പൃഥ്വിരാജിന്റേത് മാത്രമല്ല! 2019 ഈ നവാഗത സംവിധായകരുടേത് കൂടിയാണ്! കാണാം
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയൊരു വര്‍ഷം തന്നെയായിരുന്നു 2019. മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ യുവതാരങ്ങളുടെ ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിച്ചു. വലിയ ഹൈപ്പുകളില്ലാതെ വന്ന് തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായ സിനിമകളും ധാരാളമായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷനിലും ഈ ചിത്രങ്ങള്‍ നേട്ടമുണ്ടാക്കിയിരുന്നു.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഇക്കൊല്ലവും നിരവധി നവാഗത സംവിധായകര്‍ മലയാളത്തില്‍ തുടക്കം കുറിച്ചു. പുതിയ സംവിധായകരുടെ സിനിമകള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. പുതുമയുളള പ്രമേയം, മേക്കിങ് മികവ്, വേറിട്ട അവതരണം തുടങ്ങിയവയെല്ലാം നവാഗത സംവിധായകരുടെ സിനിമകളിലുണ്ടായിരുന്നു. ഇക്കൊല്ലം മികച്ച സിനിമകള്‍ സമ്മാനിച്ച ചില നവാഗത സംവിധായകരെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ.

പൃഥ്വിരാജ്
ലൂസിഫറിന്റെ വിജയത്തിലൂടെ ഇക്കൊല്ലം കൂടുതല്‍ തിളങ്ങിയ നവാഗത സംവിധായകനാണ് പൃഥ്വിരാജ് സുകുമാരന്‍. ആദ്യ സംവിധാനസംരഭം തന്നെ വന്‍വിജയമാക്കികൊണ്ടാണ് പൃഥ്വി തുടങ്ങിയത്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തെ വേണ്ട രീതിയില്‍ ഉപയോഗിച്ചുകൊണ്ട് ഒരുക്കിയ ഒരു ചിത്രം തന്നെയായിരുന്നു ലൂസിഫര്‍. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റാനും പൃഥ്വിക്ക് സാധിച്ചു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച സിനിമയായി ലൂസിഫര്‍ മാറിയിരുന്നു.

മധു സി നാരായണന്‍
കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഈ വര്‍ഷമാദ്യം മധു സി നാരായണന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ അണിയിച്ചൊരുക്കിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. തിരക്കഥയും,താരങ്ങളുടെ പ്രകടനവും,സംവിധാന മികവും കൊണ്ടുതന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയത്. ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍,ഷെയ്ന്‍ നിഗം,ശ്രീനാഥ് ഭാസി,അന്ന ബെന്‍,ഗ്രേസ് ആന്റണി തുടങ്ങിയവര്‍ സിനിമയില്‍ തിളങ്ങിയിരുന്നു.

അഹമ്മദ് കബീര്‍
ജൂണ്‍ എന്ന ചിത്രവുമായിട്ടാണ് അഹമ്മദ് കബീര്‍ ഇക്കൊല്ലം മലയാളത്തിലേക്ക് എത്തിയത്. രജിഷ വിജയന്‍ മുഖ്യവേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്. റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് സംവിധായകന്‍ ജൂണ്‍ ഒരുക്കിയത്. രജിഷയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. ജോജു ജോര്‍ജ്ജ്,സര്‍ജാനോ ഖാലിദ്,അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

മനു അശോകന്‍
പാര്‍വതി കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്തത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവിയുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ഉയരെ നേട്ടമുണ്ടാക്കി. പാര്‍വതിക്കൊപ്പം ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

നിസാം ബഷീര്‍
ആസിഫ് അലിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ ഒരുക്കിയത് നവാഗതനായ നിസാം ബഷീറാണ്. ഫീല്‍ഗുഡ് ചിത്രമായി ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ സാമൂഹിക പ്രസക്തിയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയത്.പുതുമുഖം വീണ നന്ദകുമാറാണ് ആസിഫ് അലിയുടേ നായികയായി എത്തിയത്.

ഗിരിഷ് എഡി
ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച് ഇക്കൊല്ലം ബോക്‌സോഫീസില്‍ തരംഗമായി മാറിയ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ആദ്യ ചിത്രത്തിലൂടെ നവാഗതനായ ഗിരിഷ് എഡിക്ക് ഗംഭീര തുടക്കമാണ് മലയാളത്തില്‍ ലഭിച്ചത്. പ്ലസ്ടു പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു. വിനീത് ശ്രീനിവാസന്‍,മാത്യു തോമസ്, അനശ്വര രാജന്‍ തുടങ്ങിയവരുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അനുരാജ് മനോഹര്‍
ഷെയ്ന്‍ നിഗത്തെ നായകനാക്കി ഇഷ്‌ക് എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയാണ് അനുരാജ് മനോഹര്‍ മലയാളത്തിലേക്കുളള വരവറിയിച്ചത്. റൊമാന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ശക്തമായ പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയത്. ഷെയ്ന്‍ നിഗം,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ കൂടുതല്‍ തിളങ്ങിയത്. കുമ്പളങ്ങി നൈറ്റ്‌സിന് പിന്നാലെ ഷെയ്ന്‍ നിഗത്തിന് ഇക്കൊല്ലം ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു ഇഷ്‌ക്.

മാത്തുക്കുട്ടി സേവ്യര്‍
ഹെലന്‍ എന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ മലയാളത്തിലേക്ക് എത്തിയത്. അന്ന ബെന്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. വിനീത് ശ്രീനിവാസനാണ് സിനിമ നിര്‍മ്മിച്ചത്. ലാല്‍,നോബിള്‍ ബാബു തോമസ്,അജു വര്‍ഗീസ് തുടങ്ങിയവരും ശ്രദ്ധേയ പ്രകടനാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും തകര്‍ത്തഭിനയിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 ഒരുക്കിയത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. സുരാജിന്റെ ഈ വര്‍ഷത്തെ മികച്ച കഥാപാത്രളിലൊന്നായും സിനിമയിലെ അച്ഛന്‍ കഥാപാത്രം മാറി.

എംസി ജോസഫ്
വികൃതി എന്ന ശ്രദ്ധേയ സിനിമയൊരുക്കിയാണ് എംസി ജോസഫ് മലയാളത്തിലേക്കുളള വരവറിയിച്ചത്. സുരാജും സൗബിനും തന്നെയായിരുന്നു സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തിയത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ലഭിച്ചത്. സൗബിന്റെയും സുരാജിന്റെയും അഭിനയം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയത്.


Click it and Unblock the Notifications