'ഞാൻ ടെൻഷൻ ആയിപോയി, അറിയാൻ മേലെങ്കിൽ ഇട്ടിട്ട് പോടോയെന്ന് പൃഥ്വിരാജ് പറഞ്ഞു'; അനുഭവം പറഞ്ഞ് ലിസ്റ്റിൻ!
മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയിലൂടെ 24-ാം വയസിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമാ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ട്രാഫിക്ക് ആയിരുന്നു ആദ്യ നിര്‍മ്മാണ സംരംഭം. ആ വര്‍ഷം ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ട്രാഫിക്കിന് ലഭിച്ചു. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഡ്രൈവിങ് ലൈസന്‍സ്, കൂമന്‍, കടുവ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്. അന്യഭാഷ ചിത്രങ്ങളായ പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെജിഎഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷ സൂപ്പര്‍ ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് മാജിക് ഫ്രെയിംസായിരുന്നു.
ലിസ്റ്റിൻ സ്റ്റീഫന്റെ പേരിനൊപ്പം എപ്പോഴും കേൾക്കുന്ന പേരാണ് നടൻ പൃഥ്വിരാജിന്റേത്. സിനിമയുടെ നിർമ്മാണം, വിതരണം എന്നിവ വരുമ്പോൾ ഇരുവരും സഹകരിച്ചാണ് ചെയ്യാറുള്ളത്. അടുത്തിടെ കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫനെ തിരഞ്ഞെടുത്തിരുന്നു.

എതിരില്ലാതെയാണ് ലിസ്റ്റിന്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമാ സംഘടകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ലിസ്റ്റിൻ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.
നിർമ്മാണത്തിന് മാത്രമല്ല അഭിനയിക്കാനും തനിക്ക് നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ പലതും ഒഴിവാക്കി വിട്ടുവെന്നും തന്റെ അഭിനയം കണ്ട് പൃഥ്വിരാജ് കളിയാക്കിയിട്ടുണ്ടെന്നും പറയുകയാണ് ഇപ്പോൾ ലിസ്റ്റിൻ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസ്റ്റിൻ മനസ് തുറന്നത്. അഭിനയിക്കാൻ മോഹമില്ലേ എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
അഭിനയിക്കാൻ അവസരങ്ങൾ നിരവധി വരാറുണ്ടെന്നും എന്നാൽ ഡയലോഗ് പറയേണ്ട സാഹചര്യം വരുമ്പോൾ കോൺഫിഡൻസ് കുറയുന്ന അവസ്ഥയാണെന്നും ലിസ്റ്റിൻ പറയുന്നു. 'ഞാൻ തന്നെ നിർമിച്ച എന്താടാ സജി എന്ന ചിത്രത്തിൽ എനിക്കൊരു വേഷം ഉണ്ടായിരുന്നു. ബൈജു എഴുപുന്ന ചെയ്ത വേഷം ഞാൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അതൊരു നർമ്മ പ്രാധാന്യമുള്ള റോളായിരുന്നു. ഷൂട്ട് ചെയ്യേണ്ട അന്ന് രാവിലെ എണീറ്റപ്പോൾ എനിക്ക് കോൺഫിഡൻസ് പോയി.'
'ഞാൻ അപ്പോൾ തന്നെ ബൈജു ചേട്ടനെ വിളിച്ചു. എനിക്ക് ഒരേയൊരു ഉപകാരം ചെയ്യണം ഞാൻ ചെയ്യുന്ന പടമാണ്. അതിലെന്റെ ഒരു വേഷമുണ്ട്. പക്ഷെ എനിക്കിപ്പോൾ കോൺഫിഡൻസ് കിട്ടുന്നില്ല ചേട്ടനൊന്ന് ചെയ്യുമോയെന്ന് ഞാൻ പുള്ളിയോട് ചോദിച്ചു. എന്ത് ഉപകാരം വേണമെങ്കിലും ചെയ്യാമെന്നാണ് ഞാൻ പുള്ളിയോട് പറഞ്ഞത്.'

'നിവിൻ പോളിയുടെ ബോസ് ആൻഡ് കോ എന്ന ചിത്രത്തിലും ഒരു അച്ഛന്റെ വേഷമുണ്ട്. അത് അവർ ഒത്തിരി നിർബന്ധിച്ചപ്പോൾ ഞാൻ ചെയ്യാമെന്ന് സമ്മതിച്ചതാണ്. പിന്നീട് എന്റെ കോൺഫിഡൻസ് പോയി. അതിപ്പോൾ ഷാജി നടേശനാണ് ചെയ്യുന്നതെന്നും ലിസ്റ്റിൻ വെളിപ്പെടുത്തി. ബ്രദേഴ്സ് ഡെ ഷൂട്ടിനിടെ അഭിനയിക്കാൻ ചെന്ന് പൃഥ്വിരാജ് വഴക്ക് പറഞ്ഞ സാഹചര്യമുണ്ടായിയെന്നും ലിസ്റ്റിൻ പറഞ്ഞു. ബ്രദേഴ്സ് ഡെ എന്ന ചിത്രത്തിൽ ഒരു വേഷമുണ്ട്.'
'ഒരു ഫോട്ടോയെടുക്കുന്ന രംഗമാണ്. ഞാൻ ഫോട്ടോ എടുത്ത് കൊടുക്കുമ്പോൾ കൈകൊണ്ട് നീങ്ങി നിൽക്കാനും ഒപ്പം സ്‌മൈൽ പ്ലീസ് എന്ന് പറയുകയും വേണം. കൈകൊണ്ട് നീങ്ങാൻ പറയാനും ഒപ്പം സംസാരിക്കാനും എനിക്ക് പറ്റില്ലായിരുന്നു. ഞാൻ ടെൻഷൻ ആയിപോയി. അറിയാൻ മേലെങ്കിൽ ഇട്ടിട്ട് പോടോ എന്ന് പെട്ടെന്ന് പൃഥ്വിരാജ് അവിടുന്ന് വിളിച്ച് പറഞ്ഞു.'
'അപ്പോൾ എന്റെ കോൺഫിഡൻസ് മൊത്തം കയ്യീന്ന് പോയി. പിന്നെ ആ ഡയലോഗുകൾ ഒക്കെ പാട്ടുകൾ വെച്ച് അഡ്ജസ്റ്റ് ചെയ്തു. കോൺഫിഡൻസ് ഉണ്ടെങ്കിൽ അതൊക്കെ ചെയ്യാമെന്നും', ലിസ്റ്റിൻ പറയുന്നു. ലിസ്റ്റിൻ വിതരണത്തിന് എത്തിക്കുന്നതും നിർമിക്കുന്നതുമായ സിനിമകളെല്ലാം വൻ വിജയമാണ്. ജനങ്ങളുടെ പൾസ് അറിഞ്ഞ് സിനിമ നിർമിക്കുന്നതിൽ മിടുക്കൻ ലിസ്റ്റിനാണെന്ന കാര്യം പ്രേക്ഷകരും സമ്മതിക്കുന്നുണ്ട്.


Click it and Unblock the Notifications











