിരുന്നു ആദ്യ രണ്ട് ദിവസങ്ങളിലെ പ്രതികരണങ്ങൾ.
ഒന്നരവർഷം ഈ സിനിമയ്ക്കുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചവരെല്ലാം പൊടുന്നനെ അപ്രത്യക്ഷരായി. മലയാളത്തിൽ ഇന്നേവരെ വന്നതിൽ ഏറ്റവും മോശം സിനിമ എന്ന ചർച്ചമാത്രം ബാക്കിയായി. അതെന്നെ വളരെ ദുഖിപ്പിച്ചതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. എന്തുകൊണ്ട് ഈ സിനിമ കാണണമെന്ന് വിശദീകരിക്കേണ്ടിവന്നതും അതുകൊണ്ടാണ്.
എന്റെ മറ്റൊരു സിനിമയ്ക്കുവേണ്ടിയും ഇങ്ങനെ ചെയ്യേണ്ടിവന്നിട്ടില്ല. ഒരു സിനിമയുടെ പേരിൽ പ്രേക്ഷകർ പരസ്പരം കല്ലേറ് നടത്തുന്നത് അംഗീകരിക്കാനാവില്ല. സിനിമ നിങ്ങളുടേതായിക്കഴിഞ്ഞു. താത്പര്യമില്ലെങ്കിൽ കാണേണ്ടകാര്യമില്ല. ഒരു കുഴപ്പവുമില്ല. പക്ഷെ ഈ സിനിമ കാണരുതെന്ന് മറ്റുള്ളവരെ നിർബന്ധിക്കരുതെന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.
അന്ന് ഇത്തരത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ലിജോയ്ക്ക് നേരെയും വിമർശനം ഉയർന്നിരുന്നു. മലൈക്കോട്ടൈ വാലിബനുശേഷം മറ്റ് മോഹൻലാൽ സിനിമകളൊന്നും ഇതുവരെ തിയേറ്ററുകളിൽ എത്തിയിട്ടില്ല. ബറോസാണ് റിലീസിനെത്താനുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications











